2011, ഓഗസ്റ്റ് 8, തിങ്കളാഴ്‌ച

ഗോപാല്‍ ദാസ്‌..

അല്ലാഹു അക്ബര്‍ അലാഹു അക്ബര്‍ ...

ബാങ്ക് വിളി കേട്ട് ദാസ് മയക്കത്തില്‍ നിന്നും ഉണര്‍ന്നു...ജയിലിലെ പള്ളിയില്‍ നിന്നും ഉയരുന്ന സുബഹി ബാങ്ക് ആണ് അവിടെ ദാസിനെ പോലെ ഓരോരുത്തരെയും ഉണര്‍ത്തുന്നത്...!

അപ്പോള്‍ മുതല്‍ ഒരു തടവുകാരന്റെ ദിവസം തുടങ്ങും..മാനസിക ശാരീരിക പീഡനങ്ങളുടെ ഉത്സവം തുടങ്ങും എന്ന് പറയുന്നതാകും കൂടുതല്‍ ശരി...മുസ്ലിം തടവുകാര്‍ വേഗം തന്നെ ശരീര ശുദ്ധി വരുത്തി നമസ്കാരത്തിനായി പള്ളിയിലേക്ക് പോയി ...പച്ച നിറം ഉള്ള യുണിഫോറം ധരിച്ച പട്ടാളക്കാരും പോലീസുകാരും പള്ളിയിലേക്ക് പോകുന്നുണ്ട്  ..ഖോട്ട് ലഘ്പട്ട്  ജയിലില്‍ കഴിഞ്ഞ 27 വര്‍ഷമായി താന്‍ ഉറക്കം ഉണരുമ്പോള്‍ കാണുന്ന പതിവ് കാഴ്ച...!

ദാസ്  ആകെ അക്ഷമനായിരുന്നു...കഴിഞ്ഞ രാത്രി എത്ര ശ്രമിച്ചിട്ടും ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല ..മനസ്സില്‍ മുഴുവന്‍ അവന്‍ പറഞ്ഞ ആ കാര്യം തന്നെ .. ആ മുസാഫിര്‍ തന്നെ കളിപ്പിക്കാന്‍ പറഞ്ഞതാകുമോ..?ദൈവമേ തന്റെ ആഗ്രഹങ്ങള്‍ എല്ലാം മരിച്ചതാണ് ..മനസ്സിന്റെ ശവപ്പറമ്പില്‍ കുഴിച്ചു മൂടിയതാണ് ..അവിടം ആകെ വരണ്ടു വിണ്ടു കീറിയതാണ്..! ഇനിയും വെറുതെ ഒരു മോഹം തരല്ലേ....തന്നെ  കൊതിപ്പിക്കല്ലേ ..!!

മുസാഫിര്‍ ഖാന്‍ ..പച്ച ഉടുപ്പിട്ട കുറെ മൃഗതുല്യരായ ജീവികളുടെ ഇടയില്‍ നിന്നും മനുഷ്യന്‍ എന്ന പദത്തിനു അര്‍ത്ഥം  കണ്ടെത്താന്‍ കഴിയുന്ന ഒരേ ഒരു പാകിസ്ഥാനി...രാത്രി ഡ്യൂട്ടി ചെയ്യുന്ന പല ദിവസങ്ങളിലും മുസാഫിര്‍ തന്റെ അടുത്ത് വരും ...കുടുംബത്തെ  കുറിച്ച് പറയും..കൊച്ചു  മകള്‍ സൈറയുടെ കുസൃതികള്‍  ആവേശത്തോടെ വിവരിക്കും..സുഖ വിവരങ്ങള്‍ അന്വേഷിക്കും , ഇന്ത്യന്‍ ഗാനങ്ങളെ കുറിച്ച് സംസാരിക്കും സിനിമയെ കുറിച്ച് സംസാരിക്കും , താന്‍ പാടുന്ന റഫിയുടെയും , കിഷോര്‍ കുമാറിന്റെയും ഗാനങ്ങള്‍ ആസ്വധിക്കും ..മരുന്നുകള്‍ കൊണ്ട് തരും , അവനു കിട്ടുന്ന ആഹാരത്തിന്റെ ഒരു പങ്ക് തനിക്കു വേണ്ടി കരുതും .വലിക്കുന്ന സിഗരറ്റ് ആരും കാണാതെ അഴികള്‍ക്ക് ഇടയില്‍ കൂടി തരും..മുസാഫിര്‍ പറഞ്ഞാണ്  പുറം ലോക വിവരങ്ങള്‍ എന്തേലും അറിയുന്നത് ഒരര്‍ത്ഥത്തില്‍ 27 വര്‍ഷമായി താന്‍ ആശയവിനിമയം നടത്തുന്ന ഒരേ ഒരു മനുഷ്യ ജീവി ..!!

"താങ്ങള്‍ പാകിസ്താനി തന്നെ ആണോ" എന്ന തന്റെ തമാശ കലര്‍ന്ന ചോദ്യത്തിനു ഞാന്‍ ഒരു യഥാര്‍ത്ഥ ഇസ്ലാം ആണ് എന്ന് അവന്‍ പറഞ്ഞ മറുപടി തന്നില്‍ അത്ഭുതം ഉളവാക്കി....കൂടുതല്‍ അറിഞ്ഞപ്പോള്‍  ആണ്  ..അവന്‍ പറഞ്ഞതിന്റെ യഥാര്‍ത്ഥ പൊരുള്‍. മനസ്സിലായത്‌ ..ശരിയാണ് അവന്‍ ആണ് യഥാര്‍ത്ഥ ഇസ്ലാം...എല്ലാ ജീവജാലങ്ങളും പരമകാരുണ്യവാനായ ദൈവത്തിന്റെ സൃഷ്ടി എന്ന്  വിശ്വസിക്കുന്ന , ഉള്ളവന്‍ ഇല്ലാത്തവന് നിര്‍ബന്ധം ആയും  കൊടുത്തിരിക്കണം  എന്ന തത്വശാസ്ത്രം ലോകത്തിനു മുന്നില്‍ അവതരിപ്പിച്ച , യുദ്ധകുറ്റവാളികള്‍ക്ക്  പോലും മാപ്പ് കൊടുത്തിരുന്ന മഹാനായ പ്രവാചകന്റെ പാത പിന്തുടരുന്ന യഥാര്‍ത്ഥ ഇസ്ലാം..!!.

ഒരേ ഒരു കാര്യത്തിനാണ് അവനും ആയി തനിക്കു അഭിപ്രായ വ്യത്യാസം ഉള്ളത്... ക്രിക്കറ്റ്‌... മുസാഫിര്‍ ശരിക്കും ഒരു ക്രിക്കറ്റ്‌ ഭ്രാന്തന്‍ ആയിരുന്നു..ക്രിക്കറ്റിനെ കുറിച്ച് പറഞ്ഞു തന്നെ ദേഷ്യം പിടിപ്പിക്കാനും അവനു ഇഷ്ടമായിരുന്നു..!

27 വര്‍ഷം മുന്‍പ് ഈ ജയിലില്‍ എത്തുമ്പോള്‍ അവനും തന്റെ അതെ പ്രായമായിരുന്നു ..വെളുത്തു കൊലുന്നനെ ഒരു യുവാവ്.. താടി വച്ച അഴകുള്ള മുഖം ..അവന്റെ മുഖത്തിന്റെ പ്രകാശം, ആ  ശാന്തമായ ചിരി അത് കണ്ടാണ്‌ അവനെ ശ്രദ്ധിച്ചു തുടങ്ങിയത്..ഇന്നവന് 52 വയസ്സ്..മക്കളും കൊച്ചുമക്കളും ആയി..അവനെ കാണുമ്പോള്‍ ആണ് തന്റെ പ്രായവും ഇപ്പോള്‍ ഇത്രയും ആയിട്ടുണ്ടാകും എന്ന് മനസ്സിലാക്കുന്നത്..എന്തായിരുന്നു താന്‍ ചെയ്ത തെറ്റ്.? എന്തിനാണ് തന്റെ ജീവിതത്തിലെ 27 വര്‍ഷം  ഇവര്‍ കവര്‍ന്നെടുത്തത്..?

ഇന്ത്യ പാകിസ്താന്‍ അതിര്‍ത്തിയില്‍ ആയിരുന്നു ദാസ് എന്നാ ഗോപാല്‍ ദാസിന്റെ വീട്..തരിശു ഭൂമി ആയി കുറെ സ്ഥലവും..പഠനം കഴിഞ്ഞു ഒരു ജോലിക്ക് വേണ്ടി കാത്തിരിക്കുന്ന നാളുകളില്‍ തന്റെ സമയം ചിലവഴിച്ചിരുന്നത്‌ അടുത്തുള്ള ഒരു പാറക്കൂട്ടത്തില്‍ പോയിരുന്നിട്ടായിരുന്നു..അവിടെ ഇരുന്നു കഥകള്‍ എഴുതും കവിതകള്‍ എഴുതും..കയ്യില്‍ എപ്പോളും കരുതുന്ന ബാറ്ററി ഉപയോഗിക്കുന്ന ട്രാന്‍സിസ്റ്റര്‍ റേഡിയോ വച്ച് ഗാനങ്ങള്‍ ആസ്വദിക്കും..വെറുതെ അവിടുത്തെ പാറകളില്‍ എന്തേലും കൊത്തി വക്കും..ഇതിനെല്ലാം ഉപരി തലയില്‍ ഒരു കുടം വെള്ളം ആയി പോകുന്ന ലയയുടെ ചിരി കാണും..അവളോട്‌ കണ്ണുകള്‍ കൊണ്ട് കഥകള്‍ പറയും..അതിര്‍ത്തിക്കപ്പുറം പട്ടം പറത്തിയും ആടിനെ മേച്ചും കളിക്കുന പാകിസ്ഥാനി കുട്ടി സുനെന മോളോട് കുശലം ചോദിക്കും..അവളുടെ ചേട്ടന്‍ ആലിജാഹ് ഖാന്റെ താല്‍പ്പര്യം ഇല്ലാത്ത നോട്ടവും എതിര്‍പ്പും അവഗണിച്ചും അവള്‍ തന്നോട് കൊഞ്ചും..കൈകള്‍  കൊണ്ട് എന്തെങ്കിലും ഒക്കെ  കാണിക്കും..ദാസിന്റെ ആ ദിവസങ്ങളില്‍ അവളും ഒരു പ്രധാനി ആയിരുന്നു..ചില ദിവസം അവളെ കണ്ടില്ലെങ്കില്‍ തന്റെ മനസ് വേദനിക്കുന്നതും അവന്‍ തിരിച്ചറിഞ്ഞിരുന്നു...!

കുറച്ചകലെ കുറെ കുട്ടികള്‍ ക്രിക്കറ്റ്‌ കളിക്കാറുണ്ട്..ദാസിനു എന്ത് കൊണ്ടോ ഈ കളിയോട് അത്ര താല്‍പ്പര്യം ഉണ്ടായിരുന്നില്ല പോയ വര്‍ഷം ആദ്യമായി രാജ്യത്തിന്‌ ലോക കപ്പു കിട്ടിയതിനു ശേഷം ആ കളി ഒരു ജ്വരം പോലെ ആണ്..വെള്ളക്കാര്‍ക്കു സമയം കൊല്ലാന്‍ വേണ്ടി , അവര്‍ക്ക് വെയില്‍ കായാന്‍ വേണ്ടി ഉണ്ടാക്കി എടുത്ത ഒരു കളി..അത് കാണുമ്പോള്‍ ഒന്നും ദാസിനു മനസ്സിലായിരുന്നില്ല..ഒരു കുഞ്ഞു ബോള്‍ കുറെ കിറുക്കന്‍മാര്‍ അതിന്റെ പുറകെ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു..വെറുതെ മനുഷ്യന്റെ വിലപ്പെട്ട സമയം നശിപ്പിക്കാന്‍...!

അന്ന് ആ ദിവസം..തന്റെ ജീവിതം തന്നെ മാറിമറിയും എന്ന് അറിയാതെ..പാറപ്പുറത്ത്  പാട്ട് കേട്ട് ഇരിക്കുകയായിരുന്നു ദാസ് ..ദൂരെ സുനെന മോള്‍ടെ ചിരി കേള്‍ക്കുന്നുണ്ട്..അവളുടെ പുതിയ വേഷം തന്നെ കാണിച്ചു ചിരിക്കുകയായിരുന്നു..ഒരു കയ്യില്‍  പിടിച്ചിരിക്കുന്ന പട്ടം അങ്ങോട്ടും ഇങ്ങോട്ടും കുത്തി പറക്കുന്നു..ഓടി കളിക്കുകയായിരുന്നു  അവള്‍..അത് കണ്ടിരുന്ന ദാസിനു പെട്ടെന് എന്തോ വല്ലായ്ക തോന്നി.വെള്ളം കിട്ടുമോ എന്ന് അറിയാന്‍ ആ ഭാഗങ്ങളില്‍ പല ഇടങ്ങളില്‍ കിണറിനു വേണ്ടി ആഴമുള്ള കുഴികള്‍  കുഴികുന്നത് താന്‍ കണ്ടിട്ടുണ്ട്..അവള്‍ ആ ഭാഗത്തേക്ക് ആണല്ലോ ദൈവമേ. ഓടുന്നത്..!!..എന്നും ഉണ്ടാകാറുള്ള ആലിജാഹ് ഇന്ന് കൂടെ ഇല്ലല്ലോ...!

ദാസ്‌ അവിടെ നിന്നും വേഗം എണീറ്റ്‌ അവളെ വിളിച്ചു നോക്കി "സുനെനാ" .ഉല്ലസിച്ചു കളിക്കുകയായിരുന്ന അവള്‍  ആ വിളി ശ്രദ്ധിച്ചില്ല...പെട്ടെന്നാണ് അവന്‍ പേടിച്ചത് പോലെ തന്നെ ആ കുഴികളില്‍ ഒന്നിലേക്ക് അവള്‍ തെന്നി വീണത്‌...ദാസ് നിലവിളിച്ചു കൊണ്ട് അങ്ങോട്ട്‌ ഓടി പക്ഷെ അവിടെ മുള്ള് വേലി കൊണ്ട് തിരിച്ചിരിക്കുന്ന ആ രാജ്യ അതിര്‍ത്തി അവനെ തടഞ്ഞു നിര്‍ത്തി ...മുഴു ഭ്രാന്തനെ പോലെ അവന്‍ അവിടെ കിടന്നു വിളിച്ചു നോക്കി പരിസരത്ത് ആരും തന്നെ ഇല്ല....കൂടുതല്‍ ഒന്നും ചിന്തിച്ചില്ല ആ പൊന്നോമന മകളുടെ മുഖം മാത്രം , ആ ചിരി മാത്രം ..തന്റെ ശരീരം മുള്ള്  വേലി കൊണ്ട് മുറിയുന്നതൊന്നും ദാസ്‌ അറിഞ്ഞില്ല ..ചോര ഒലിക്കുന്ന ശരീരവും ആയി ആ വേലി ചാടി അങ്ങോട്ടേയ്ക്ക്  അവന്‍ പാഞ്ഞു...!!

കുഴിയുടെ അരികില്‍ ഇരുന്നു കൊണ്ട് ഉള്ളിലേക്ക് നോക്കി ഉച്ചത്തില്‍ അവന്‍ വിളിച്ചു സുനെനാ..കുട്ടിയുടെ പതിഞ്ഞ കരച്ചില്‍ കേള്‍ക്കുന്നുണ്ട് ഭാഗ്യം ആ കുഴി കുഴിച്ചവര്‍ ഉപേക്ഷിച്ചു പോയ ഒരു കയര്‍ അടുത്ത മരത്തില്‍ കെട്ടിയിട്ടുണ്ട് അതില്‍ തൂങ്ങി അവന്‍ താഴേക്കു ഇറങ്ങി സര്‍വശക്തിയും എടുത്തു അവളെയും എടുത്തു വേഗം തന്നെ മുകളിലേക്ക് എത്തി..തന്റെ ശരീരം തളരുന്നത് പോലെ തോന്നിയെങ്കിലും ഒരുവിധം വലിഞ്ഞു അവന്‍  മുകളില്‍ എത്തി .കുട്ടി ആകെ പേടിച്ചിരുന്നു..വിമ്മി വിമ്മി കരഞ്ഞു കൊണ്ടിരുന്നു.. ബോധം പകുതിയേ ഉണ്ടായിരുന്നുള്ളൂ...കണ്ണുകള്‍ മുകളിലേക്ക് മലര്‍ന്നു പോകുന്നു..ആ കുഞ്ഞു ശരീരം അവിടവിടെ മുറിഞ്ഞു രക്തം വാര്‍ന്നു പോകുന്നുണ്ടായിരുന്നു...!

എന്ത് ചെയ്യണം എന്ന് അറിയാതെ ദാസ് ഒന്ന് പകച്ചു..കുറച്ചു വെള്ളം കിട്ടുമോ എന്നറിയാന്‍ അവന്‍ അവിടൊക്കെ നോക്കി  കുറച്ചു ദൂരെ ഒരു കിണര്‍ കാണുന്നുണ്ട്..അവളെ അവിടെ തന്നെ കിടത്തി .കിണറിനു അടുത്തേക്ക് ഓടിയ അവന്‍ ഒരു തൊട്ടി വെള്ളം കോരി തിരിഞ്ഞപ്പോള്‍ കണ്ടത് ചുറ്റും തോക്ക് ചൂണ്ടി  തന്നെ വളഞ്ഞു നില്‍ക്കുന്ന ഒരു കൂട്ടം പാക്കിസ്താന്‍ പട്ടാളക്കാരെ ആയിരുന്നു...!

കോടതികള്‍ , കേസുകള്‍ , വാദങ്ങള്‍ , പക്ഷെ തന്റെ ഭാഗം കേള്‍ക്കാന്‍ ആരും ഉണ്ടായിരുന്നില്ല...അവസാനം വിധി വന്നു..ഇന്ത്യയുടെ ചാരന്‍ ആയി പ്രവര്‍ത്തിച്ച തന്നെ..അതിര്‍ത്തി കടന്നു ചാര പ്രവര്‍ത്തനം നടത്തിയതിനു ജീവപര്യന്തം തടവ്‌ ശിക്ഷ...മരിക്കുന്നത് വരെ ജയിലിനുള്ളില്‍..പൊട്ടിക്കരഞ്ഞു പോയി..തന്റെ അമ്മ , അച്ഛന്‍ ജേഷ്ഠന്‍ , സഹോദരി , ഇവരൊക്കെ എവിടെയാണ്..അവര് അറിഞ്ഞു കാണുമോ തനിക്കു ഇങ്ങനെ സംഭവിച്ചത്..സുനെന മോളെ അവിടുന്ന് ആരേലും എടുത്തു വീട്ടില്‍ എത്തിച്ചു കാണുമോ..?

അഴികളില്‍ ലാത്തി കൊണ്ട് അടിക്കുന്ന ശബ്ദം കേട്ടാണ് ഓര്‍മകളില്‍ നിന്നും ദാസ് ഞെട്ടി ഉണര്‍ന്നത്..കറുത്ത വലിയ പുരികങ്ങള്‍ ഉള്ള ഒരു പോലീസുകാരന്‍ തെറി വാക്കുകള്‍ ആവോളം വാരി വിതറുന്നു..അവന്റെ മുന്നില്‍ താന്‍ ഒരു മനുഷ്യനെ അല്ല ഒരു ഇന്ത്യന്‍ മാത്രം ആണ്..പക്ഷെ താന്‍ ഒരു ഇന്ത്യക്കാരന്‍ ആണെന്ന്  27 വര്‍ഷമായി തന്റെ രാജ്യം ചിന്തിക്കുന്നുണ്ടോ..അറിയില്ല..അവിടുന്ന് ഒരാളും തന്നെ അന്വേഷിച്ചതായും..അറിയില്ല.. മുസാഫിര്‍ വരാന്‍ പതിനൊന്നു മണിയാകും..രാവിലെ തന്നെ ഉള്ള ജോലികളിലേക്ക് കടക്കാം..സമയം തീരെ നീങ്ങുന്നില്ലലോ ദൈവമേ...!

കരിങ്കല്ലുകള്‍ പൊട്ടിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്റെ പേര് വിളിക്കുന്നത്‌ കേട്ട് ആകാംഷയോടെ അവന്‍ അങ്ങോട്ടേക്ക് നോക്കി..മുസാഫിര്‍ ഓടി വരുന്നുണ്ട്..വളരെ സന്തോഷത്തോടെ  ആണ് ആ വരവ്..അടുത്തെത്തിയതും പരിസരം മറന്നു അവന്‍ ദാസിനെ കെട്ടി പിടിച്ചു...!

"ഞാന്‍ പറഞ്ഞില്ലേ അത് നടക്കും എന്ന് അത് നടന്നു ദാസ്...നിന്നെ മോചിപ്പിക്കാന്‍ പ്രസിഡന്റ്‌ തീരുമാനിച്ചു..ക്രിക്കറ്റ്‌ വേള്‍ഡ് കപ്പ്‌ സെമി ഫൈനല്‍ കളി കാണാന്‍ ക്ഷണിച്ച താങ്കളുടെ രാജ്യത്തിന്‌ ഒരു ഉപഹാരം എന്ന പോലെ നിന്റെ ശിക്ഷ ഇളവു ചെയ്യാന്‍ എടുത്ത തീരുമാനം പ്രസിഡന്റ്‌ അംഗീകരിച്ചു....പലപ്പോഴും ഞാന്‍ നിന്നോട് പറഞ്ഞിട്ടില്ലേ ..ക്രിക്കറ്റിനെ സ്നേഹിക്കാന്‍....ഉടനെ തന്നെ നിനക്ക് നിന്റെ മണ്ണിലേക്ക് യാത്ര തിരിക്കാം"..മുസാഫിര്‍നു തന്റെ സന്തോഷം എങ്ങനെ ഒതുക്കണം എന്ന് അറിയില്ലായിരുന്നു..!

അവന്‍ പറഞ്ഞത് മുഴുവനായി ദാസ്‌ കേട്ടില്ല ..ചെവിയില്‍ മുഴങ്ങി കേട്ടിരുന്ന  ജന്മനാടിന്റെ , പ്രിയപ്പെട്ടവരുടെ വിളി അവന്റെ കേള്‍വിയെ തടഞ്ഞു ..കണ്ണുകളില്‍ നിന്നും കുതിച്ചു ചാടുന്ന കണ്ണുനീര്‍ അവന്റെ കാഴ്ചകളെയും മറച്ചു..ഒരു കൊച്ചു കുഞ്ഞിനെ പോലെ അവന്‍.എങ്ങി എങ്ങി കരഞ്ഞു.. ദൈവമേ താന്‍ തന്റെ  പ്രിയപ്പെട്ട നാട്ടിലേക്ക് തിരിച്ചു പോകന്നു.. .തന്റെ വീട്ടുകാര്‍..കൂട്ടുകാര്‍...പ്രിയപ്പെട്ടവര്‍.. അവരെ വീണ്ടും കാണാന്‍ കഴിയുമോ..?

പൊട്ടിക്കരയുന്ന ദാസിനെ തന്നിലേക്ക് അണച്ച് പിടിച്ചു അയാളെ ആശ്വസിപ്പിക്കാനായി മുസാഫിര്‍ വെറുതെ ഒരു ശ്രമം നടത്തി..മനസ്സില്‍ നിറഞ്ഞു തുളുമ്പുന്ന സന്തോഷത്തിനിടയിലും ആ മനുഷ്യന്റെ ഉള്ളില്‍ ആഴത്തില്‍ ഒരു വേദന തോന്നി...!

രാജ്യഅതിര്‍ത്തികള്‍ക്കോ മനുഷ്യ കല്‍പ്പിതനിയമങ്ങള്‍ക്കോ മനസ്സിലാകാത്ത ഹൃദയങ്ങളുടെ സൗഹൃദം പിരിയുന്ന വേദന...!!