2012, ജനുവരി 23, തിങ്കളാഴ്‌ച

പ്രതീക്ഷകള്‍ അസ്തമിക്കുന്നില്ല

  പേര്                          മുതല്‍               മുതലും പലിശയും 
      കറുപ്പയ്യ                       150000 രൂപ           285675 .87 രൂ
ചിന്നസ്വാമി                   25000  രൂപ             56987  രൂപ
 മൂക്കയ്യ                        65000 രൂപ              98765  രൂപ
ചക്കരപാണ്ടി                   75000 രൂപ            126478  രൂപ
പിച്ച്ചക്കുട്ടി അണ്ണാച്ചി        225000  രൂപ           364699 രൂപ
ശേഖര കൌണ്ടര്‍             350000 രൂപ            578000 രൂപ

ആകെ                        890000  രൂപ           1510604  .87 രൂപ


*****************************1510604  .87 രൂപ ...!! തുക ഒന്നുകൂടി നോക്കി നെടുവീര്‍പ്പിട്ടു  മാധവന്‍ നായര്‍ ആ കടലാസ് കഷ്ണം മടക്കി പ്ലാസ്റ്റിക് കവറിനുള്ളില്‍ ഇട്ടു തന്റെ ഒറ്റമുണ്ട് ഉയര്‍ത്തി പണം സുരക്ഷിതമായി സൂക്ഷിക്കാന്‍ മാത്രം ഉപയോഗിക്കുന്ന പാളക്കരയന്‍ നിക്കറിന്റെ ചെറിയ പോക്കെറ്റില്‍ തിരുകി ..! കരിമ്പടം തലവഴി മൂടി തണുപ്പിനെ പ്രതിരോധിച്ചു പിന്നെയും അയാള്‍ മല കയറ്റം തുടര്‍ന്നു.


*                  * *                  * *                  * *                  * *                  *


" എന്റെ ഹൃദയ രക്തം കൊണ്ടാണ് ഞാന്‍ ഈ ഒപ്പ് വക്കുന്നത് "മായ വായിച്ചു നിര്‍ത്തി.


"അതൊന്നു കൂടി വായിച്ചേ മോളെ " ഒഴിഞ്ഞ ചാക്കുകള്‍ നിവര്‍ത്തിയിട്ടു മടക്കുന്നിതിനിടയില്‍ മാധവേട്ടന്‍ വിളിച്ചു പറഞ്ഞു .


"കേരളത്തിന്റെ പ്രദേശമായ പെരിയാറില്‍ നിന്നും വെള്ളം കൊണ്ട് പോകാനായി തയ്യാറാക്കി അവതരിപ്പിച്ച കരാറില്‍ ബ്രിട്ടീഷുകാരുടെ  നയപരമായ ബലപ്രയോഗത്തിലൂടെ ഒട്ടും തന്നെ തല്പ്പര്യമില്ലാതിരുന്നിട്ടും തിരുവിതാന്‍കൂര്‍ മഹാരാജാവ് വൈശാഖം തിരുന്നാള്‍ രാമവര്‍മ്മ നിവൃത്തി ഇല്ലാതെ ഒപ്പ് വച്ചപ്പോള്‍ പറഞ്ഞതാണ് അച്ഛാ ..എന്റെ ഹൃദയരക്തം കൊണ്ടാണ് ഞാന്‍ ഈ ഒപ്പ് വക്കുന്നത് " ..അവസാനം പറഞ്ഞ ഭാഗം കുറച്ച നാടകീയമായി അവതരിപ്പിച്ചു കൊണ്ട് മായ പറഞ്ഞു .


"കൊള്ളാം രാജാവിന്റെ ഹൃദയ രക്തം എന്തായാലും നഷ്ട്ടമായില്ല ..ഇതെല്ലാം ഇപ്പോള്‍ അനുഭവിക്കാന്‍ പിന്‍തലമുറക്കാര്‍  മലയാളികള്‍ ഉണ്ടല്ലോ ഈ അണ്ണാച്ചിമാരുടെ തെറി വിളി സഹിക്കാന്‍ വയ്യാണ്ട് ആയി..മോള്‍ അത് മുഴുവന്‍ വായിച്ചു കേള്‍പ്പിച്ചേ " മാധവേട്ടന്‍ തറയില്‍ കുത്തി ഇരുന്നു കൊണ്ട് അടക്കയും വെറ്റിലയും ഒരുക്കി ഒന്ന് മുറുക്കാന്‍ തയ്യാറെടുത്തു..മാധവേട്ടന്റെ ആകെ ഉള്ള ദുശീലമാണ് വെറ്റില മുറുക്ക്..മുറുക്കാന്‍ പെട്ടിയും വായില്‍ മുറുക്കിയ ചുവപ്പുമില്ലാത്ത മാധവേട്ടനെ കാണുന്നത് ചുരുക്കമാണ് .


" മായേ നീ എന്തെടുക്കുവാ " അടുക്കളയില്‍ നിന്നും ദേഷ്യത്തോടെ ത്രേസ്യാമ്മ വിളിച്ചു ചോദിച്ചു .


"നിങ്ങള്‍ ഈ ചരിത്രം അറിഞ്ഞിട്ടു നാളെ പരീക്ഷ വല്ലതും എഴുതാന്‍ പോകുന്നുണ്ടോ ? അവള്‍ക്ക് അടുക്കളയില്‍ പണിയുണ്ട്  ..ടീ പെണ്ണെ നീ ഇങ്ങോട്ട് വന്നു ഈ അരി കഴുകി അടുപ്പില്‍ ഇട്ടേ"ത്രേസ്യാമ്മ വിടാന്‍ ഒരുക്കമല്ല.


" നീ വായിച്ചിട്ട് പോയാല്‍ മതി മോളെ ..അടുപ്പില്‍ ചുറ്റിയ കോഴിയെ പോലെ കറങ്ങാനല്ലാതെ നിന്റെ അമ്മച്ചിക്ക്  വല്ല വിവരവും ഉണ്ടോ" മാധവേട്ടന്‍ പതിവ് വാചകം ആവര്‍ത്തിച്ചു സ്വയം ചിരിച്ചു.'അച്ഛാ ഞാന്‍ പറയാം ..ഇത് മുഴുവന്‍ ഞാന്‍ വായിച്ചതാ .." മായ അടുക്കളയിലേക്കു നീങ്ങി കൂടെ മാധവേട്ടനും .


"അതിനു ശേഷം 1886 -ല്‍ ആണ് പെരിയാര്‍ പാട്ടക്കരാര്‍ എന്നറിയപ്പെടുന്ന മുല്ലപ്പെരിയാര്‍ കരാര്‍ ഒപ്പുവച്ചത് ..പെരിയാറിന്റെ ആഴം കൂടിയ അടിത്തട്ടില്‍ 155 അടി ഉയരത്തില്‍ സ്ഥിതി  ചെയ്യുന്ന പ്രദേശങ്ങളില്‍ വരെ ഉയരുന്ന വെള്ളം ഉപയോഗിക്കാം എന്നായിരുന്നു കരാര്‍ അതിനോടൊപ്പം 8000 ഏക്കര്‍ സ്ഥലവും പോരാഞ്ഞിട്ട് 100 ഏക്കര്‍ സ്ഥലം ഡാം കെട്ടാനും ആ കരാറില്‍ വ്യവസ്ഥ ഉണ്ടായിരുന്നു ..കരാര്‍ 999 വര്‍ഷത്തേക്കായിരുന്നു എന്നതാണ് പ്രതെയ്കത .ഇടയ്ക്ക് ഈ കരാര്‍ റദ്ദാക്കാന്‍ ദിവാന്‍ സര്‍ സി.പി  ഒരു ശ്രമം നടത്തി നോക്കി പക്ഷെ ഭലം കണ്ടില്ല..ഇന്ത്യ സ്വതന്ത്ര ആയതിനു ശേഷം കരാര്‍ പുതുക്കാന്‍ ശ്രമിച്ച തമിഴ്നാട് നമ്മുടെ നേതാക്കന്മാരുടെ കരുണ കൊണ്ടോ കീശ വീര്‍പ്പിക്കാനുള്ള ആഗ്രഹം കൊണ്ടോ ഈ കരാര്‍ 1970 നു വീണ്ടും പുതുക്കി..കൃഷിക്കായി ഉപയോഗിക്കേണ്ട വെള്ളം പിന്നെ കറന്റ്‌ ഉല്‍പ്പാദനത്തിനും ഉപയോഗിച്ചു തുടങ്ങി..അത് കൊണ്ടാ അച്ഛാ നമുക്ക് ഈ ഭാഗത്ത് ഇപ്പോള്‍ വൈദ്യുതിയും വെള്ളവും എല്ലാം കിട്ടുന്നത് .." മായ അരി കഴുകി അടുപ്പിലേക്ക് ഇട്ടുകൊണ്ട് പറഞ്ഞു.


*                  * *                  * *                  * *                  * *                  *


മൂന്നു പെണ്മക്കളും ഭാര്യയും അടങ്ങിയ കുടുംബമാണ് മാധവേട്ടന്റേത് ..ഒറ്റപ്പാലത്ത് നിന്നും കമ്പം തേനി ഭാഗത്തേയ്കു കുടിയേറിയ കര്‍ഷകന്‍ ..മണ്ണിനോട്  മല്ലടിച്ച് അധ്വാനിച്ചു ജീവിക്കുന്ന ഒരു സാദാമനുഷ്യന്‍...മാധവേട്ടന്റെ ചരിത്രം സംഭവബഹുലമാണ്..നല്ല  പ്രായത്തില്‍ നാടിനെയും വീടിനെയും വെല്ലു വിളിച്ചു അന്തോണി മാപ്പിളയുടെ മകള്‍ ത്രേസ്യയെ വിളിച്ചിറക്കി കൊണ്ട് പോയി കല്യാണം കഴിച്ചു വിവാദം സൃഷ്ട്ടിച്ച ആള്‍. അക്കാലത്ത് പാലക്കാടും ഒറ്റപ്പാലത്തും വളര്‍ന്ന കമ്മ്യൂണിസ്റ്റ്‌ സോഷ്യലിസ്റ്റ്‌ പ്രസ്ഥാനങ്ങളുടെ കടുത്ത അനുഭാവി ആയിരുന്ന മാധവേട്ടന്‍ ചില സുപ്രധാന സമരങ്ങളില്‍ പങ്കെടുത്തു ജയിലില്‍ കിടന്നിട്ടുമുണ്ട് ..പാര്‍ട്ടി ഭരണത്തില്‍ കേറിയപ്പോള്‍ ജനങ്ങളില്‍ നിന്നും അകലുന്നത് വിഷമത്തോടെ  നോക്കി കണ്ട മാധവേട്ടന്‍ സംഘടനയൊക്കെ വിട്ടു ജീവിക്കാനായി നാട് വിട്ടു കമ്പം തേനി ഭാഗത്തേയ്ക്ക് വന്നതാണ്..മക്കള്‍ ഓരോരുത്തര്‍ ജനിക്കുമ്പോഴും മാധവേട്ടനിലെ പോരാളി പതുക്കെ രംഗം വിട്ടു തുടങ്ങി..പെണ്മക്കള്‍ ഉള്ള മറ്റു പിതാക്കന്മാരെയും പോലെ അരക്ഷിതബോധം അയാളെയും പിടിപെട്ടു.


*                  * *                  * *                  * *                  * *                  *" ഈ വിളവെടുപ്പ് കഴിഞ്ഞു നമുക്ക് ഒറ്റപ്പാലത്തേക്ക് പോകണം ..കേട്ടോടി  തെചാമ്മേ " വൈകുന്നേരമുള്ള പതിവ് കുളി കഴിഞ്ഞു തല തുവര്‍ത്തി . ഭാര്യയുടെ കൈയില്‍ നിന്നും രാസ്നാദിചൂര്‍ണം വാങ്ങുമ്പോള്‍ മാധവേട്ടന്‍ പറഞ്ഞു.. അയാള്‍ അവരെ തെചാമ്മ എന്നാണ് വിളിക്കാറു.


" ഗോപി പറഞ്ഞ ആ കല്യാണം നമുക്ക് ഉറപ്പിക്കാം ..മായ മോള്‍ടെ പഠിത്തം കഴിഞ്ഞല്ലോ ഇനി താമസിപ്പികണ്ട "


" മാധവേട്ട ..ഞാന്‍ പല തവണ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്  ഇങ്ങളിപ്പോള്‍ ഈ കളിക്കുന്നത് കൈവിട്ട കളിയാണ്..ഇത്ര നാള്‍ ഉണ്ടായിരുന്ന സമ്പാദ്യവും കൂടെ കടവും വാങ്ങി ഇങ്ങനെ ഒരു കൃഷി വേണ്ടിയിരുന്നില്ല..കുറച്ചു കാശ് നമ്മുടെ കയ്യില്‍ കരുതേണ്ടിയിരുന്നു ..' ത്രേസ്യാമ്മ  പറഞ്ഞു.


"ടീ തെചാമേ ..നമ്മുടെ മക്കളെ മൂന്നു പേരെ കെട്ടിക്കണ്ടേ ? ചിന്നമണി അണ്ണാച്ചിയുടെ 42 ഏക്കര്‍ വളരെ കുറഞ്ഞ നിരക്കില്‍ പാട്ടത്തിനു കിട്ടിയതും അതോടൊപ്പം നമ്മുടെ സ്ഥലവും ചേര്‍ന്നപ്പോള്‍ ഞാന്‍ ഒന്ന് കളിച്ചത് തന്നെയാ..അല്ലാതെ കിട്ടുന്ന നാക്കാപിച്ച കൊണ്ട് അവരുടെ കല്യാണം നടത്താന്‍ ആകില്ലടീ..നിന്റെ അപ്പന്‍ അന്തോണി മാപ്പിളയോ എന്റെ അച്ഛന്‍ ബാലകൃഷ്ണന്‍ നായരോ ഒന്നും ഉണ്ടാക്കി വചീട്ടൊ തന്നിട്ടോ അല്ല പോയത് അപ്പോള്‍ ചില കൈവിട്ട കളികള്‍ കളിക്കേണ്ടി വരും...അത് നിന്റെ അപ്പന്‍ കളിക്കുന്ന ആന മയില്‍ ഒട്ടകമോ , മുചീട്ടുകളിയോ അല്ല ...മണ്ണിനോട് അധ്വാനിക്കുന്ന കഷ്ടത നിറഞ്ഞ കളിയാ..നീ വിഷമിക്കണ്ട ..എനിക്കീ കളിയില്‍ നല്ല പ്രതീക്ഷയുണ്ട് .. ദൈവം നമ്മളെ കൈ വിടില്ല ..നല്ല വിള കിട്ടുന്ന ലക്ഷണം ഉണ്ടെടി ഇത്തവണ നമ്മള്‍ രക്ഷപ്പെടും..നീ ആ ലൈറ്റ് അണച്ച് കിടക്കാന്‍ നോക്കെടി പെണ്ണെ.." മാധവേട്ടന്‍ ഫാന്‍ സ്പീഡില്‍ വച്ച്‌ ഒരു വശത്തേക്ക് തിരിഞ്ഞു കിടന്നു.


*                  * *                  * *                  * *                  * *                  *


ചന്തയിലും വഴിയിലുമൊക്കെ ആളുകളുടെ തുറിച്ചു നോട്ടം അവഗണിച്ചു മാധവേട്ടന്‍ വേഗം വീട്ടിലേക്കു നടന്നു..തമിഴന്മാര്‍ ആകെ മാറി..ഈ അടുത്ത് വരെ നായര്‍ അണ്ണാ എന്ന് വിളിച്ചിരുന്ന പലരും ഇപ്പോള്‍ ഒരു തരം നികൃഷ്ടമായ എന്തിനെയോ കാണുന്നത് പോലെയാണ് നോക്കുന്നത്.മാധവേട്ടന്‍ മനസ്സില്‍ ഓര്‍ത്തു ... തന്നോട് എന്തിനാണ് ഈ ദേഷ്യം ..താനും മുല്ലപ്പെരിയാറിലെ വെള്ളം കൊണ്ട് തന്നെയാണ് കൃഷി ചെയ്യുന്നത് .. ആ വെള്ളം കിട്ടേണ്ടത് ഇവരെ പോലെ തന്റെയും ആവശ്യമല്ലേ ??..മനസ്സ് കൊണ്ട് താന്‍  ഇവരോടൊപ്പം തന്നെയാണ്..പക്ഷെ വെള്ളം നല്‍കും എന്ന് കേരള മുഖ്യമന്ത്രി ഉറപ്പു പറഞ്ഞിട്ടും ഇവരുടെ പിടിവാശിയും അഹങ്കാരവും കാരണം ഉണ്ടായിരിക്കുന്ന ഈ ദുരവസ്ഥയില്‍ പാവപ്പെട്ട കൃഷിക്കാരനായ താന്‍ എന്ത് പിഴച്ചു.?


നടക്കുന്നതിനിടയില്‍ ചില ആളുകളുടെ പരിഹാസം കലര്‍ന്ന അലര്‍ച്ച മാധവേട്ടന്‍ ശ്രദ്ധിച്ചു...ചിലരൊക്കെ ആക്ഷേപിച്ചു ചിരിക്കുന്നത് പോലെ ..എന്തോ പ്രശ്നം ഉണ്ടല്ലോ .അല്ലാതെ ഇവര്‍ ഇങ്ങനെ പെരുമാറില്ല...വീട് അടുക്കും തോറും ദൂരെ കാണുന്ന കറുത്ത പുക മാധവേട്ടനെ ഒന്നസ്വസ്ഥനാക്കി ..കാലുകള്‍ക്ക് പരമാവധി വേഗം വര്ധിപിച്ചു മാധവേട്ടന്‍ നടന്നു..തമിഴന്മാരുടെ ആര്‍പ്പുവിളി ശബ്ദം എവിടെയൊക്കെയോ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട് ചില മുദ്രാവാക്യങ്ങളും .മാധവേട്ടന് എന്തോ അപായം മണത്തു.*                  * *                  * *                  * *                  * *                  *
            

ഇനി കുറച്ചു കൂടി നടക്കണം ..കൈ സഞ്ചി ഭദ്രമായി നെഞ്ചിനോട് ചേര്‍ത്ത് പിടിച്ചു കൊണ്ട് മാധവേട്ടന്‍ നടന്നു..നേരം വെളുക്കുന്നതിനു മുന്നേ അവിടെ എത്തണം എന്നാലെ പ്രതീക്ഷിച്ചത് പോലെ എല്ലാം നടക്കു...!


അന്നത്തെ ആ ദിവസം...താന്‍ ചന്തയില്‍ നിന്നും തിരിച്ചു വരുമ്പോള്‍ കണ്ട കാഴ്ച !! കത്തി തീര്‍ന്ന വീടിനു മുന്നില്‍ നിലവിളിക്കുന്ന മക്കളും ത്രെസ്സ്യാമ്മയും ..ഭ്രാന്ത് പിടിച്ചത് പോലെ തോന്നി ..രണ്ടു കൈയും തലയില്‍ വച്ച് താഴേക്ക്‌ വീണു പോയി ..ബോധം വന്നപ്പോള്‍  തേനി സര്‍ക്കാര്‍ ആശുപത്രിയിലെ ഒരു മൂലയില്‍ പുല്‍പ്പായയില്‍ കിടക്കുകയായിരുന്നു താന്‍.. എന്താണ് അന്ന് സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍  ത്രേസ്യാമ്മ പൊട്ടിക്കരഞ്ഞു ... മായമോള്‍ അനിയത്തിമാരെ ഒതുക്കി പിടിച്ചു തറയില്‍ ചടഞ്ഞു ഇരിപ്പുണ്ടായിരുന്നു..പെണ്ണുങ്ങള്‍ പൊട്ടികള്‍ അവര്‍ക്കൊരുപാട് വികാരങ്ങള്‍ ഒതുക്കാന്‍ അറിയാം പക്ഷെ വിഷമം ഒതുക്കാന്‍ അറിയില്ല മണ്ടികള്‍ ഒരു ചെറിയ വിഷമം വന്നാല്‍ അപ്പോളെ വലിയ വായില്‍ കരയും...നാല് പെണ്ണുങ്ങള്‍  ചുറ്റും കൂടി ഇരുന്നു കരയുന്നതിനിടയ്ക്ക് തന്റെ കുറച്ച ദിവസങ്ങള്‍ !!


വെള്ളം കിട്ടില്ല എന്ന പ്രചരണത്തിന് തമിഴന്മാരുടെ ദേഷ്യം ..കേരള കോണ്‍ഗ്രസുകാര്‍ നടത്തുന്ന സമരം കണ്ടു കേരളത്തിന്‌ അന്നം കൊടുക്കുന്നവര്‍ എന്ന് വീമ്പിളക്കുന്ന തമിഴന്മാര്‍ക്ക് അഹങ്കാരം കലര്‍ന്ന പക...കേരളത്തില്‍ വച്ച് തമിഴ് അയ്യപ്പന്മാരെ ആക്രമിക്കുന്നു എന്ന വാര്‍ത്തയില്‍ രോഷം പൂണ്ട തമിഴന്മാര്‍ക്ക് കിട്ടിയ ഇര താനായിരുന്നു..അവരോടു ക്ഷമിച്ചേനെ... വീട് പോയാല്‍ പോട്ടെ എന്ന് കരുതിയേനെ..പിന്നീട് അറിഞ്ഞ വാര്‍ത്ത തന്നെ അക്ഷരാര്‍ത്ഥത്തില്‍ തളര്‍ത്തിക്കളഞ്ഞു..ചോര വിയര്‍പ്പാക്കി മണ്ണില്‍ പണി ചെയ്തു വിളവെടുപ്പിനു തയ്യാറായ കൃഷി മുഴുവന്‍ അവര്‍ തീയിട്ടും വെട്ടിയും നശിപ്പിച്ചിരിക്കുന്നു ..തന്റെ മക്കളെ പോലെ സ്നേഹിച്ച ഓരോ ഫലവും അവര്‍ വെട്ടി കുഴിച്ചു മൂടി...കൃഷി ഭൂമി മുഴുവന്‍ ഇളക്കി മറിച്ചു..ഒരിക്കലും അതിനു മാപ്പ് കൊടുക്കാന്‍ തനിക്കാകില്ല ..!


അവിടുന്നങ്ങോട്ടുള്ള ജീവിതം എങ്ങനെ മുന്നോട്ടു പോകും എന്നോര്‍ക്കുമ്പോളൊക്കെ ആദ്യാമാദ്യം കുറെ ട്യൂബ് ലൈറ്റുകള്‍ ഒരുമിച്ചു മിന്നി അണയുന്നത് പോലെ എന്തോ ഒന്ന് തലച്ചോറില്‍ അനുഭവപ്പെടുമായിരുന്നു... പിന്നെ അത് ചെറുപുഞ്ചിരി ആയി മാറി ..അവിടുന്ന് അത് നിര്‍ത്താത്ത പൊട്ടി ചിരി ആയി രൂപാന്തരപ്പെട്ടു..." ഇന്താള്‍ എപ്പോതും സിരിപ്പ് താന്‍" എന്ന് ആശുപത്രിയില്‍ അടുത്ത പായയില്‍ കിടന്ന കറുമ്പി തമിഴത്തി പറഞ്ഞു ..താന്‍ ചിരിക്കുകയായിരുന്നോ ? ഹാ ആര്‍ക്കറിയാം...അല്ലെങ്കില്‍ എങ്ങനെ തനിക്കു ചിരിക്കാനാകും??
ആവോ ! ..ആശുപത്രിയിലെ തമിഴന്‍ ഡോക്ടര്‍ക്കും മുല്ലപ്പെരിയാര്‍ അസുഖം ബാധിച്ചിരുന്നു എന്ന് തോന്നുന്നു...എല്ലാപേരെയും  നോക്കിയതിനു ശേഷം സമയം ഉണ്ടെകില്‍ മാത്രം തന്റെ പായയുടെ അടുത്ത് വന്നു ഒന്ന് നോക്കി പോകും..ഇടയ്ക്ക് അയാള്‍ ആരോടോ പറയുന്നത് കേട്ടു.." ഇന്ത കേരള നായരെ എതാവത് മെന്റല്‍ ഹോസ്പിറ്റലില്‍ അട്മിട്റ്റ് പണ്ണിതാന്‍ ആകണം " അത് കേട്ട് ചുമ്മാ ഇരിക്കാന്‍ തനിക്കു കഴിഞ്ഞില്ല അയാള്‍ അടുത്ത് വന്നപ്പോള്‍ ട്രിപ്പ്‌ കുപ്പി തൂക്കുന്ന സ്റ്റാന്റ് എടുത്തു തലക്കിട്ടു ഒന്ന് കൊടുത്തു ..ആഹാ ചോരാ ചീറ്റുന്നത് കാണാന്‍ നല്ല രസമായിരുന്നു..ആ തമിഴന്റെ കറുത്ത മുഖത്ത് ചുവപ്പ് ചോര പടരുന്നത്‌ കാണാന്‍ നല്ല രസമുണ്ടായിരുന്നു ...അതുകൊണ്ടെന്താ കുറച്ചു ദിവസം തന്നെ  മാനസികാരോഗ്യ വാര്‍ഡില്‍ കിടക്കേണ്ടി വന്നു ...അവരുടെ ഭ്രാന്തിനു ചികിത്സിക്കാതെ പകരം തന്നെ പിടിച്ചു ചികിത്സിപ്പിച്ചു..പാണ്ടികള്‍ മുഴുവട്ടന്മാര്‍ !!ആശുപത്രിയില്‍ നിന്നും ഇറങ്ങിയപ്പോള്‍ കൃഷിയിടത്തില്‍ തന്നെ നിര്‍മിച്ച താല്‍ക്കാലിക ഷെഡില്‍ പോകാം എന്ന് തെചാമ്മ തീരുമാനിച്ചു വീടൊക്കെ കത്തി പോയതല്ലേ ...പോകുന്ന വഴി എലൈറ്റ് ഹോട്ടലിലെ ബിരിയാണി വേണം എന്ന് താനും നിര്‍ബന്ധിച്ചു..ഒരു രാത്രി  മാത്രം ഈ ഷെഡില്‍ താമസിക്കാം എന്ന് തെചാമ്മയോടും കുട്ടികളോടും സമ്മതിച്ചു..മക്കളും ഭാര്യയും കുളിക്കാനായി പോയപ്പോള്‍ അവിടെ ഒരു മൂലയ്ക്ക് കൃഷിക്ക് കീടനാശിനി ആയി ഉപയോഗിച്ചിരുന്ന ഫ്യൂരിടാന്‍ എടുത്തു ബിരിയാണിയില്‍ ചേര്‍ത്ത് വച്ചു..സാധാരണ എല്ലാ കൃഷിക്കാരും ചെയ്യുന്നത് പോലെ താന്‍ സ്വയം തീര്‍ത്തില്ലല്ലോ ??..അപ്പോള്‍ കുടുംബം അനാഥമാകില്ലേ?? തനിക്കു കടം തന്നെ അണ്ണാച്ചിമാരെല്ലാം കൂടി തന്റെ ഭാര്യയേം മക്കളെയും കൊല്ലാതെ തിന്നും അത് വേണ്ട അവര്‍ മരിച്ചോട്ടെ..ഒരു ഗുണവും ഇല്ലാതെ ജീവിച്ച ഈ അച്ഛന്റെ മക്കളായി അവര്‍ ഇനി ഈ ഭൂമിയില്‍ വേണ്ട...അപ്പനെയും കുടുംബത്തിനേം വിട്ടു തന്നോടൊപ്പം ഇറങ്ങി വന്ന തന്റെ തേച്ചാമ്മയ്ക്ക്  ഇനി മക്കളെ വിറ്റു ജീവിക്കേണ്ട സ്ഥിതിയും വേണ്ട...മരിച്ചോട്ടെ ..അതാ നല്ലത്..! നാല് പേരും ഒന്നൊന്നായി പിടഞ്ഞു മരിച്ചു ..മായ മോള്‍ടെ പിടച്ചില്‍ കണ്ടപ്പോള്‍ പ്രസവിച്ചു ആദ്യം അവളെ കയ്യില്‍ കിട്ടിയ അവളുടെ മുഖം ആണ് ഓര്‍മ്മ വന്നത്..! തനിക്കു ഇനിയും ജീവിക്കണമായിരുന്നു..ചിലത് ചെയ്തു തീര്‍ക്കാന്‍ ബാക്കി കിടക്കുവല്ലേ...എല്ലാരേയും ഒരു പാഠം പഠിപ്പിക്കണം നന്ദി കെട്ട പാണ്ടികള്‍ ..! കാണിച്ചു കൊടുക്കാം..! മാധവേട്ടന്‍ സ്വയം പുലമ്പി കൊണ്ട് നടന്നു.ഇറച്ചി പാലം കടന്നപ്പോള്‍ റോഡില്‍ നിന്നും മാധവേട്ടന്‍ താഴേക്ക് ചാടി ..കാടിനുള്ളില്‍ കൂടി താഴേക്ക്‌ പോയാല്‍ മുല്ലപ്പെരിയാറില്‍ നിന്നും പെരിയാര്‍ പവര്‍ സ്റ്റേനിലേക്ക് പോകുന്ന സ്പില്‍വേ പൈപ്പുകള്‍ കാണാം..അത് വഴി ആണ് തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ട് പോകുന്നത് ..മാധവേട്ടന്‍ അതിനെ ലക്ഷ്യമാക്കി കാട്ടില്‍ കൂടി നടന്നു...ആയിരം ചീവീടുകള്‍ ഒരുമിച്ചു ചിലക്കുന്നത്‌ പോലെ ഉള്ള ശബ്ദം ..തണുത്ത കാറ്റ് ആഞ്ഞു വീശുന്നുമുണ്ട്‌.. .മണ്ണിനടിയില്‍ കൂടി പോകുന്ന പൈപ്പ് പുറത്തു കാണുന്ന ഭാഗത്ത്‌ എത്തിയപ്പോള്‍ അയാള്‍ തന്റെ കൈ സഞ്ചിയില്‍ സൂക്ഷിച്ചിരുന്ന ടൈം പീസ് ഖടിപ്പിച്ച നാടന്‍ ടൈം ബോംബ്‌ പുറത്തെടുത്തു..കാന്തം ഒട്ടുന്ന തരത്തില്‍ ആയിരുന്നു അതിന്റെ നിര്‍മാണം ..പക്ഷെ പൈപ്പ് കാസറ്റ്‌ അയണ്‍ ആയതു കൊണ്ട് കാന്തം ഒട്ടിയില്ല...എങ്കിലും കയ്യില്‍  കരുതിയ കയര്‍ കൊണ്ട് ഒരെണ്ണം അവിടെ ഫിറ്റ്‌ ചെയ്തു...പൈപ്പ് പോകുന്നിടതെക്കെല്ലാം നടന്നു ഇടവിട്ട് സഞ്ചിയില്‍ ഉണ്ടായിരുന്ന മറ്റു നാല്  ബോംബുകളും ഖടിപ്പിച്ചു..


ഈ പൈപ്പ് വഴിയല്ലേ അവനൊക്കെ വെള്ളം കൊണ്ട് പോകുന്നത് ഇതെല്ലാം തകരട്ടെ...കാണാമല്ലോ കറുമ്പന്‍മാര്‍ക്ക് ഇനി എങ്ങനെ വെള്ളം കിട്ടുമെന്ന് ?? കോയമ്പത്തൂര്‍ പോയി ഒരു തമിഴന്റെ സഹായത്തോടെ തന്നെയാണ് ഇത് സംഘടിപ്പിച്ചത് ...അവന്‍ നിര്‍മ്മിച്ച  ബോംബ്‌  കൊണ്ട് തന്നെ അവരുടെ വെള്ളം കുടി മുട്ടട്ടെ... കൃത്യം അര മണിക്കൂര്‍ കഴിയുമ്പോള്‍ ഈ ബോംബുകള്‍ പൊട്ടും..അതോടെ അവരുടെ വെള്ളം കുടി മുട്ടും..ഈ കുറച്ചു നാളുകളില്‍ തുടങ്ങിയ കാത്തിരിപ്പ് ഈ അര മണിക്കൂറില്‍ അവസാനിക്കും..!

മാധവേട്ടന്‍ പോക്കറ്റില്‍ കരുതിയിരുന്ന വെറ്റില അടയ്ക്ക പൊതി പുറത്തെടുത്തു ..അതിനോടൊപ്പം ചെറിയ കുപ്പിയില്‍ സൂക്ഷിച്ച ഫ്യുരിടാനില്‍ കാംബോസ് എന്ന ഉറക്ക് മരുന്ന് കലര്‍ത്തിയ ദ്രാവകവും..ഇനി തനിക്കു പോകാം തെച്ചാമ്മയും മക്കളും അവിടെ കാത്തിരിപ്പുണ്ട്‌...ഒറ്റയ്ക്ക് വിട്ടതിന്റെ പരിഭവം കാണും അവര്‍ക്ക്..അവരുടൊപ്പം ജീവിച്ചു തനിക്കു  കൊതി തീര്‍ന്നിട്ടില്ല ..! അതിനു മുന്നേ അവസാനമായി വിശാലമായി ഒന്ന് മുറുക്കണം !*                  * *                  * *                  * *                  * *                  *


കോയമ്പത്തൂര്‍ ഹൈവേ റോഡിലെ അമ്മാസ് ടി സ്ടാള്ളില്‍ ചായ ഒഴിക്കുന്ന തിരക്കിലാണ് കറുപ്പ്ചാമി ..


" ഡേയ് മുത്ത് ഇങ്കെ വാ തമ്പി "


"എന്നാ അണ്ണാ എന്‍ കൂപ്പിടരേന്‍"


" ഡേയ് എന്നാ പാട്ടെടാ. എനടാ റൊമ്പ സിരിപ്പ് ..ഏതാവത് കിടചാച്ചാ "


" ഹഹഹ്ഹ അണ്ണേ അത് വന്ത്  ഒറ് കേരള പൈത്യം എങ്കിട്ടെ ബോംബ്‌ വേണം എന്ട്രു ചൊല്ലി വന്താച്ച് ..അന്ത അറിവ് കെട്ട മുണ്ടത്തുക്ക് ബോംബ്‌ എന്ന് ചൊല്ലി അയിഞ്ചു ടൈം പീസ്‌ കൊടുത്താച്ച് ..ഹഹഹ അയിഞ്ചു ചൈന ടൈം പീസ്‌ ,മാഗ്നെറ്റ് , കൊഞ്ചം പ്ലസിക് മൊത്തമാ 500 രൂപ ആച്ച് ..അന്ത പൈത്യം പുടിച്ചവന്‍ എനക്ക് 12000 തന്തിട്ടെ ..എന്നാ ആനന്ദം അയ്യാ  ഹഹഹ ..കേരള പൈത്യം ശോമ്ബേരി അറിവ് കെട്ട മുണ്ടം...അണ്ണേ എനക്ക് സ്ട്രോങ്ങാ ഒരു ടീ കൊടുങ്കോ...പുതുസ്സാ ഏതാവത് മുല്ലൈപ്പെരിയാര്‍  വാര്‍ത്തെ ഇറുക്കാ..."


"ഡേയ് നമ്മ അമ്മാ എല്ലാം മുടിച്ചാച്ച്...പിരധാന മന്തിരി  ചിംഗ് ഇങ്ങേ വന്തിട്ടെന്‍ ഡാ..നമ്മ ചെന്നൈ വന്ത് അമ്മാവേ പാത്ത് അവ്വളവും മുടിച്ചു തിരുമ്പി പോയാച്ച് ..അന്ത ആള്‍ കേരളാവുക്ക്  പോകമാട്ടെ ഹഹ ...കേരള പൈത്യം അപ്പടി താന്‍ ഇരുക്കും ഡാ  ..കേരള പൈത്യങ്ങള്‍ക്ക്  തെരിയും ടാ തമിഴ് മക്കക്കിട്ടെ മോതിയാല്‍ എപ്പടി ഇരുക്കുമെണ്ട്രു ..അരി കിരി ഉപ്പു കിപ്പ് എല്ലാം ഇങ്കെ ഇരിപ്പേന്‍..അവരോടെ കിച്ചണില്‍ എതവും കെടക്കമാട്ടെ.. അവര്‍ക്ക് തെരിയും ഡാ...അന്ത @#@$ പുടുങ്കി മക്കള്‍ക്ക്‌ ......ഇന്താ നീ ടീ ശാപ്പിട് ഏതാവത് ഊത്തപ്പം കീത്തപ്പം വേണമാ ??  "


"ഊത്തപം കൊടുങ്കെ ...അണ്ണേ എങ്കിട്ടെ റൊമ്പ പണം ഇരുക്കെ...അന്ത മലയാളി മവനെ എമാത്തിയാച്ചയ്യ ഹഹ..നീങ്ക ഷോപ്പ് ക്ലോസ് പണ്ണി വാങ്കോ വൈന്‍ ഷോപ്പില്‍ പോലാം വാങ്കോ അണ്ണേ..."


*                  * *                  * *                  * *                  * *                  *


പ്രിയപ്പെട്ട കേരള മുഖ്യമന്ത്രിക്കും മലയാളി സഹോദരന്മാര്‍ക്കും ,


എന്റെ ഈ മരണത്തിനുത്തരവാദികള്‍ അയല്നാട്ടുകാരായ തമിഴന്മാരും താങ്കള്‍ ഉള്‍പ്പെട്ട എന്റെ നാട്ടിലെ രാഷ്ട്രീയ മന്ദബുദ്ധികളും മാത്രമാണ് ..! നൂറു വര്‍ഷത്തിലധികമായി മലയാളികളുടെ വെള്ളം കൊണ്ട് പോയി കൃഷി ചെയ്തു കറന്റ്‌ ഉത്പാദിപ്പിച്ച നന്ദി കെട്ട പാണ്ടികള്‍ ഒരു മലയാളിയായ എന്റെ വീട് കത്തിച്ചു..എന്റെ കൃഷി അവര് നശിപ്പിച്ചു ...എന്നെ തകര്‍ത്തു ...ഇപ്പോള്‍ ഡാം തകര്‍ന്നാലും നാല്‍പ്പതു ലക്ഷം പേര് മരിച്ചാലും അവര്‍ക്ക് വെള്ളം വേണം എന്ന പിടിവാശിയിലാണ്...താങ്കളും മറ്റു പാര്‍ട്ടിക്കാരും തലകുത്തി ശ്രമിച്ചിട്ടും നടക്കാത്ത കാര്യങ്ങള്‍ തമിള്‍നാട് മുഖ്യമന്ത്രി അമ്മ വളരെ എളുപ്പത്തില്‍ നേടുന്നുണ്ട്...സ്വന്തം പാര്‍ട്ടിയുടെ പ്രധാനമന്ത്രിയെ കാണാന്‍ പോലും താങ്കള്‍ക്കു മണിക്കൂറുകള്‍ കാത്തിരിക്കേണ്ടി വന്നപ്പോള്‍ അതേ പ്രധാനമന്ത്രി ഒരു ചര്‍ച്ചയ്ക്ക് വിളിച്ചിട്ട് പോകാന്‍ പോലും കൂട്ടാക്കാത്ത ജയലളിതാമ്മയെ അവരുടെ ഇരിപ്പിടത്ത് ചെന്ന്  കണ്ടു..അവര്‍ക്കനുകൂലമായി തീരുമാനങ്ങളും എടുത്തു..അതിവേഗം ബഹുദൂരം നടക്കുന്ന താങ്കള്‍ക്കും മറ്റു പ്രതിപക്ഷ കക്ഷികള്‍ക്കും രാഷ്ട്രീയ മുതലെടുപ്പിന് മാത്രമേ അറിയൂ ജനങ്ങളുടെ വികാരം അറിയില്ല ...അത് കൊണ്ട് ഇതില്‍ മലയാളികള്‍ക്ക് വേണ്ടി എന്നാല്‍ കഴിയുന്നത്‌ ഞാന്‍ ചെയ്യുന്നു ...ഈ പൈപ്പുകള്‍ തകര്‍ന്നു അത് വഴി ഈ മുല്ലപ്പെരിയാര്‍ പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. ..ഇത് തകരുമ്പോള്‍ ഒഴുകുന്ന വെള്ളത്തില്‍ ഒലിച്ചു പോകുന്ന എന്റെ മൃതശരീരത്തില്‍ നിന്നും ഈ കത്ത് നനഞ്ഞു നഷ്ട്ടപെടാതിരിക്കാന്‍ ഒരുപ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ചിട്ടുണ്ട് ..അതിനോടൊപ്പം ഞാന്‍ പലിശയ്ക്കു പണം വാങ്ങിയ കുറെ പേരുടെ പേരുവിവരങ്ങളും ..അവരോടു പറയണം ഈ നൂറു വര്ഷം കൊണ്ട് പോയ വെള്ളത്തിന്റെ കണക്കില്‍ ഈ പൈസ കൂടി  എടുത്തോളാന്‍....എന്റെ മൃതശരീരം എവിടുന്നു കിട്ടിയാലും ..ഈ കത്ത് താങ്കള്‍ വായിക്കണം എന്ന് അപേക്ഷിക്കുന്നു..


എന്ന്
മാധവന്‍ നായര്‍ .