2011, സെപ്റ്റംബർ 3, ശനിയാഴ്‌ച

അവസാനവാക്കുകള്‍.....

ഒരുപാട് നാളുകള്‍ക്ക് ശേഷം ഇന്ന് ഞാന്‍ ഒരു കത്ത് എഴുതുകയാണ്..! ചുരുങ്ങിയ വാക്കുകളില്‍ എഴുതിത്തീര്‍ക്കുന്ന ഈ കത്തിലെ അക്ഷരങ്ങള്‍ ഇത് വരെ എഴുതിയിട്ടുള്ള മറ്റെന്തിനെക്കാളും എനിക്ക് പ്രധാനപ്പെട്ടതായിരിക്കും...! ഇന്നും ഇന്നലെയും എന്റെ  ജീവിതത്തിലെ പ്രധാനപ്പെട്ട രണ്ടു ദിവസങ്ങളും..! ഇത്രയും മാനസിക സംഘര്‍ഷം ഇതിനു മുന്നേ അനുഭവിച്ചതായി ഞാന്‍ ഓര്‍ക്കുന്നില്ല..! ഈ കത്ത് വായിക്കുന്നവരുടെ കൂട്ടത്തില്‍ എന്റെ പ്രണയിനി കൂടി ഉള്‍പ്പെട്ടത് കൊണ്ടാണ് ഇതിന്‍റെ പ്രാധാന്യത്തെ കുറിച്ച് സൂചിപ്പിച്ചത്..!

ആദ്യമായി ഞാന്‍ അവളെ കാണുമ്പോള്‍ അവള്‍ക്കൊരു പതിനഞ്ചു വയസ്സുണ്ടാകും..! മുട്ടിനു മുകളില്‍ ഇളകിയാടുന്ന നീലയില്‍ പിങ്കു കളങ്ങളുള്ള പാവാടയും ഉടുത്ത് തലമുടി രണ്ടു വശത്തായി മെടഞ്ഞു കെട്ടി കൂട്ടുകാരികളോടൊപ്പം ചിരിച്ചുല്ലസിച്ച്‌ നീങ്ങുന്ന അവളുടെ മേല്‍ എങ്ങനെ ആണ് എന്റെ ശ്രദ്ധ പതിഞ്ഞതെന്നു ഞാന്‍ ഓര്‍ക്കുന്നില്ല..! പക്ഷെ ഒരു കൂട്ടം കുട്ടികളുടെ ഇടയില്‍ ഞാന്‍ പോലും അറിയാതെ എന്റെ കണ്ണുകള്‍ അവളെ തേടുമായിരുന്നു..! ചിരിക്കുമ്പോള്‍ അധരങ്ങള്‍ക്കിടയില്‍ സുന്ദരമായി പുറത്തു കാണുന്ന നിരയൊത്ത വെളുത്ത കുഞ്ഞു പല്ലുകള്‍ ഞാന്‍ തിരയുമായിരുന്നു ..! 


വിരസമായിരുന്ന എന്റെ ജീവിതം പ്രതീക്ഷകളുടെ ലോകത്തേക്ക് കടക്കുന്നത്‌ ഞാന്‍ അറിഞ്ഞു..! നാളുകളായി മുറിയുടെ ഒരു കോണില്‍ മൂടി വച്ചിരുന്ന നിലക്കണ്ണാടി പൊടി തട്ടി എടുത്തു കുറച്ചു നേരം എന്റെ മുഖം അതിന്റെ മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതും പതിവായി..! നിറങ്ങള്‍ കെട്ടുപോയിരുന്ന എന്റെ ജീവിതം വര്‍ണ്ണശബളമാകുന്നതും സ്വയം പറിച്ചെറിഞ്ഞ ആ സൗന്ദര്യം തിരിച്ചു വരുന്നതും എന്നെ അത്ഭുതപ്പെടുത്തുന്ന തിരിച്ചറിവുകളായിരുന്നു..!!

കഴിഞ്ഞ ഒന്‍പതു വര്‍ഷങ്ങളായി  എന്റെ പകലുകളും വൈകുന്നേരങ്ങളും നയനസൗഖ്യത്താല്‍  സമ്പന്നമാക്കിയിരുന്ന അവളുടെ സമയക്രമങ്ങള്‍ കണക്കാക്കിയായിരുന്നു എന്റെയും ജീവിതം..!


ഞങ്ങളുടെ സ്കൂളില്‍ നിന്നും കഷ്ട്ടിച്ചു രണ്ടു ബസ്‌ സ്ടോപ്പ്‌ അകലെയുള്ള പെണ്‍പള്ളിക്കൂടത്തിലായിരുന്നു അവള്‍ പഠിച്ചിരുന്നത്...! പോക്കിലും വരവിലും പരമാവധി നന്നായി അവളെ കാണാന്‍ കഴിയുന്ന സ്ഥലങ്ങള്‍ കണ്ടെത്തി എന്റെ സ്ഥാനം അവിടെ ഉറപ്പിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു..! അവളുടെ കുപ്പിവളകളുടെ നിറം , കമ്മലുകളുടെ ഭംഗി , പൊട്ടിന്റെ വലുപ്പ ചെറുപ്പം അങ്ങനെ തുടങ്ങി എല്ലാം ഓരോരോ ദിവസത്തെ അനുഭവക്കുറിപ്പായി എന്റെ ഡയറിയില്‍ എഴുതി സൂക്ഷിച്ചിട്ടുണ്ട്..! കൂടെ അവള്‍ക്കു വേണ്ടി സ്കൂളിലെ പൂന്തോട്ടത്തില്‍ നിന്നും ഞാന്‍ എന്നും കരുതുന്ന റോസാ പൂക്കളും..! കടലാസ്സു താളുകള്‍ക്കിടയില്‍ അമര്‍ന്നു  കരിഞ്ഞ ആ പൂക്കള്‍ ഇന്ന് കാണുമ്പോള്‍ എന്റെ മനസ്സിലെ പ്രതീക്ഷകളുടെ പ്രതീകം തന്നെയല്ലേ അതെന്നു തോന്നുന്നുണ്ട്..!

അവിടുന്നുള്ള അവള്‍ടെ വളര്‍ച്ചയുടെ ഓരോ ഘട്ടവും എനിക്ക് ഹൃദ്യസ്ഥം..! പാവാടയില്‍ നിന്നും ചുരിദാര്‍ലേക്കും അവിടുന്ന് സാരിയിലേയ്ക്ക് വളരുമ്പോഴും അവളില്‍ സ്ഥായിയായി ഒന്നുണ്ടായിരുന്നു..!! മനോഹരമായ അവളുടെ ചിരി..! കണ്ടുതുടങ്ങിയ നാള്‍ മുതല്‍ ഇന്നുവരെ ഒരു മാറ്റവും ഉണ്ടായിരുന്നില്ല ആ മനോഹാരിതയ്ക്ക് ..! എന്നെ സംബന്ധിച്ചിടത്തോളം ചിരി എന്നാല്‍ ദൈവം വളരെ പക്ഷപാതപരമായി തന്റെ വ്യത്യസ്ത സൃഷ്ട്ടികളില്‍  മൃഗങ്ങള്‍ക്ക് കൊടുക്കാതെ അവനു പ്രിയപ്പെട്ടത് എന്ന് കരുതപ്പെടുന്ന മനുഷ്യന് മാത്രം സൂക്ഷിച്ചു വച്ച പല കാര്യങ്ങളില്‍ ഒന്ന് മാത്രമായിരുന്നു..! അതെന്നെ വിട്ടു ഒഴിഞ്ഞിട്ട് കുറച്ചു കാലം ആയിരുന്നല്ലോ !! കേവലം ചുണ്ടുകള്‍ കൊണ്ട് കാണിക്കുന്ന ഗോഷ്ട്ടി എന്ന് ഞാന്‍ വിലയിരുത്തിയിരുന്ന ആ ചിരി ഇത്ര മനോഹരമാണെന്ന് മനസ്സിലാക്കുന്നത് അവളെ കാണുമ്പോള്‍ മാത്രമായിരുന്നു..!

കുറച്ചു നാളുകളുടെ ഇടവേളയ്ക്ക് ശേഷം വീണ്ടും  അവളെ കണ്ടത് എബില്‍ന്റെ കോളേജില്‍ വച്ചാണ്..! അപ്രതീക്ഷിതമായിരുന്നു ആ കൂടിക്കാഴ്ച ..! പിന്നെ..പിന്നെ അവളെ കാണാന്‍ വേണ്ടി മാത്രം പല തവണ പല കാരണങ്ങള്‍ നിരത്തി ആ കലാലയ അങ്കണത്തില്‍ പോയിട്ടുണ്ട് ഞാന്‍..! എബില്‍ പഠിക്കുന്നത് അവിടെ തന്നെ ആയതു കൊണ്ട് എപ്പോള്‍ വേണമെങ്കിലും എനിക്ക് അവിടെ പോകാമായിരുന്നു...!! എന്റെ ഒരേ ഒരു  ബന്ധുവും സുഹൃത്തും അവന്‍ മാത്രം ആണല്ലോ..!

പ്രണയം മനസ്സിലും ഹൃദയത്തിലും കത്തിജ്ജ്വലിച്ചു നിന്നിട്ടും അവളോട്‌  ഒരു അക്ഷരം പോലും സംസാരിക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല..! ഇപ്പോള്‍ നിങ്ങള്‍ ഉറപ്പായും കരുതും ഞാന്‍ വെറും ഒരു കഴിവ്കെട്ടവന്‍ ആണെന്ന് ..! അതില്‍ തെറ്റില്ല എനിക്ക് പരാതിയും ഇല്ല ..! മനസ്സ് കൊണ്ട് ഇഷ്ടമായ സ്ത്രീയോട് മനുഷ്യ ജന്മത്തിന് പുണ്യവരദാനം ആയി കിട്ടിയ പ്രണയം എന്ന മനോഹരമായ വികാരം തോന്നിയാല്‍ അത് വിളിച്ചു പറയാന്‍ മടിക്കുന്ന പുരുഷന്‍ വെറും കഴിവുകേടിന്റെ അല്ലെങ്കില്‍ പരിപൂര്‍ണ്ണ തോല്‍വിയുടെ ഉദാഹരണം മാത്രമാണ്..!!

പക്ഷെ അവളോട്‌ സംസാരിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു..! അതിനു വേണ്ടി ഏറ്റവും എളുപ്പമായ മനസ്സിന്റെ ഭാഷ തിരഞ്ഞെടുത്തു..! അതില്‍ കൂടി ഞാന്‍ പ്രണയിച്ചു..! ലാളിച്ചു, കൊഞ്ചിച്ചു, വഴക്കിട്ടു..! എന്റെ മോഹങ്ങളുടെ ആകെത്തുകയായ  പ്രണയിനിയുമായി മനസ്സിന്റെ ലോകത്തില്‍ ഏറ്റവും സന്തോഷവാനായി ജീവിച്ചു..! വല്ലപ്പോഴും മാത്രം   ഈശ്വരനെ വിളിച്ചു ബുദ്ധിമുട്ടിക്കാന്‍ ഇഷ്ട്ടപ്പെട്ടിരുന്ന ഞാന്‍ അതില്‍ പിന്നെ പതിവായി എന്റെ പ്രാര്‍ത്ഥനകളില്‍ അവളെക്കൂടി ഉള്‍പ്പെടുത്തി ..!


അവളെ കാണാതിരിക്കുന്ന ചില ദിവസങ്ങളില്‍ മനസ്സ് എവിടെയും ഉറയ്ക്കുന്നതായി എനിക്ക് തോന്നിയിരുന്നില്ല..! ആ ദിവസങ്ങളില്‍ ക്ലാസ്സ്‌ മുറികളിലും വരാന്തയിലും വെറുതെ അലഞ്ഞു തിരിയുന്ന എന്നെ നോക്കി ചിലപ്പോള്‍ ആരേലും പരിഹസിച്ചിട്ടും ഉണ്ടാകാം..! അല്ലെങ്കിലും എന്റെ മൗനീഭാവം, അടഞ്ഞു ഒതുങ്ങിയ പ്രകൃതം ഇതൊക്കെ പലപ്പോഴും മറ്റുള്ളവര്‍ സംസാരവിഷയമാക്കാറുള്ളതായി എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്.!

ഒരുപാട് വിവരിച്ചു എന്റെ മനസ്സിലുള്ള പ്രണയത്തെ മുഴുവന്‍ നിങ്ങളുടെ മുന്നില്‍ നിരത്താന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല...! അത് എന്റെ സ്വകാര്യത മാത്രം ആയിരുന്നോട്ടെ..! അല്ലെങ്കില്‍ എന്റെ സ്വകാര്യ അഹങ്കാരം..!

ഇനി ഞാന്‍ പറയാന്‍ പോകുന്നത് ആദ്യം സൂചിപ്പിച്ച രണ്ടു ദിവസങ്ങളുടെ പ്രാധാന്യത്തെ കുറിച്ചാണ് ..!

അതില്‍ ഒരു ദിവസമായ ഇന്നലെ എന്റെ ഔദ്യോഗികജീവിതത്തിലെ അവസാനദിനമായിരുന്നു...! ഒന്ന് കൂടി ചുരുക്കി പറഞ്ഞാല്‍ വിരമിക്കല്‍ ദിനം..!! നീണ്ട ഇരുപത്തിരണ്ടു വര്‍ഷത്തെ അധ്യാപക ജീവിതത്തിനു വിരാമം ..! എന്റെ പ്രിയപ്പെട്ട വിദ്യാലയത്തിലെ അവസാനദിനം..! ഈ സാഹചര്യത്തില്‍ മറ്റേതൊരു വ്യക്തിയും അനുഭവിക്കുന്ന ദുഖകരമായ മാനസികാവസ്ഥ എന്നെയും പിടി കൂടിയിരുന്നു എന്നുള്ളത് സത്യമാണ് ..! അതിലുപരി എന്റെ പ്രിയപ്പെട്ടവളെ ഔദ്യോഗിക വൃത്തിയുടെ ഭാഗമായ സമയക്രമങ്ങളില്‍ സ്വാഭാവികമായി കാണാന്‍ കഴിഞ്ഞിരുന്നത് അവസാനിക്കുമല്ലോ എന്നുള്ള വിഷമമായിരുന്നു എന്റെ ഉള്ളില്‍ നിറഞ്ഞു നിന്നത്  ..!


പുറത്തു നിന്നും നോക്കുന്നവര്‍ക്ക് ഞാനൊരു വിജയിച്ച മനുഷ്യനാണ്..! പല തവണ മാതൃകാധ്യാപകന്റെ പുരസ്ക്കാരം നേടാന്‍ ഭാഗ്യം സിദ്ധിച്ച വ്യക്തി..! ഒരു തരത്തിലുള്ള പിഴവുകളും ജീവിതത്തില്‍ വരുത്തിയിട്ടില്ലാത്ത, മറ്റുള്ളവര്‍ക്ക് ചൂണ്ടിക്കാണിക്കാന്‍ പാകത്തില്‍ ജീവിത മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കുന്ന സമൂഹത്തിലെ മാന്യവ്യക്തിത്വം..! ഒരു കുഞ്ഞിനെ പ്രസവിച്ചു കൈകളില്‍ ഏല്‍പ്പിച്ചു അന്ന് തന്നെ പരലോകം പ്രാപിച്ച ഭാര്യയെ കുറിച്ച് മാത്രം ഓര്‍ത്തു മറ്റൊരു വിവാഹം പോലും കഴിക്കാന്‍ തയ്യാറാകാതെ ജീവിച്ച ആദര്‍ശപുരുഷന്‍..! ഇപ്പോള്‍ നിങ്ങള്‍ക്കൊരു ഏകദേശരൂപം കിട്ടുന്നുണ്ടാകും എന്ത് കൊണ്ടാണ് എന്റെ ഉള്ളിലെ കാമുകന്‍ പ്രണയം സംവദിക്കാന്‍ മനസ്സിന്റെ ഭാഷ മാത്രം തിരഞ്ഞെടുത്തതെന്ന്..!!

സ്വയം അഭിമാനിക്കാന്‍ എനിക്കും ഉണ്ട് ഒരുപിടി കാര്യങ്ങള്‍ ..! മാതൃസ്നേഹത്തിന്റെ കുറവ് അധികമൊന്നും അറിയിക്കാതെ എന്റെ എബിലിനെ വളര്‍ത്തി അവന്‍ ആഗ്രഹിച്ച കോളേജില്‍ തന്നെ പഠിപ്പിച്ചു..! അവന്റെ  ഇരുപത്തി അഞ്ചാം പിറന്നാളിന്റെ അന്നുതന്നെ ആഗ്രഹിച്ച ഏറ്റവും നല്ല ഉദ്യോഗത്തില്‍ അവന്‍ പ്രവേശിക്കുന്നതും ഈ ജീവിതകാലയളവില്‍ കാണാന്‍ സാധിച്ചു എന്നുള്ളത് പറഞ്ഞറിയിക്കാന്‍ വയ്യാത്ത സന്തോഷവും അഭിമാനവും ആണ് എനിക്ക് നല്‍കുന്നത്..! കാരണം അവനു വേണ്ടി മാത്രം ആണ് ഞാന്‍ ജീവിച്ചിരുന്നത് ..! ഒരു മകന്‍ എന്ന നിലയില്‍ എനിക്ക് അഭിമാനം മാത്രമാണ് എബില്‍..! അവന്റെ ഒരു ആഗ്രഹങ്ങള്‍ക്കും ഞാന്‍ എതിര് നില്‍ക്കില്ല എന്ന് അറിഞ്ഞിരുന്നിട്ടും എന്റെ കഴിവിനുള്ളില്‍ സാധിക്കുന്ന വളരെ പരിമിതമായ ആഗ്രഹങ്ങള്‍ മാത്രമേ എന്നോട് അവന്‍ ആവശ്യപ്പെട്ടിരുന്നുള്ളൂ ..!

ഇനി രണ്ടാമത്തെ ദിവസമായ ഇന്നിന്റെ പ്രാധാന്യം എന്താണെന്നല്ലേ....?? പറയാം ! ഇന്നെന്റെ പ്രണയിനിയുടെ വിവാഹമായിരുന്നു ..!! കുറച്ചു നിമിഷങ്ങള്‍ക്കുള്ളില്‍ അവളുടെ ആദ്യരാത്രിയും..! കുറച്ചധികം രാത്രികളില്‍ എന്റെ മാത്രം സ്വാതന്ത്ര്യമായ സ്വപ്നങ്ങളില്‍ അവളോടൊപ്പം കഴിഞ്ഞ ഓര്‍മ്മകള്‍ മനസ്സില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ തന്നെ എന്റെ പ്രിയപ്പെട്ടവള്‍ അവളുടെ ആദ്യരാത്രി ആസ്വദിക്കാന്‍ ഒരുങ്ങുന്നു...! അതും എന്റെ ഈ ഭവനത്തില്‍ തന്നെ..! എന്റെ എബിലിന്റെ ഭാര്യ എന്ന സ്ഥാനം അന്തസ്സോടെ അലങ്കരിച്ചു കൊണ്ട്..!!! ഇപ്പോള്‍ ഞാന്‍ അനുഭവിക്കുന്ന മാനസികസംഘര്‍ഷത്തിന്റെ ആഴം നിങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിയുമായിരിക്കും അല്ലെ ?

വിജയിച്ചു മാത്രം ശീലിച്ച അച്ഛന്‍ എന്ന പദവിയില്‍ ഇരിക്കാന്‍ ആഗ്രഹിക്കുന്ന ആളാണ്‌ ഞാന്‍ ..! എന്റെ സല്‍പ്പേരിനു കളങ്കം വീഴുന്നതിന്റെ ആഘാതം കുറയ്ക്കാന്‍ വേണ്ടിയാകണം ഔദ്യോഗിക ജീവിതം കഴിയുന്ന ദിവസം വരെ എബില്‍ ക്ഷമിച്ചു കാത്തു നിന്നത്..! അവനു ഞാന്‍ അനുവദിച്ചു കൊടുത്തിരുന്ന സ്വാതന്ത്ര്യം ഉപയോഗിച്ച് ഒരേ കോളേജില്‍ പഠിച്ചു പ്രണയിച്ച കുട്ടിയെ രെജിസ്റ്റെര്‍ കല്യാണം കഴിച്ചു കൊണ്ട് വന്നപ്പോള്‍ രണ്ടു കൈയും നീട്ടി സ്വീകരിക്കാന്‍ മാത്രമേ സ്നേഹനിധിയായ അച്ഛന്‍ എന്ന നിലക്ക് എനിക്ക് സാധികുമായിരുന്നുള്ളൂ ..! പക്ഷെ അത്യന്തം ക്രൂരമായ ഈ വിധി എന്റെ ഉള്ളിലെ പ്രണയിതാവിനെ പരാജയത്തിന്റെ പടുകുഴുയിലേക്ക് തള്ളിയിടുകയായിരുന്നു...!

പ്രത്യക്ഷത്തില്‍ ഒരിക്കല്‍ പോലും പ്രകടമാക്കാന്‍ കഴിയാത്ത എന്റെ പ്രണയം അപ്രത്യക്ഷമായി തന്നെ നിലനിര്‍ത്താന്‍ നിര്‍ബന്ധിതനായത് കൊണ്ട് മറ്റൊരു നിവൃത്തിയും ഇല്ലാതെ സ്വയം ഒഴിവാകാന്‍ ഞാന്‍ തയ്യാറായി ..!  എന്റെ സ്വപ്നങ്ങളും വിഷമങ്ങളും സന്തോഷങ്ങളും ഒരു പോലെ മനസ്സിലാക്കിയ ഈ  ഭവനത്തില്‍ നിന്നും ഇന്ന് ഞാന്‍ പടി ഇറങ്ങുകയാണ് ..! എന്റെ എബിലിനും അവന്റെ സഹധര്‍മിണിയ്ക്കും എല്ലാ അനുഗ്രഹങ്ങളും നല്‍കുന്നതോടൊപ്പം "ഞാന്‍ പോകുന്നു" എന്ന് രണ്ടു വാക്കില്‍ മാത്രം എഴുതിയ ഈ കത്ത് ഇവിടെ അവശേഷിപ്പിക്കുന്നു ..! 

ആരോടും പറയാതെ ആരെയും ഒന്നും അറിയിക്കാതെ ഒരു പാലായനം..! ഒരു തരത്തില്‍ പറഞ്ഞാല്‍ എന്റെ  പരാജയം പൂര്‍ണ്ണമായും സമ്മതിച്ചു കൊണ്ടൊരു മൂകമായ വിടവാങ്ങല്‍ ..! പുറംലോകം നാളെ എന്റെ ഈ വിടവാങ്ങലിനെയും അപ്രത്യക്ഷം എന്ന പേരില്‍ തന്നെ വിളിച്ചേക്കാം ..!

***********◘---♣----------------------♣♣------------------------♣---◘***********