2011, നവംബർ 25, വെള്ളിയാഴ്‌ച

ഫ്ലാറ്റ് നമ്പര്‍ 666 ഹൌറ                            കല്‍ക്കട്ട ..! അറിയുന്ന  പ്രായം മുതല്‍ എന്റെ ചിന്തകളെയും സ്വപ്നങ്ങളെയും ഒരുപോലെ ത്രസിപ്പിച്ച ,കൊതിപ്പിച്ച മഹാനഗരം .ഞാന്‍ ആഗ്രഹിച്ചതും ഈ നഗരത്തില്‍ ഒരു ജോലിയും ജീവിതവും തന്നെയാണ്...! പോസ്റ്റിങ്ങ്‌ ഓര്‍ഡര്‍ കയില്‍ കിട്ടിയപ്പോള്‍ ആദ്യം നോക്കിയത് കല്‍ക്കട്ടയില്‍ തന്നെയാണോ എന്നതാണ് . എം .ബി .എ കഴിഞ്ഞു ഐ സി ഐ സി ഐ പോലെ ഒരു മള്‍ട്ടി നാഷണല്‍ ഭീമന് എന്റെ ബുദ്ധിയും യത്നവും തീറെഴുതി നല്‍കാന്‍ തീരുമാനിച്ചു ജോബ്‌ ഫോം ഫില്‍ ചെയ്തു കൊടുക്കുമ്പോള്‍ അറിയാതെ തന്നെ താല്‍പ്പര്യമുള്ള സിറ്റി എന്ന സ്ഥലത്ത് പൂരിപ്പിച്ചത് കല്‍ക്കട്ട എന്നായിരുന്നു . ഒരു പക്ഷെ ഉള്ളിന്റെ ഉള്ളിലെങ്കിലും ഞാന്‍ ചെയ്തു പോരുന്നു എന്ന് കരുതുന്ന തെറ്റുകള്‍ക്ക് ഒരു ചെറിയ പരിഹാരം കൂടിയാകാം അങ്ങനെ ചെയ്യാന്‍ മനസ്സിനെ പ്രേരിപ്പിച്ച ഘടകം ..! മുതലാളിത്വവും ബൂര്‍ഷ്വാകളും തൊഴിലാളികളെ പിഴിഞ്ഞെടുക്കുന്നതിനെതിരെ പ്രസംഗിച്ചു നടന്നതും ഇപ്പോള്‍ അതേ മുതലാളിത്വത്തിന്റെ മുന്നില്‍ ഇരന്നു വാങ്ങിയ ജോലിയും തമ്മിലുള്ള വൈരുദ്ധ്യാത്മക തത്വശാസ്ത്രം അങ്ങീകരിക്കേണ്ട സ്ഥിതി ..!!! അപ്പോഴും എന്റെ ഉള്ളിന്റെ ഉള്ളില്‍ കെടാതെ ജ്വലിക്കുന്ന ഇടതുപക്ഷ വര്‍ഗ്ഗ തീജ്വാലകള്‍ അണയ്ക്കാന്‍ കഴിയുന്നതല്ല എന്നുള്ള ഉത്തമ ബോധ്യം , അതില്‍ ഉരുത്തിരിഞ്ഞ കുറ്റബോധം ,അതൊക്കെ തന്നെയാകും കേട്ടും പഠിച്ചും പ്രണയിച്ച ബംഗാളിന്റെ കല്‍ക്കട്ടയ്ക്ക് തന്നെ ആകട്ടെ എന്റെ സേവനം എന്ന് കരുതിയതും !!
 

ഹൂഗ്ലി നദിയുടെ പടിഞ്ഞാറായി പരന്നു കിടക്കുന്ന കൊല്‍ക്കട്ട സിറ്റിയുടെ ട്വിന്‍ സിറ്റി  എന്ന് അറിയപ്പെടുന്ന ഹൌറ..! ഡിസംബറിലെ ഈ തണുപ്പിലും അതിരാവിലെ ഉണര്‍ന്നു സൂര്യ പ്രകാശത്തില്‍ തിളങ്ങി നില്‍ക്കുന്ന ഹൌറ പാലം കാണാന്‍ ഒരു പ്രതെയ്ക സൌന്ദര്യം തന്നെയാണ്.. ഹൂഗ്ലി നദിയില്‍ കൂടി വള്ളം ഉന്തി പോകുന്ന വള്ളക്കാരും അവര്‍ പാടുന്ന ചില ബെങ്കാളി പാട്ടുകളുമൊക്കെ സിനിമകളിലും മറ്റും കാണുന്ന അതിശയോക്തി കലര്‍ന്ന കാഴ്ചകള്‍ അല്ലന്നും അത് ഹൌറയുടെ ജീവിതത്തിലെ ഒരു ഭാഗം തന്നെയാണ് എന്നുള്ളത് അവിടെ എത്തിയപ്പോളാണ് എനിക്ക് മനസ്സിലായതും !

രണ്ടു ബെഡ്റൂം ഫ്ലാറ്റ് , വിശാലമായ ബാല്‍ക്കണി , ലിഫ്റ്റ്‌ ഉള്‍പ്പടെ എല്ലാ സൌകര്യങ്ങളും ഫുള്‍ ഫര്‍ണിഷ്ഡും ..സിറ്റിയില്‍ നിന്നും കുറച്ചു മാറിയത് കൊണ്ടാകും സാധാരണ ഒരു ബെഡ് റൂമിന് കൊടുക്കുന്ന വാടകകാശ് പോലും ഉടമ ആവശ്യപ്പെട്ടില്ല..മാത്രമല്ല അഡ്വാന്‍സ്‌ വേണ്ട എന്നും പറഞ്ഞപ്പോള്‍ കല്‍ക്കട്ടക്കാരുടെ സ്നേഹത്തെ കുറിച്ചുള്ള എന്റെ മതിപ്പ് കൂടിയതെ ഉള്ളു..

ആറാം നിലയിലെ 666 നമ്പര്‍ ഫ്ലാറ്റിന്റെ താക്കോല്‍ കൈപ്പറ്റി നൂറു രൂപ വാച്ച്മാന് കയില്‍ വച്ച് കൊടുമ്പോള്‍ അയാള്‍ടെ കണ്ണുകളില്‍ കണ്ടത് നന്ദി നിറഞ്ഞ സന്തോഷമോ ഭീതി കലര്‍ന്ന നിര്‍വികാരതയോ എന്നെനിക്കു പെട്ടെന്ന് മനസ്സിലാക്കി എടുക്കാന്‍ കഴിഞ്ഞില്ല..! ഈട്ടിത്തടിയില്‍ ചെയ്ത വീട്ടുസാധനങ്ങളൊക്കെ  കുറച്ചു പഴക്കം ചെന്നവയായിരുന്നെങ്കിലും ഉറപ്പുള്ളതും അധികം ഉപയോഗിചിട്ടില്ലാത്തവയും ആയിരുന്നു..! ഉള്ള രണ്ടു മുറികളില്‍ ബാത്രൂം അറ്റാച്ച് ആയ മുറി എന്റെ കിടക്ക മുറിയായി തിരഞ്ഞെടുത്തു കുറച്ചു കൂടി വായുസഞ്ചാരമുള്ള അടുത്ത മുറി എന്റെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ക്കും യോഗ ചെയ്യുന്നതിനും ക്രമീകരിച്ചു..അവിടുള്ള ജന്നല്‍ തുറന്നാല്‍ വരുന്ന ഇളംകാറ്റ് ആ ദിവസത്തെ മുഴുവന്‍ ഊര്‍ജ്ജവും ശരീരത്തിലും മനസ്സിലും നിറക്കുന്നതായിരുന്നു.! 

പതിവ് പുസ്തക വായനയില്‍ നിന്നും ഉറക്കത്തിലേക്ക് വീഴുമ്പോഴാണ് ആ കുഞ്ഞിപ്പൂച്ചയുടെ  കരച്ചില്‍ പിന്നെയും കേട്ടത് ..രണ്ടു ദിവസമായി ഈ ശബ്ദം കേള്‍ക്കുന്നുണ്ട് ..വീട് മുഴുവന്‍ തിരഞ്ഞിട്ടും അതെവിടെ ആണെന്ന് കണ്ടെടുക്കാന്‍ കഴിഞ്ഞില്ലലോ ..? രണ്ടു ദിവസം മുതലാണോ ? അല്ല ഞാന്‍ ഈ വീടിലേക്ക്‌ താമസം മാറിയത് മുതല്‍ ഉണ്ട് ഈ കരച്ചില്‍ ..അടുത്ത ഫ്ലാറ്റില്‍ എങ്ങാനും ആകുമെന്ന് കരുതി ആദ്യമൊന്നും അത്ര ശ്രദ്ധിച്ചില്ല..പക്ഷെ അതല്ല ആ കരച്ചില്‍ വരുന്നത് അടുത്ത മുറിയില്‍ നിന്ന് തനെയാണ്‌..! ഇനിയിപ്പോള്‍ ഏതായാലും നോക്കാന്‍ വയ്യ രാവിലെ നോക്കാം !


പകലുള്ള വ്യായാമവും യോഗയും കഴിഞ്ഞ ശേഷം ഞാന്‍ തിരച്ചില്‍ തുടര്‍ന്നു..ഇന്നേതായാലും ഇത് കണ്ടു പിടിക്കണം ..പൂച്ചക്കുട്ടികളെ എനിക്ക് ഒരുപാട് ഇഷ്ടമാണ് ...ഈ മുറിയില്‍ നിന്നും തന്നെ ആണ് ആ കരച്ചില്‍ അത് മാത്രമല്ല പൂച്ച മൂത്രത്തിന്റെ ദുര്‍ഗന്ധവും ഉണ്ട്. അലമാരകള്‍ തുറന്നു തുണികള്‍ ഒക്കെ പുറത്തേക്കു ഇട്ടു തിരഞ്ഞു ഒന്നും കണ്ടില്ല കട്ടിലിനടിയിലൊക്കെ പരതി നോക്കി ഇല്ല എവിടെയുമില്ല .! ഇനി വെറും തോന്നലാകുമോ ?ചിലപ്പോള്‍ ഫ്ലാറ്റിനു പുറത്താകും !! വാച്ച്മാനോട് ചോദിക്കാം എന്ന് കരുതിയാല്‍ ആ മനുഷ്യന് ബെങ്കാളി അല്ലാതെ ഒരു ഭാഷയും അറിയില്ല മാത്രമല്ല എന്നെ കാണുമ്പോള്‍ അയാള്‍ ഒഴിഞ്ഞു മാറി നടക്കാറും  ഉണ്ട്..ഭാഷയുടെ ഈ പ്രശ്നം കാരണമാകും ! തിരച്ചില്‍ മതിയാക്കി പതിവ് ഉണര്‍വോടെ ഞാന്‍ ഓഫീസിലേക്ക് പോകാനായി ട്രാം കാത്തു നിന്നു.. ഇവിടുത്തെ.പൊതുഗതാഗതത്തിനു ഏവരും ആശ്രയിക്കുന്നത് കുഞ്ഞു ട്രെയിന്‍ പോലെ റോഡിലെ ചെറിയ പാളങ്ങളില്‍ കൂടി സഞ്ചരിക്കുന്ന ട്രാം എന്ന വാഹനത്തെ തന്നെയാണ്..!

കാന്റീനിലെ കോഫി ബാറില്‍ തുര്‍കിഷ് കോഫീ രുചിച്ചു കൊണ്ടിരുന്നപ്പോള്‍ വീണ്ടും ആ പൂച്ചക്കുട്ടിയുടെ കരച്ചില്‍ എന്റെ ഓര്‍മകളിലേയ്ക്ക് വന്നു ..! അതോടൊപ്പം മറ്റു ചില കാര്യങ്ങളും ! ..സാധാരണ രാവിലെ ആ മുറിയിലേക്ക് കയറുമ്പോള്‍ ഫാന്‍ കറങ്ങുന്നതും കട്ടിലിന്റെ കിടക്ക ഉലഞ്ഞു കിടക്കുന്നതും പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട് !! ഇത് മാത്രമല്ല ഇനിയും വേറെ ചില കാര്യങ്ങള്‍ കൂടി ആ ഫ്ലാറ്റില്‍ സംഭവിക്കുന്നുണ്ട് ..!..വളരെ പെട്ടെന്നാണ്. എന്റെ  ചിന്തകള്‍ ഒന്നിന് പുറകെ ഒന്നായി ചുരുളഴിഞ്ഞു തുടങ്ങിയത് ..പലപ്പോഴും  ഞാന്‍ വായിച്ച ശേഷം വാരി വിതറി ഇട്ടിരിക്കുന്ന പുസ്തകങ്ങള്‍ അടുത്ത ദിവസം ഷെല്‍ഫില്‍ ഇരിക്കുന്നതും ഊരി എറിയുന്ന ഷൂ തിരികെ അതിന്റെ റാക്കില്‍ തന്നെ ഇരിക്കുന്നതും കണ്ടിട്ടുണ്ട് ..!! ഒരിക്കലും ശീലിച്ചിട്ടില്ലാത്ത അടുക്കും ചിട്ടയും ഞാന്‍ ശീലിച്ചു തുടങ്ങിയോ എന്നൊക്കെ അപ്പോള്‍ സംശയിച്ചിരുന്നു..! പക്ഷെ അതല്ല ഞാന്‍ തന്നെയാണോ ഇത് ചെയ്യുന്നത് ? അല്ല അത് ഞാന്‍ അല്ല ഉറപ്പാണ്..എങ്ങനെ ആയാലും ഇത്തരം ശീലങ്ങള്‍ എനിക്ക് ഉണ്ടാകാന്‍ സാധ്യത ഇല്ല അത് നൂറു വട്ടം ഉറപ്പാണ് ..! അപ്പോള്‍ അതെങ്ങനെ സാധിക്കുന്നു ? ഇനി ആ വാച്ച്മാന്‍ ? ഛെ അല്ല അയാള്‍ ആറാം നിലയില്‍ വരുന്നത് പോലും ഞാന്‍ കണ്ടിട്ടില്ല മാത്രമല്ല അയാളുടെ കയ്യില്‍ താക്കോലും ഇല്ല ..പുതിയ പൂട്ടിന്റെ താക്കോല്‍ എന്റെ കയ്യില്‍ മാത്രമാണുള്ളത് ..പിന്നെ എങ്ങനെ?

അന്ന് രാത്രി അടുത്ത മുറിയിലെ കിടക്കവിരി ശരിയായി പിടിച്ചിട്ടു ഫാന്‍ ഓഫ്‌ ആണെന്ന് ഉറപ്പു വരുത്തി ഉറങ്ങാന്‍ കിടന്നപ്പോള്‍ ഞാന്‍ അപ്പുറത്തെ മുറിയിലേക്ക് ചെവിയോര്‍ത്തു ! എന്താണ് ഇവിടെ സംഭവിക്കുന്നത്‌ എന്ന് അറിയണമല്ലോ  !! 

അതാ വീണ്ടും അതേ കരച്ചില്‍ ആ പൂച്ചക്കുട്ടിയുടെ കരച്ചില്‍ ഒപ്പം തന്നെ ആ മുറിയിലെ ഫാന്‍ കറങ്ങി തുടങ്ങുന്ന കര കര ശബ്ദവും ! നാസ്തിക ചിന്തയും ഭൌതിക ജീവിതവും മാത്രം വിശ്വസിച്ചു വളര്‍ന്ന എന്റെ മനസ്സില്‍ എവിടെ നിന്നോ ഉരുണ്ടു കൂടിയ ഭയം ഉറക്കത്തിനെ എന്നില്‍ നിന്നും തട്ടി അകറ്റി  !! പകല്‍വെളിച്ചം വീഴുമ്പോഴും ഉറക്കം വരാത്ത കണ്ണുകളുമായി കിടന്ന ഞാന്‍ എണീറ്റ്‌ കിടുങ്ങുന്ന ഹൃദയവുമായി പതുക്കെ ആ മുറിയിലേക്ക് പോയി ..!! അതെ ഫാന്‍ കറങ്ങുന്നുണ്ട് ..ആരോ കിടന്നത് പോലെ ആ കിടക്ക ചുളിഞ്ഞു കിടപ്പുണ്ട്..!!


"അതെ ഞാന്‍ കൂടാതെ ആരോ കൂടി ഈ ഫ്ലാറ്റില്‍ ഉണ്ട് ...ഈ മുറിയില്‍ ഉണ്ട്"  !! പരിഭ്രമത്തോടെ എന്നില്‍ നിന്നും ഉയര്‍ന്ന ഈ വാക്കുകളോടൊപ്പം എന്റെ ശരീരവും വിറയ്ക്കുകയായിരുന്നു !!

വിശ്വസിക്കാന്‍ കഴിയാത്തതായിരുന്നു പിന്നീടങ്ങോട്ടുള്ള നാളുകള്‍ !!! ഓഫീസില്‍ നിന്നും വന്ന ശേഷം ഫ്രഷ്‌ ആയി ടി. വി കണ്ടിരിക്കുമ്പോള്‍ എനിക്ക് വേണ്ടി  അടുക്കളയില്‍ കാപ്പി തിളയ്ക്കുന്നുണ്ടാകും !! ഇട്ടുമാറുന്ന തുണികള്‍ ഒന്നൊഴിയാതെ വാഷിംഗ്‌ മഷീനില്‍ കഴുകി ഉണങ്ങി കിടപ്പുണ്ടാകും !! കുളിച്ചു കഴിഞ്ഞു തല തുവര്‍ത്താന്‍ ഉണങ്ങിയ ടവല്‍ വേണം നിര്‍ബന്ധമുള്ള എനിക്ക് അങ്ങനെ തന്നെ ഉണങ്ങിയ ഒരെണ്ണം അവിടെ ഉണ്ടാകും !! ഓഫീസിലേക്ക് ഇറങ്ങാന്‍ നേരം അലക്കി തേച്ചു വൃത്തിയാക്കിയ പാന്റും ഷര്‍ട്ടും അതും ഞാന്‍ അന്നന്ന് എന്തിടാന്‍ നിശ്ചയിക്കുന്നോ അത് തന്നെ റെഡി ആയി കട്ടിലിന്റെ പുറത്ത് ഉണ്ടാകും  !! ദൈനംദിന ജീവിതത്തിലെ എന്റെ ഓരോ കൊച്ചു കൊച്ചു ആവശ്യങ്ങളും ഞാന്‍ അറിയാതെ തന്നെ ഞാന്‍ ചെയ്യാതെ തന്നെ എല്ലാം എനിക്ക് വേണ്ടി ആരോ ചെയ്യുന്നു...!! അതിശയം എന്ന് പറഞ്ഞു നിര്‍ത്തുന്നില്ല അത്യാതിശയം എന്നാ വാക്കുണ്ടെങ്കില്‍ ഞാന്‍ അതാകും ഇത് സൂചിപ്പികുമ്പോള്‍ ഉപയോഗിക്കുക ...!! ആദ്യമാദ്യം ഭയമായിരുന്നു മനസ്സില്‍ എങ്കിലും പിന്നെ എനിക്ക് ഇതൊരു സന്തോഷമായിരുന്നു..ഒന്നുമില്ലെങ്കിലും ഒറ്റപ്പെട്ട ഈ ജീവിതത്തില്‍ എനിക്ക് വേണ്ടി എല്ലാം ചെയ്യുന്ന ആരോ ഒരാള്‍ !! ആരാകും അത് ? ചില യക്ഷിക്കഥകളില്‍ ഇത്തരം അനുഭവങ്ങള്‍ വായിക്കുമ്പോള്‍ മനസ്സില്‍ പുച്ഛം കലര്‍ന്ന ഒരു ചിരി മാത്രമേ എനിക്ക് തോന്നിയിരുന്നുള്ളൂ ...പക്ഷെ ഇത് ..ഇത് എന്റെ ജീവിതത്തിലും സംഭവിച്ചിരിക്കുന്നു ...തോന്നല്‍ എന്ന് കരുതി എനിക്ക് തള്ളിക്കളയാന്‍ ആകില്ല അത്രയ്ക്കും ആഴമേറിയ പല അനുഭവങ്ങള്‍ !!!

*                       *                            *                            *                       *              
                                   
നിറഞ്ഞ ആകാംഷയോടെ ഡോക്ടര്‍ സത്യനാഥ് തന്ന കോഫീ വാങ്ങി മൊത്തിക്കുടിച്ചു കുടിച്ചു കൊണ്ട് നര കയറി തുടങ്ങിയ ബുള്‍ഗാന്‍ തടവി ഇരിക്കുന്ന അദ്ധേഹത്തിന്റെ മുഖത്തേക്ക് തന്നെ ഞാന്‍ നോക്കിയിരുന്നു..! എന്താകും എന്റെ മനസ്സില്‍ നിന്നും ഈ മനുഷ്യന്‍ ഹൈപ്നോട്ടിസ് ചെയ്തു തുരന്നെടുതത് ??


"ദേവ് ..ഇപ്പോള്‍ എന്ത് തോന്നുന്നു ? ആര്‍ യു ഓക്കേ ?" സത്യനാഥ് തന്റെ താടിയില്‍ നിന്നും കൈ എടുത്തു കൊടുത്തു കൊണ്ട് ചോദിച്ചു
"എസ് ഡോക്ടര്‍ ഐ ഫീല്‍ ബെറ്റര്‍ ..പക്ഷെ എന്താണ് താങ്കള്‍ എന്നില്‍ നിന്നും അറിഞ്ഞ എന്റെ ഉള്‍മനസ്സിലെ രഹസ്യങ്ങള്‍ എന്നറിയാനായി ഒരു ആകാംഷ അത്രയേ ഉള്ളു " ചെറു പുഞ്ചിരിയോടെ ഞാന്‍ മറുപടി പറഞ്ഞു.


"ഓക്കേ ..സീ ദേവ് താങ്കളുടെ മനസിന്റെ രഹസ്യങ്ങള്‍ പറയുന്നതിന് മുന്നേ ഞാന്‍ വേറെ ചില കാര്യങ്ങള്‍ പറയാം .മനസ്സ് എന്നത് ഇന്ന് വരെ പൂര്‍ണമായും മനസ്സിലാകാത്ത ഒരു സമസ്യ തന്നെയാണ് ആക്കും അത് പൂര്‍ണമായി വിവരിക്കാന്‍ കഴിഞ്ഞിട്ടില്ല .." ഒരു നിമിഷം നിര്‍ത്തി കോഫീ ഒന്നിറക്കിയ ശേഷം അദ്ദേഹം പറഞ്ഞു  .."ക്ഷമിക്കണം എന്റെ മലയാളം അത്ര നന്നായിരിക്കില്ല വാക്കുകള്‍ ശരിയാണോ എന്ന് ഉറപ്പില്ല കേട്ടോ ജനിച്ചതും വളര്‍ന്നതും ചാറ്റര്‍ജിമാരുടെയും ഗോസ്വാമിമാരുടെയും ഒപ്പം ഈ നാട്ടിലാണ് " ചിരിയോടെ അദ്ദേഹം തുടര്‍ന്നു .. "ഞാന്‍ പറഞ്ഞു വന്നത് മനസ്സിനെ കുറിച്ചാണ്...മനസ്സ് എന്നത് ഒരു ഫോക്കസ് ആണ് പലരുടെയും ചിന്തകളും വികാരങ്ങളും കലര്‍ന്ന ഒരു കേന്ദ്ര ബിന്ദു എന്നും പറയാം ..അത് നമ്മുടെ അതെ ചിന്താ രീതികളുള്ള പലരുടെയും മനസ്സുകളുമായി കെട്ടുപിണഞ്ഞു കിടക്കും !. നമ്മള്‍ ഒരുപാട് ആഗ്രഹിക്കുന്ന ചില കാര്യങ്ങള്‍ മനസ്സ് അതിന്റെ ഒരു കോണിലെ  കുഞ്ഞറകളില്‍ സൂക്ഷിക്കും അത് അവിടെ നമ്മള്‍ പോലും അറിയാതെ കിടക്കുകയും ചില സാഹചര്യങ്ങളില്‍ ഉടമയുടെ ആഗ്രഹാപൂര്ത്തീകരണം നടത്തികൊടുക്കുന്ന അടിമയെ പോലെ നമ്മളെ കൊണ്ട് തന്നെ അത് നടത്തിയെടുകുകയും ചെയ്യും !! "

അദ്ദേഹം പറയുന്നത് ക്ഷമയോടെ കേട്ടിരുന്ന എന്റെ മുഖത്ത് നോക്കി ഒന്ന് ചിരിച്ചിട്ട്  ഒരു കഥ പറയുന്ന ലാഘവത്തോടെ അദ്ദേഹം പിന്നെയും തുടര്‍ന്നു..

"മനസ്സിന്റെ ഈ പ്രതിഭാസത്തെ പാരാസൈക്കോളജിയില്‍ ഞങ്ങള്‍ ചില പേരുകളില്‍ വിളിക്കാറുണ്ട് സൈക്കൊനൈസിസ് എന്ന് പറയും ..ദേവ് കേട്ടിട്ടുണ്ടോ ?"ഇല്ലെന്നു ഞാന്‍ തലയാട്ടി

"ഇത് ശരിക്കും മാനസികാമായി സ്വധീനപ്പെട്ടു ഉണ്ടാകുന്ന ചലനങ്ങള്‍ ആണ് ശരീരം അപ്പോള്‍ പ്രവര്‍ത്തിക്കുന്നത് മനസ്സിന്റെ ഈ പ്രതെയ്ക അവസ്ഥയുടെ ഓര്‍ഡര്‍ അനുസരിച്ചാകും ..അതായതു അത് ചെയ്യുന്ന ആള്‍ അയാളുടെ  ബോധമനസ്സിനെ ഒളിപ്പിച്ചു കൊണ്ട് ! ഒരു മിനിട്ട്  ഞാന്‍ ഒരു കാര്യം കാണിക്കാം ..ക്ഷമിക്കണം ഇക്കാര്യത്തില്‍ കുറച്ചു അധികസ്വാതന്ത്ര്യം എടുത്തു ഞാന്‍ !" ഒരു ചമ്മിയ ചിരി ഉണ്ടായിരുന്നു അപ്പോള്‍ ഡോക്ടറുടെ മുഖത്ത്


എന്റെ ശ്രദ്ധ അദ്ദേഹം കമ്പ്യൂട്ടര്‍ മോണിട്ടറിലേക്ക് ക്ഷണിച്ചു കൊണ്ട് അദ്ദേഹം ഒരു വീഡിയോ പ്ലേ ചെയ്തു ..! ആ  വീഡിയോ കണ്ടു ഞാന്‍ അമ്പരന്നു !! അതൊരു ഒളിക്യാമറയുടെ ദ്രിശ്യങ്ങളായിരുന്നു എന്റെ  ഫ്ലാറ്റിലെ സ്വീകരണ മുറിയാണ് കാണുന്നത് ..ഓഫീസ് വിട്ടു വന്ന ഞാന്‍ ഫ്രഷ്‌ ആയ ശേഷം നേരെ അടുക്കളയില്‍ പോയി എന്തോ ചെയ്ത ശേഷം തിരിച്ചു വന്നു ടി വി ഓണ്‍ ആകി അതിന്റെ മുന്നില്‍ ഇരിക്കുന്നു..കുറച്ചു കഴിഞ്ഞു ഒരു ചിരിയോടെ അകത്തേക്ക് പോയി ചായ എടുത്തു വന്നു ഇരിക്കുന്നു..!


"വീഡിയോ ഒന്ന് നിര്‍ത്തി അദ്ദേഹം ചോദിച്ചു..ദേവ് ഇങ്ങനെ തന്നെ ആണോ ഓഫീസില്‍ നിന്നും വന്നു കഴിഞ്ഞാല്‍ ചെയ്യുന്നത് ?"


സംശയം നിറഞ്ഞ ഭാവത്തോടെ ഞാന്‍ പറഞ്ഞു "അല്ല ഡോക്ടര്‍ ഒരു വ്യത്യാസം ഉണ്ട് ഫ്രഷ്‌ ആയിക്കഴിഞ്ഞാല്‍ ഞാന്‍ നേരെ ടി വി കാണുകയാണ് ചെയുന്നത് അതിനു മുന്‍പേ അടുക്കളയില്‍ പോകാറില്ല ഉറപ്പാണ് എനിക്ക് ..പക്ഷെ ഈ വീഡിയോ അതെങ്ങനെ താങ്കള്‍ക്കു കിട്ടി !!?"അതിശയത്തോടെ ഞാന്‍ പറഞ്ഞു നിറുത്തി.


"വീഡിയോ കിട്ടിയ  കാര്യം ഞാന്‍ പറയാം ..ആദ്യം ഇത് കേള്‍ക്കു അവിടെ കണ്ടോ ഫ്രഷ്‌ ആയി ടി വി കാണുന്നതിനിടയില്‍ താങ്കളില്‍ സംഭവിക്കുന്നത്‌ സൈക്കൊനൈസിസ് ആണ്..അവിടെ താങ്കള്‍ തന്നെ ആണ് ചായ ഇടുന്നത് പക്ഷെ അത് മറ്റാരോ ചെയ്തതാണെന്ന് താങ്കള്‍ വിശ്വസിക്കാന്‍ ഇഷ്ട്ടപ്പെടുന്നു അതാണ്‌ സത്യം ! ഇത് പോലെ ആണ് ദേവ് പറഞ്ഞ ഓരോ കാര്യങ്ങളും ..ഉറങ്ങുന്നതിനു മുന്‍പ് എന്നും ദേവ് അടുത്ത മുറിയിലെ ഫാന്‍ ഓണ്‍ ചെയ്തു വയ്ക്കുമായിരുന്നു ! ഉപബോധ മനസ്സിന്റെ ആവശ്യങ്ങള്‍ ദേവിന്റെ ശരീരം ബോധ മനസ്സിനെ ഒളിപ്പിച്ചു ചെയിതിരുനു അത് മറ്റൊരാള്‍ ചെയ്യുന്നതാണെന്ന് സ്വയം വിശ്വസിപ്പികുക കൂടി ചെയ്തു എന്നതാണ് ഈ അവസ്ഥയുടെ പ്രതെയകത !!

പെട്ടെന്ന് തന്നെ ശബ്ദം തെല്ലുയര്‍ത്തി ഞാന്‍ ചോദിച്ചു .."പക്ഷെ എന്ത് കൊണ്ടാകും എനിക്ക് അങ്ങനെ തോന്നാന്‍ കരണം ? അപ്പോള്‍ അത് ബേലയുടെ ആത്മാവ് അല്ല എന്നാണോ ഡോക്ടര്‍ പറയുന്നത്?? ഞാന്‍ കേട്ടിരുന്ന ആ പൂച്ചക്കുട്ടിയുടെ കരച്ചിലോ അതിന്റെ മൂത്രത്തിന്റെ ദുര്‍ഗന്ധമോ? ഇതിലുമൊക്കെ അപ്പുറം എന്നെ ഡോക്ടറുടെ അടുത്തേക്ക് എത്തിച്ച ഫെബ്രുവരി 14  രാത്രി ഞാന്‍ അനുഭവിച്ച കാര്യങ്ങള്‍ !! ഇതൊക്കെ ഞാന്‍ തന്നെ ചെയ്തു എന്നാണോ താങ്കള്‍ പറഞ്ഞു വരുന്നത് ??"

സത്യനാഥ് ഒരു പുഞ്ചിരിയോടെ ദേവിന്റെ അടുത്ത് വന്നു തോളില്‍ കൈ വച്ചു.."കൂള്‍ ഡൌണ്‍ മാന്‍ ..ഞാന്‍ പറയാം..ആ ഒളിക്യാമറ താങ്കളുടെ അനുവാദം ഇല്ലാതെ ഞാന്‍ തന്നെയാണ് ആ  ഫ്ലാറ്റില്‍ കൊണ്ട് വച്ചത്. ആദ്യ തവണ ദേവ് ഇവിടെ വന്നു എന്നെ കണ്ടു പോയപ്പോള്‍ ഫ്ലാറ്റ് ചെക്ക്‌ ചെയ്യാനായി ഞാന്‍ താക്കോല്‍ വാങ്ങിയില്ലേ ? അപ്പോളാണ് അത് അവിടെ ഫിറ്റ്‌ ചെയ്തത് ..അതില്‍ തെളിഞ്ഞ ദ്രിശ്യങ്ങള്‍ കണ്ടപ്പോള്‍ ദേവിന് തന്നെ അതിശയം തോന്നുന്നില്ലേ ? അത് നിങ്ങള്‍ തന്നെ ചെയ്തോ എന്ന്...?? തോന്നുന്നില്ലേ ? അത് ശരിക്കും നിങ്ങള്‍ തന്നെ ചെയ്തതാണ് ദേവ്  ..ഫെബ്രുവരി 14  നു നടന്ന സംഭവങ്ങള്‍ക്ക് കുറച്ചു മുന്നേ അല്ലെ ദേവ് ആ ഫ്ലാറ്റിന്റെ ചരിത്രം അറിഞ്ഞത്  ?

"അതെ ഡോക്ടര്‍ അതിനു ഒരു ആഴ്ച മുന്നേ ആണ് അത് സംഭവിച്ചത് ..! അന്നായിരുന്നു ഞാന്‍ അരബിന്ദോ ചാറ്റര്‍ജിയെ കണ്ടത്  ..! അയാള്‍ പറഞ്ഞിട്ടാണ് അറിഞ്ഞത് കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇസബെല്ല എന്ന ഒരു പെണ്‍കുട്ടി 666 നമ്പര്‍ ഫ്ലാറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നു..ദിവസവും ഒരു പൂച്ചകുട്ടിയെ തന്റെ ബാഗില്‍ എടുത്തു ആ സ്ട്രീറ്റില്‍ കൂടി വൈകുന്നേരം നടക്കുമായിരുന്ന സുന്ദരിയായ ഇസബെല്ല .!"

"അതെ അതാണ്‌ ദേവ് ..ഫെബ്രുവരി 14  വാലന്‍ന്റൈന്‍ ദിനം ഓഫീസിലും നാട്ടിലും ഉള്ള പ്രണയിതാക്കള്‍ ചുവന്ന പൂക്കള്‍ കൈമാറുന്നത് കണ്ട ദേവ് തനിക്കും അങ്ങനെ വേണം എന്ന് ആഗ്രഹിച്ചു. കൂടെ ജോലി ചെയ്യുന്ന റോയ് അന്ന് തന്റെ പ്രണയിനിയുമായി നടത്താന്‍ പോകുന്ന കേന്റില്‍ ലൈറ്റ് ഡിന്നര്‍നെ കുറിച്ച് പറഞ്ഞപ്പോള്‍ അത് കേട്ട താങ്കളും ആഗ്രഹിച്ചു അത് പോലെ വേണമെന്ന് ..ഓഫീസില്‍ നിന്നും നേരത്തെ ഇറങ്ങി ഫ്ലാറ്റില്‍ എത്തിയ ദേവ് മേശപ്പുറം ഒരുക്കി ഒരു മെഴുകുതിരി കത്തിച്ചു വച്ചു !.. വഴിയില്‍ നിന്നും വാങ്ങി കൊണ്ട് വന്ന വിഭവങ്ങളും ഒരു കുപ്പി വൈനും രണ്ടു വൈന്‍ ഗ്ലാസ്സുകളും എല്ലാം നിരത്തി വച്ച ശേഷം തിരികെ പോയി ...വൈകുന്നേരം വന്ന ദേവ്  സ്വയം വിശ്വസിച്ചു ഇതെല്ലം തന്റെ സ്വന്തം ബേല തനിക്കു വേണ്ടി തയ്യാറാക്കിയതാണെന്ന്  !! ഇതാ നിങ്ങള്‍ വാങ്ങിയ വൈന്‍ ഗ്ലാസ്സിന്റെയും ഒരു കുപ്പി വൈന്‍ന്റെയും ബില്ല് ഫ്ലാറ്റില്‍ നിന്നും എനിക്ക് കിട്ടിയതാണ് !

ബില്ല് വാങ്ങി നോക്കിയ എനിക്ക് കാര്യങ്ങള്‍  ഏറെക്കുറെ മനസ്സിലായി  ..! ശരിയാണ് ഓഫീസിനടുത്തുള്ള വൈന്‍ ഷോപ്പ് ആണ് അത് ഡോക്ടര്‍ പറയുന്നത് ശരിയാകും...! അന്ന് ആ  മെഴുകുതിരി കത്തി തീരാന്‍ ആയിരുന്നത് ശ്രദ്ധിച്ചിരുന്നു ഞാന്‍ !!

"അതിനു ശേഷം എന്ത് നടന്നു എന്ന് ദേവ് ഓര്‍ക്കുന്നില്ല അല്ലെ ? അടുത്ത ദിവസം രാവിലെ നോക്കുമ്പോള്‍ രണ്ടു പാത്രങ്ങളിലെയും ഭക്ഷണവും വൈനും തീര്‍ന്നിട്ടുമുണ്ട് !! ആരാണ് അത് തീര്‍ത്തതെന്ന് ഇനി ഞാന്‍ പറഞ്ഞു തരേണ്ട ആവശ്യം ഇല്ലല്ലോ അല്ലെ ?" ഒന്നുറക്ക ചിരിച്ചു കൊണ്ട് ഡോക്ടര്‍ ഒളികണ്ണിട്ടു എന്റെ നേരെ നോക്കി.

എന്ത് വികാരം ആണ് എന്റെ മനസ്സില്‍ വന്നത് എന്നറിയില്ല ..! ഒന്നും മിണ്ടാതെ ഞാന്‍ അദ്ധേഹത്തെ തന്നെ നോക്കി ഇരുന്നു ..!

"എന്റെ അടുത്ത് ദേവ് എത്തിയത് ഏറ്റവും അനുയോജ്യമായ സമയത്താണ്..കുറച്ചു കൂടി താമസിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ എന്റെ മുന്നില്‍ ഇത്ര ശാന്തനായി ദേവിന് ഇരിക്കാന്‍ കഴിയുമായിരുന്നില്ല !!" ഒന്ന് നിര്‍ത്തി അദ്ദേഹം തുടര്‍ന്നു "കുട്ടിക്കാലത്ത് തന്നെ ഒറ്റപ്പെട്ടതായിരുന്നു ദേവിന്റെ ജീവിതം ..കൂടാതെ അച്ഛനും അമ്മയും വിവിധ മതവിഭാഗത്തില്‍ നിന്നും പ്രണയിച്ചു വിവാഹം കഴിഞ്ഞവര്‍ ..ബന്ധുക്കള്‍ എന്ന് കരുതുന്നവരില്‍ നിന്നും അനുഭവിച്ചിരുന്ന മാനസികപീഡനങ്ങള്‍ ആക്ഷേപങ്ങള്‍ ഇതൊക്കെ ദേവിനെ കൊണ്ടെത്തിച്ചത് ഒരു തരം റിബല്‍ സ്വഭാവം ഉള്ള മനുഷ്യന്റെ മാനസികാവസ്ഥയിലേക്കാണ്..അവിടുന്ന് ദേവ് കണ്ടെത്തിയ മാര്‍ഗ്ഗം ആയിരുന്നിരിക്കാം എന്തിനെയും എതിര്‍ക്കുന്ന ചില പ്രതെയ്ക സ്വഭാവങ്ങള്‍ ഇടതുപക്ഷ ചായ്‌വും വിപ്ലവചിന്തകളും ഒക്കെ അതിന്റെ തന്നെ പ്രതിഭലനം ആയിരിക്കും പക്ഷെ ജീവിതം കയ്യില്‍ ഒതുക്കാന്‍ തന്റെ വിശ്വാസങ്ങളെ മുഴുവന്‍ ഒരു കുത്തക മുതലാളിക്ക് പണയം വച്ചു എന്ന കുറ്റബോധം , ആദ്യമായി ഒറ്റപ്പെട്ടു ജീവിക്കുന്നതിന്റെ വിഷമം ഇതൊക്കെ ആണ് തന്റെ കൂടെ തന്നെ മനസ്സിലാക്കുന്ന ഇഷ്ട്ടപ്പെടുന്ന ആരോ ഉണ്ടെന്നും അവര്‍ താങ്കളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നു എന്നും തോന്നിച്ചത് ..! അവിടെ ഇസബെല്ല എന്ന പൂച്ചക്കുട്ടികളെ സ്നേഹിച്ചിരുന്ന ഒരു പെണ്‍കുട്ടി മരിച്ചിട്ടുണ്ടെന്നും അത് കൊണ്ട് ആരും എടുക്കാതിരുന്ന ആ ഫ്ലാറ്റ്  തനിക്കു തന്ന അതിന്റെ ഉടമ വാടക കുറച്ചതെന്നും വാച്ച്മാന്‍ ഒഴിഞ്ഞു മാറുന്നതെന്നും ദേവ് അറിഞ്ഞപ്പോള്‍ അത് തന്റെ സ്വന്തം ബേല എന്ന് കരുതി അവളെ സ്നേഹിക്കാന്‍ തുടങ്ങി ..അതാണ്‌ ശരിക്കും ഈ കാര്യത്തില്‍ സംഭവിച്ചത് ..ഇതൊരു മാനസിക രോഗമേ അല്ല ..മനസ്സിന്റെ ഇപ്പോഴും പൂര്‍ണമായി പിടി കിട്ടാത്ത ചില അവസ്ഥകള്‍ ആണ് ..!"

എന്റെ മുഖത്തെ തെളിച്ചം ശ്രദ്ധിച്ച ഡോക്ടര്‍ പറഞ്ഞു.." രേസോനന്‍സ് എന്ന ഒരു പ്രതിഭാസം ഉണ്ട് നമ്മുടെ അതെ രീതിയില്‍ ചിന്തിക്കുന്ന ചിലരുടെ മനസ് നമുക്ക് വേഗം വായിച്ചു എടുക്കാന്‍ സാധിക്കും ..അത് പോലെ ശരീരം മരിച്ചാലും ഒരേ രീതിയില്‍ ചിന്തിച്ചിരുന്ന മനസ്സുകള്‍ ആണെങ്കില്‍ അവര്‍ ജീവിച്ചിരുന്ന സ്ഥലത്ത് ഒരു സൈക്കിക് ഫീല്‍ഡ് ഉണ്ടാകും അതിന്റെ വലയത്തില്‍ പെടുമ്പോള്‍ അറിയാതെ നമുടെ മനസ്സും അതിന്റെ വഴിക്ക് സഞ്ചരിച്ചു തുടങ്ങും ..അത് കൊണ്ട് ദേവ് ആദ്യം ചെയ്യേണ്ടത് ആ ഫ്ലാറ്റ് മാറുക എന്നതാണ് ..അതോടെ താങ്കളുടെ മനസ്സിന്റെ ഈ ഒളിച്ചു കളി മാറുകയും ചെയ്യും !!

ക്ലിനിക്കില്‍ നിന്നും വളരെ സന്തോഷത്തോടെ ആണ് ഞാന്‍ പുറത്തിറങ്ങിയത് ..ആദ്യം തോന്നിയത് ഒന്നുറക്കെ ചിരിക്കാനായിരുന്നു..ഒരു വല്ലാത്ത മാനസികാവസ്ഥയില്‍ ആണ് ഞാന്‍ ഡോക്ടറുടെ അടുത്തെത്തിയത് ..മനസ്സിന്റെ ഉറപ്പു പൂര്‍ണമായും നഷ്ട്ടപെടാതെ ഇരുന്നത് കൊണ്ടാകും ഒരു ഡോക്ടറെ കാണണം എന്ന് തോന്നിയത് .. ഡോക്ടര്‍ പറഞ്ഞതൊക്കെ ശരിയാണ്..ആരോടൊക്കെയോ തോന്നിയ പകയുടെയും ചോരത്തിളപ്പിന്റെയും  വഴിയില്‍ നിന്നും മാറി ശാന്തതയുടെയും അതിജീവനത്തിന്റെയും വഴി  സ്വീകരിച്ചപ്പോള്‍ ഞാന്‍ അറിയാതെ എന്റെ മനസ്സ് കളിച്ച ഒരു ഒളിച്ചു കളി തന്നെയാണ് അത് ..!! തിരികെ ഫ്ലാറ്റില്‍ എത്തിയ ഞാന്‍ ശ്രദ്ധിച്ചു ശരിയാണ് എനിക്ക് വേണ്ടി കോഫീ തിളപ്പിക്കാന്‍ ആരും ഇല്ല...രാത്രി പൂച്ചക്കുട്ടിയുടെ കരച്ചിലും ഇല്ല...ആ മുറിയിലെ ഫാനും കറങ്ങിയില്ല ..അതിശയം തന്നെയാണ് മനസ്സിന്റെ കളികള്‍ ..!!

സുഖമായി ആണ് ഞാന്‍ അന്നുറങ്ങിയത് ..! പക്ഷെ അടുത്ത ദിവസം തന്നെ ഡോക്ടര്‍ പറഞ്ഞത് പോലെ  ആ ഫ്ലാറ്റ് ഞാന്‍ വിട്ടു കുറച്ചു ദൂരെ ഒരു ഫ്ലാറ്റിലേക്ക് താമസം മാറി .. ആള്‍ തിരക്കുള്ള സ്ഥലം പഴയ സ്ഥലത്തെ ശാന്തത ഇല്ലെങ്കില്ലും ഇവിടം കൊള്ളാം..ഈ സ്ഥലം ശരിയാക്കി തന്നത് സത്യനാഥ് ഡോക്ടര്‍ ആണ് ..എത്ര വലിയ വിപത്തില്‍ നിന്നാണ് അദ്ദേഹം എന്നെ രക്ഷിച്ചത്‌ !!

*                       *                            *                            *                       *                            

പുസ്തകം നെഞ്ചില്‍ വച്ച് ചാര് കസേരയില്‍ ഉറങ്ങി കിടന്ന ഞാന്‍ ഉണര്‍ന്നത് ഒരു പൂച്ചക്കുട്ടിയുടെ കരച്ചില്‍ കേട്ടാണ് ..!! ഞെട്ടലോടെ അതിലേറെ ഹൃദയമിടിപ്പോടെ ഞാന്‍ നോക്കിയപ്പോള്‍ അടുത്തിരുന്ന കോഫീ ടേബിളില്‍ ചൂടുള്ള ഒരു കോഫീ തയ്യാറായിരുന്നു അതില്‍ നിന്നും ആവി പറക്കുന്നുണ്ടായിരുന്നു !!!


****************************************************************************