പേജുകള്‍‌

2011, ഓഗസ്റ്റ് 8, തിങ്കളാഴ്‌ച

അകലങ്ങളില്‍ ....

 
കാത്തിരിപ്പ് വല്ലാതെ മുഷിവുണ്ടാക്കുന്ന ഒരു കാര്യമാണ് ..! പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി കാത്തിരിക്കുന്നത് ചിലപ്പോഴൊക്കെ കുറച്ചു സുഖമുള്ള കാര്യമാണെങ്കിലും അവരുടെ അടുക്കലേക്ക് എത്തിച്ചേരാന്‍ മിടിപ്പോടെ കാത്തിരിക്കുന്നത് വളരെ വിഷമം പിടിച്ച ഒരു കാര്യം തന്നെ..പ്രത്യേകിച്ചും അവര്‍ക്കിടയില്‍ ഒരു കടലിന്റെ ദൂരം കൂടി ആകുമ്പോള്‍....!ഈ അവസ്ഥയില്‍ വിമാനം എന്ന മനുഷ്യചിറകില്‍ ഒന്ന് കേറി കിട്ടാന്‍ വേണ്ടി  കാത്തിരിക്കുന്നത് ഏറ്റവും ദുസ്സഹവും ..!


ഇന്നലെ അനുജന്റെ കാള്‍ മൊബൈലിലെക്ക് വരുന്നത് വരെ എന്റെ മനസ്സ് വളരെ സന്തുഷ്ട്മായിരുന്നു.
"അച്ഛ വണ്ടിയില്‍ നിന്നും ഒന്ന് വീണു ..പേടിക്കാന്‍ ഒന്നുമില്ല.."..അവന്റെ വാക്കുകളില്‍ അസ്വാഭാവികത ഒന്നും  തന്നെ തോന്നിയില്ലെങ്കിലും അതെന്നെ വല്ലാത്ത ഒരു മാനസികാവസ്ഥയിലേക്ക് കൊണ്ട് പോയി...ആഗ്രഹിക്കാതെ തന്നെ എന്തൊക്കെയോ ദുസ്സൂചനകള്‍ മനസ്സിലേക്ക് കയറിത്തുടങ്ങി...ഇത്തരം ഫോണ്‍ കാളുകള്‍ എന്നെ പോലെ വീട്ടില്‍ നിന്നും അകന്നു നില്‍ക്കുന്ന ഒരാളെ എന്നും ഭീതിയില്‍ മാത്രമേ നിര്‍ത്തൂ .ആ വാക്കുകള്‍ ഏല്‍പ്പിച്ച ആഘാതത്തില്‍  നിന്നും ഉണര്‍ന്ന ഞാന്‍ വേഗം തന്നെ അച്ഛയുടെ ഫോണിലേക്ക് വിളിച്ചു .കണക്ട് ആകുന്നില്ല...!.മനസ്സ് കൂടുതല്‍ സംഘര്‍ഷത്തിലേക്ക് വഴുതി വീഴുന്നത് ഞാന്‍ തിരിച്ചറിഞ്ഞു...!!


അച്ഛ...!.എന്റെ ജീവിതത്തില്‍ ഏറ്റവും ഞാന്‍ ബഹുമാനിക്കുന്ന,ആരാധിക്കുന്ന ഒരേ ഒരു വ്യക്തി...!.ഞാന്‍ എന്ന വ്യക്തിത്വത്തില്‍  എന്തെങ്കിലും സവിശേഷതകള്‍ ഉണ്ടെങ്കില്‍ അതിന്റെ പൂര്‍ണ അവകാശം എന്റെ പ്രിയപ്പെട്ട അച്ഛയ്ക്ക് തന്നെ..! .ആരൊക്കെ എന്റെ ജീവിതത്തില്‍ വന്നു പോയിട്ടുണ്ടെങ്കിലും അച്ഛയുടെ അത്രയും സ്വാധീനം ആര്‍ക്കും തന്നെ എന്നില്‍ ചെലുത്താന്‍ കഴിഞ്ഞിട്ടില്ല..! അച്ഛയുടെ ഒരു വിളിയില്‍ ആയിരുന്നു എന്റെ ആദ്യ ചലനം പുറം ലോകത്തിനെ അറിയിച്ചതെന്ന് അമ്മ പറഞ്ഞു ഞാന്‍ കേട്ടിട്ടുണ്ട്..എന്നെ ഉള്ളില്‍ പേറിയിരുന്ന അഞ്ചാം മാസം ..എന്റെ കുഞ്ഞു  പാദം ആദ്യമായി അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ആഞ്ഞു ചവിട്ടിയത് അച്ഛയുടെ ആ വിളി കേട്ടായിരുന്നു..! ഞാന്‍ ആദ്യമായി ശ്രവിച്ച ശബ്ദം അതാകാം ..! അന്ന് മുതല്‍ തുടങ്ങിയതാകാം അച്ഛയും ആയിട്ടുള്ള എന്റെ ആത്മബന്ധം..വല്ലാത്ത ആഴം ഉണ്ട് ആ ബന്ധത്തിന് വല്ലാത്ത ഉറപ്പും ..രക്തബന്ധത്തിനോ , എന്റെ സൃഷ്ടിയില്‍ പ്രധാന പങ്കു വഹിച്ച ആളെന്നതിലോ അപ്പുറം മാനസികമായി അടിഉറച്ച സ്നേഹത്തിന്റെ ശക്തി കൂടി അതില്‍ ഉണ്ടായിരുന്നു..!


എരിഞ്ഞു തീര്‍ന്ന സിഗരറ്റ് കുറ്റി കുത്തി അണച്ചു കൊണ്ട്..ഞാന്‍ സെക്രട്ടറിയെ വിളിചു നാട്ടിലേക്കു പോകാന്‍ ഏറ്റവും അടുത്ത് കിട്ടാന്‍ സാധ്യത ഉള്ള ടിക്കറ്റ്‌ എടുക്കാന്‍ ആവശ്യപ്പെടുന്നതിനും വളരെ മുന്നേ  അറിയാതെ എന്റെ മനസ്സില്‍ ആ തീരുമാനം ഉറച്ചിരുന്നു..!എന്തായാലും എത്രയും വേഗം നാട്ടില്‍ എത്തുക... എന്റെ സാന്നിധ്യം അവിടെ ഉണ്ടാകണം അച്ഛയോടൊപ്പം .....!


സമയം ഇഴഞ്ഞു മാത്രം നീങ്ങുന്നത്‌ പോലെ..!.എയര്‍പോര്‍ട്ടിലെ സ്മോക്കിംഗ്  കുബിക്കിളില്‍ കയറി ഒരു സിഗരറ്റ് പുകച്ചു..ചില ദുശീലങ്ങള്‍ ചില സമയങ്ങളില്‍ ആശ്വാസം നല്‍കിയേക്കും ..!! എന്റെ മനസിന്റെ സംഘര്‍ഷങ്ങള്‍ക്ക് പലപ്പോഴും ഈ ദുശീലം ഒരു പരിധിവരെ അയവ് നല്‍കാറുണ്ട് ....ആ പ്രശ്നങ്ങളില്‍ നിന്നും ആശ്വാസം തേടാന്‍ ശ്രമിക്കുന്ന മനസ്സിന്റെ പാഴ്ശ്രമം മാത്രം ആകാം അത് ...!!


രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ദുബൈയില്‍ നിന്നും ബഹറിനിലേക്ക് വന്ന അന്ന് മുതല്‍ എനിക്ക് ഇവിടം ഒട്ടും തന്നെ ഇഷ്ടപ്പെടാന്‍ ആകാത്ത, പൊരുത്തപ്പെടാന്‍ കഴിയാത്ത അവസ്ഥയാണ്..!!.ജോലിയില്‍ ഒരു തൃപ്തിയും തോന്നുന്നില്ല..എന്നും ചെയ്യുന്നത് ഒരേ ജോലി ..എത്ര ചെയ്താലും അംഗീകാരം തരാന്‍ മടിക്കുന്ന അറബി മേലധികാരികള്‍,ദുബൈയെ അപേക്ഷിച്ച് വളരെ മോശം സാഹചര്യങ്ങള്‍ !!..ആകെ ഒരു ഗുണം എന്താണെന് വച്ചാല്‍ കമ്പനി നല്ലതെന്നും അവിടുത്തെക്കാള്‍ കുറച്ചു ഉയര്‍ന്ന ശമ്പളവും മാത്രം..!ശരിക്കും മടുത്തു ...ഈ ജോലി വിടണം..ഒന്ന് പുറത്തേയ്ക്ക് ഇറങ്ങിയാല്‍ പൊടിപടലങ്ങള്‍ നിറഞ്ഞ നരച്ച നിറമുള്ള ആകാശവും, അടുക്കും ചിട്ടയും ഇല്ലാതെ നിര്‍മിച്ചതെന്ന് തോന്നുന്ന റോഡുകളും , ദുബായിയും ആയി താരതമ്യം ചെയ്‌താല്‍ വൃത്തി തീരെ കുറഞ്ഞ പൊതു സ്ഥലങ്ങളും ഒക്കെ കൂടി ഈ രാജ്യം എന്നെ വല്ലാതെ മുഷിപ്പിക്കുന്നു..!എത്രയും വേഗം തന്നെ തിരിച്ചു പോകണം വേറെ ഒരു ജോലി നോക്കണം..ഇങ്ങോട്ട് വരാന്‍  തീരുമാനിച്ച സമയത്തെ പല തവണ ഞാന്‍ ശപിച്ചു..!!എല്ലാ തീരുമാനങ്ങള്‍ക്കും എപ്പോഴും തുണ നിന്നിരുന്ന ദൈവം ഇതില്‍ എന്നെ കൈ വിട്ടതാണോ..?


മനോഹരമായ സ്ത്രീ ശബ്ധത്തില്‍ ഉച്ചത്തില്‍ കേട്ട അനൌണ്സ്മെന്റ് ഓര്‍മകളില്‍ നിന്നും എന്നെ ഉണര്‍ത്തി ..കുട്ടിക്കാലത്തൊക്കെ എയര്‍പോര്‍ട്ട്‌ എന്ന സങ്കല്പം തന്നെ സിനിമകളില്‍ മാത്രം കേട്ടിട്ടുള്ള ഈ ശബ്ധത്തില്‍ നിന്നുള്ള അനൌണ്സ്മെന്റ് ആണ്..! പെട്ടെന്നായത് കൊണ്ട് ടിക്കറ്റ്‌ തരപ്പെട്ടത് എയര്‍ അറേബ്യ എന്ന ബജറ്റ് എയര്‍ ലൈന്സില്‍ ..! എന്തില്‍ ആയാലും കുഴപ്പം ഇല്ല എത്രയും വേഗം നാട്ടില്‍ എത്തിയാല്‍ മതി..!ഒരു കയ്യില്‍ ലാപ്ടോപ്പും തൂക്കി ഫ്ലൈറ്റിലേക്കുള്ള കയറാനുള്ള വരിയില്‍ ഞാനും കാത്തു നിന്നു ..മനസ്സ് കൊണ്ട് ഞാന്‍ എന്റെ അച്ഛയുടെ അടുത്ത് തന്നെ..!


ബോര്‍ഡിംഗ് പാസ്സിലെ സീറ്റ്‌ നമ്പര്‍ നോക്കി സീറ്റ്‌ തപ്പിപിടിച്ചു അടുത്തെത്തി ..അവിടെ ഒരു മാന്യന്‍  നേരത്തെ തന്നെ കയറി സ്ഥാനം പിടിച്ചിട്ടുണ്ട്...കണ്ടാല്‍ അറിയാം ഏതോ കരാര്‍ തൊഴിലാളി ആയ ഒരു മലയാളി ആണ് അത്..അടുത്ത സീറ്റില്‍ മറ്റൊരു മനുഷ്യനും...ഞാന്‍ കുറച്ചു നേരം അവിടെ നിന്നു എന്റെ സീറ്റ്‌ കയ്യടക്കിയ ആളെ നോക്കി...അയാള്‍ക്ക്‌ ഒരു കൂസലും ഇല്ല...മദ്യത്തിന്റെ രൂക്ഷ ഗന്ധം അയാളില്‍ നിന്നും പ്രവഹിക്കുന്നുണ്ട് ...!


ആ ഇരിപ്പും ഭാവവും കണ്ടു തീരെ സുഖിക്കാത്ത ഞാന്‍ അയാളുടെ ഭാഷ മലയാളം ആണെന്ന് മനസ്സിലായിട്ടും  അതിനപ്പുറത്തെ മലയാളി അഹന്ത പുറത്തെടുത്തു കൊണ്ട് മൊഴിഞ്ഞു.!!


" ഇറ്റ്സ് മൈ സീറ്റ്‌...കാന്‍ യു ചെക്ക്‌ യുവര്‍ സീറ്റ്‌ നമ്പര്‍ അഗൈന്‍ ?" 


"വാട്ട്‌ ഈസ്‌ യുവര്‍ സീറ്റ്‌ നമ്പര്‍ ??" 
അയാളുടെ മറുചോദ്യം അതിശയത്തോടൊപ്പം തന്നെ എന്നില്‍ ഒരു ചമ്മല്‍ ഉണ്ടാക്കി എങ്കിലും അതവിടെ  കാണിക്കാന്‍ ഞാന്‍ തയ്യാറായില്ല ...!


അപ്രതീക്ഷിതമായി അയാളുടെ മറുചോദ്യം എന്നില്‍ ഉളവാക്കിയ ചമ്മല്‍ മറക്കുന്നതിനു വേണ്ടി ആദ്യമേ ഉള്ളില്‍ കുറച്ചായി ഉരുണ്ടു കൂടിയ ദേഷ്യം ഉപയോഗിക്കാന്‍ ഞാന്‍ തീരുമാനിച്ചു...! എന്റെ അടുത്ത വാക്കുകള്‍ കടുപ്പിച്ചു ഉപയോഗിക്കുന്നതിനു മുന്നേ തന്നെ ഞങ്ങളെ ശ്രദ്ധിച്ചു കൊണ്ടിരുന്ന ഒരു എയര്‍ ഹോസ്റെസ്സ് വന്നു സീറ്റ്‌ നമ്പര്‍ നോക്കുകയും അയാളെ ശകാരിച്ചു അവിടുന്ന് എഴുന്നേല്‍പ്പിച്ചു പുറകിലേക്ക് വിടുകയും ചെയ്തു ...! വേഷത്തിലും കാഴ്ചയിലും അയാളേക്കാള്‍ മുകളില്‍ ആണെന്ന് തോന്നിയത് കൊണ്ടാകാം ആ സുന്ദരി എന്നോട് വളരെ മാന്യമായ ഭാഷ ആയിരുന്നു ഉപയോഗിച്ചത്..!


അയാള്‍ടെ അടുത്തെന്ന് തിരിച്ചു പിടിച്ച സീറ്റില്‍ കുറച്ചു അഭിമാനത്തോടെ ഞാന്‍ അമര്‍ന്നിരുന്നു ...അയാളെ പറഞ്ഞു വിട്ടെങ്കിലും അടുത്തിരുന്ന മനുഷ്യന്‍ അവിടെ തന്നെ ഉണ്ടായിരുന്നു...എന്റെ മുഖത്ത് നോക്കി അയാള്‍ ചിരിക്കാന്‍ ശ്രമിക്കുന്നത് പോലെ തോന്നി..ഞാനും വളരെ ബുദ്ധിമുട്ടി ചിരിച്ചു എന്ന് വരുത്തി..എന്റെ സീറ്റില്‍ ഒതുങ്ങി...അവിടെ നിറഞ്ഞു നിന്ന വിയര്‍പ്പിന്റെ മുഷിഞ്ഞ മണം എന്നെ മനം മടുപ്പിച്ചു...അടുത്തിരുന്ന ആ മനുഷ്യനില്‍ നിന്ന് തന്നെ ആകണം...!


സീറ്റ് ബെല്‍റ്റ്‌ മുറുക്കി ടേക്ക് ഓഫ്‌നു റെഡി ആയ ഞാന്‍ വിമാനയാത്രകളില്‍ എപ്പോളും എന്ന പോലെ മനസ്സില്‍ ദൈവത്തിനോട് പ്രാര്‍ത്ഥിച്ചു .ആര്‍ക്കറിയാം ആകാശത്ത് കൂടി സഞ്ചരിക്കുന്ന ഈ വാഹനം ഭൂമിയില്‍ സുരക്ഷിതമായി തന്നെ ഇറങ്ങുമെന്ന് ? ദൈവം തന്നെ രക്ഷ ..!!


ഒന്ന് മയങ്ങാം...അതാണ്‌ ഈ ബോറന്‍ യാത്രകളില്‍ മടുപ്പ് മാറ്റുന്ന ഏകമരുന്ന്..ഉറങ്ങാം കുറച്ചു നേരം .മനസും ഒന്ന് ശാന്തമാകും...!


അടുത്തിരിക്കുന്ന ആളുടെ ഇടവിട്ടുള്ള ചുമ എന്റെ ചെറുമയക്കത്തിനെ അലോസരപ്പെടുത്തി..!!.മനസ്സ് ആകെ കലുഷിതമായ ഈ അവസ്ഥയില്‍ കുറച്ചു മയങ്ങാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ആശ്വാസം ആയേനെ ..!.ഇനി അത് നടക്കും എന്ന് തോന്നുന്നില്ല ...കണ്ണുകള്‍ തുറന്നു ഞാന്‍ അയാളെ നോക്കി...!


വളരെ ശോഷിച്ച ശരീരം...എല്ലിന്റെ പുറത്തു ചേര്‍ത്ത് ഒട്ടിച്ച പോലെ വരണ്ട തൊലിപ്പുറം..!.മുഖത്ത് വളര്‍ന്നു നില്‍ക്കുന്ന താടി രോമങ്ങളില്‍ നര വല്ലാതെ കടന്നു കൂടിയിട്ടുണ്ട്..കുറച്ചു പഴകിയ ഷര്‍ട്ടും പാന്റും .തേഞ്ഞു തീരാറായ ചെരുപ്പും..!!.ഒരു ജീവിതത്തിലെ വിഷമങ്ങള്‍ മുഴുവന്‍ ആ മുഖത്ത് തെളിഞ്ഞു കാണുന്നു..!.ഈ ശരീരം ഗള്‍ഫില്‍ തന്നെ ആണോ ജീവിച്ചത്? കൊഴുപ്പ് പരന്നതും ചുവന്നു തുടുത്തതുമായ ഗള്‍ഫുകാരെ കണ്ടു ശീലിച്ച എനിക്ക് അതൊരു പുതുമയുള്ള കൌതുകമായിരുന്നു..!


ചുമ ഒതുക്കി കൊണ്ട് അയാള്‍ ദയനീയ ഭാവത്തില്‍ ഒന്ന് ചിരിച്ചു...ഉള്ളിലെ അമര്‍ഷം അടക്കി ഞാന്‍ വീണ്ടും ചിരിച്ചെന്നു വരുത്തി..അയാള്‍ എന്നോടെന്തോ സംസാരിക്കാന്‍ ശ്രമിക്കുന്നത് പോലെ തോന്നിയപ്പോള്‍ ഞാന്‍ മുഖം കൊടുക്കാതെ തിരിഞ്ഞിരുന്നു...!!!


"സാറെ" , അയാളുടെ ശബ്ദം എന്നെ കുറച്ചൊന്നു അസ്വസ്ഥനാക്കി..ഇത് എനിക്കിന്ന് ശല്യം ആകുമെന്ന തോന്നലില്‍...കുറച്ചു ദേഷ്യം കലര്‍ന്ന ഭാവത്തില്‍ തന്നെ ഞാന്‍ ആ മനുഷ്യനെ നോക്കി...കയ്യില്‍ ഒരു കടല്ലാസ്സും പിടിച്ചു അയാള്‍ എന്നെ നോക്കുകയാണ്...!
"തനിക്ക് എന്താടോ വേണ്ടേ?? " എന്ന ഭാവത്തില്‍ വന്ന എന്റെ  മുഖഭാവം കണ്ടാകണം അയാളില്‍ ഒരു പരുങ്ങല്‍ പ്രകടമായി..


എന്നാലും ഞാന്‍ കഴിയുന്നത്ര സൌമ്യമായി ചോദിച്ചു.."എന്താ..?"മലയാളത്തില്‍ എന്റെ മറുപടി കേട്ട അയാളുടെ മുഖത്ത് കുറച്ചൊരു സന്തോഷം വന്നത് പോലെ തോന്നിച്ചു  ..!


"സാറെ ഒരു ഉപകാരം ചെയ്യണേ ..ഇത് ഞാന്‍ നാട്ടിലേക്ക് അയച്ച പൈസയുടെ രസീത് ആണ്..ഒന്ന് നോക്കാമോ"..വളരെ ശാന്തമായി അതിലേറെ ഭയപ്പെട്ടും മടിച്ചും പുറത്തു വന്ന അയാളുടെ ആ ആവശ്യം നിരാകരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല..!മണി എക്സ്ചേഞ്ച് വഴി നാട്ടിലേക്ക് പണം അയച്ച ഒരു രസീത് ആണ് അത് .അതിലൂടെ കണ്ണോടിച്ച ഞാന്‍ ആ സംഖ്യ കണ്ടു ഒട്ടൊന്നു അമ്പരന്നു..അയ്യായിരം ഇന്ത്യന്‍ രൂപ...!!


അമ്പരപ്പ് മറക്കാതെ തന്നെ ഞാന്‍ പറഞ്ഞു "ഇത് അയ്യായിരം ഉണ്ട്..!! എന്താ ചോദിച്ചേ..? നിങ്ങള്‍ തന്നെ അല്ലെ ഇത് അയച്ചത്..?" "
 "അതെ സാറെ , പൈസയെ കുറിച്ചല്ല  ഞാന്‍ ചോദിച്ചത് അതില്‍ എഴുതിയിരിക്കുന്ന ബാങ്കിന്റെ വിലാസം ഒക്കെ ശരിയാണോ...?"
അയാളോട് ഞാന്‍ ചോദിച്ചു മനസ്സിലാകിയ ബാങ്കിന്റെ വിലാസവും ആ കടലാസില്‍ ഇംഗ്ലീഷില്‍ എഴുതിയിരുന്ന വിലാസവും ശരി ആണെന്ന് പറഞ്ഞു കൊടുത്തപ്പോള്‍...അയാളുടെ മുഖത്ത് ആശ്വാസം പടര്‍ന്നത് ഞാന്‍ കണ്ടു ..!


എന്റെ മനസ്സില്‍ അപ്പോളും ആ രസീതില്‍ കണ്ട തുകയായിരുന്നു ..തീയതി വച്ച് നോക്കുമ്പോള്‍ അത് അയാളെ ഞാന്‍ കാണുന്ന ദിവസത്തിനു തൊട്ടു മുന്‍പ് അയച്ചതാണ്..വെറും അയ്യായിരം രൂപ..! നാല്‍പ്പത് ബഹ്‌റൈന്‍ ദിനാര്‍ ..ചില ദിവസങ്ങളില്‍ വിരസത അകറ്റാന്‍ നൈറ്റ്‌ ക്ലബ്ബുകളില്‍ ഞാന്‍ ഇതിന്റെ അഞ്ചിരട്ടി ചിലവഴിക്കാറുണ്ട്...ഇതാണോ ഇദ്ദേഹം നാട്ടിലേക്ക് അയച്ചത് ? ഇതാണോ ഈ മനുഷ്യന്റെ ആകെ ഉള്ള സമ്പാദ്യം ? ആ തുക ശരിയായ വിലാസത്തില്‍ തന്നെ എത്തിയോ എന്നറിയാന്‍ ആണോ ആ പാവം എന്നോട് പേടിച്ചും മടിച്ചും ചോദിച്ചത് ?അയാളോട് കൂടുതല്‍ സംസാരിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു..!


സുന്ദരേശന്‍ ____ ..!! ഇതായിരുന്നു അയാളുടെ പേര്..പേരിന്റെ കൂടെ ചേര്‍ന്ന് കിടക്കുന്ന ജാതിപ്പേര് വളരെ ശക്തിയോടെ അഭിമാനത്തോടെ അയാള്‍ പറഞ്ഞത് ഞാന്‍ ശ്രദ്ധിച്ചു ..! തന്റെ കഴിവ് കൊണ്ടോ പ്രയത്നം കൊണ്ടോ നേടിയെടുക്കാത്ത , പിതൃക്കളുടെ ദാനം കൊണ്ട് മാത്രം സ്വന്തമാകുന്ന ഇത്തരം അലങ്കാരങ്ങള്‍ പേരിനൊപ്പം അഭിമാനത്തോടെ വിളിച്ചു പറയുന്നവരോട് തോന്നുന്ന പതിവ് മനോഭാവം മാത്രമാണ് എനിക്ക് അയാളോടും തോന്നിയത്..!


സാവധാനം ഞാന്‍ അയാളോട് ഓരോ കാര്യങ്ങളും അന്വേഷിച്ചു..മനസ്സിലുള്ളത് ആരോടെങ്കിലും പറയണം എന്നാ അമിതമായി ആഗ്രഹിച്ചിരുന്നത് പോലെ അയാള്‍ സംസാരിച്ചു തുടങ്ങി...!


"ഒരുപാട് കൊതിച്ചിട്ടും എനിക്ക് വിദ്യഭ്യാസം ഒന്നും കിട്ടീട്ടില്ല സാറെ, നാട്ടില്‍ ഞാന്‍ ഒരു തെയ്പ്പ് മേസ്തിരി ആയിരുന്നു ..ദിവസം കുറഞ്ഞത് അഞ്ഞൂറ് രൂപ ശമ്പളം എട്ടു മണിക്കൂര്‍ ജോലി...കുടുംബം അല്ലലില്ലാതെ കൊണ്ട് പോകാന്‍ എനിക്ക് കഴിഞ്ഞിരുന്നു..രണ്ടു പെണ്മക്കള്‍ ഉള്ളത് വളരുന്ന വേഗം കണ്ടാണ്‌ സാറെ ഞാന്‍ ഗള്‍ഫിലേക്ക് കേറി വരാന്‍ തീരുമാനിച്ചത് ..!വീടിനടുത്തുള്ള ഒരു കോണ്ട്രാക്ടര്‍ വിസയും തരപ്പെടുത്തി തന്നു"


അയാളുടെ സ്വരം വല്ലാതെ ക്ഷീണിച്ചിരുന്നു..മുഖത്ത് മിന്നിമറയുന്ന വിഷാദം കലര്‍ന്ന ഭാവങ്ങള്‍ എന്റെ മനസ്സിലും കുറച്ചു വിഷമം ഉണ്ടാക്കി....!!


"നാല്‍പ്പത്തി അയ്യായിരം രൂപ വിസയ്ക്ക് വേണ്ടി അയാള്‍ക്ക് കൊടുത്തു സാറെ ...ദിവസം ആറു ദിനാര്‍ ശമ്പളം എല്ലാ ദിവസവും  ജോലി വര്‍ഷത്തില്‍ ഒരിക്കല്‍ നാട്ടിലേക്ക് വരാന്‍ ടിക്കെറ്റിന് പൈസയും,മെഡിക്കല്‍, മുതലായ എല്ലാ ആനുകൂല്യങ്ങളും...ഒന്നും നോക്കീല സാറെ...കേറി വന്നു..പക്ഷെ ഈ പറഞ്ഞതൊന്നും ആയിരുന്നില്ല ഇവിടെ...പതിനാലു മണിക്കൂര്‍ ജോലി നാല് ദിനാര്‍ ശമ്പളം.ഇവിടുത്തെ ചൂടില്‍ പുറംപണി ചെയ്യുമ്പോള്‍ ശരീരം കരിയുന്ന മണം വരും സാറെ...!"  അയാള്‍ തുടര്‍ന്നു..


"ഇതൊക്കെ സഹിക്കാന്‍ ഞാന്‍ തയ്യാറായിരുന്നു ..! നാല്‍പ്പത്തി അയ്യായിരം രൂപ കടം വാങ്ങി തലയില്‍ കയറ്റിപോയത് കൊണ്ട് ...വിസയ്ക്ക്  വേണ്ടി പണയം വച്ച വീടിന്റെ പ്രമാണം തിരിച്ചു എടുക്കുന്നത് വരെ ഞാന്‍ ഇവിടെ തന്നെ പണി ചെയ്യാമെന്ന് തീരുമാനിച്ചു....!പക്ഷെ അവിടെയും ഞാന്‍ തോറ്റു പോയി  സാറെ....കൂനിന്‍മേല്‍ കുരു പോലെ ഒരു അസുഖം കൂടി എന്നെ ബാധിച്ചു..മൂത്രത്തില്‍ കൂടി ചോര പോകുന്ന എന്തോ ഒരു രോഗം....! ഈ മരണച്ചൂടില്‍ പുറം പണി ചെയ്യുന്നവര്‍ക്ക് വരുന്ന ഈ രോഗത്തിന് .ഡാക്കിട്ടര്‍ പറഞ്ഞ പേര് ഓര്‍ക്കുന്നില്ല..!.പക്ഷെ മൂത്രം ഒഴിക്കാന്‍ വയ്യ സാറെ..അതാണ്‌ ഞാന്‍ ഇത്ര നേരം ആയിട്ടും ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ ഇരിക്കുന്നെ.."


വിമാനത്തില്‍  വിതരണം ചെയ്ത കുപ്പി വെള്ളം പോട്ടിക്കാത്തത് എന്റെ നേര്‍ക്ക്‌ കാണിച്ചു കൊണ്ട് അയാള്‍  തുടര്‍ന്നു.." നാട്ടില്‍ പോയാല്‍ മാത്രമേ ഇതിനു നല്ല ചികിത്സ ഉള്ളു എന്ന് അറിയിച്ചപ്പോള്‍  കോണ്ട്രാക്ടര്‍ എന്റെ കഴിഞ്ഞ നാല് മാസത്തെ ശമ്പളം ഒരുമിച്ചു തരാം എന്ന് സമ്മതിച്ചു ..കരുണ തീരെ നഷ്ട്ടപ്പെടാത്ത മനുഷ്യര്‍ ഇപ്പോഴും ഉണ്ടല്ലോ എന്ന സന്തോഷത്തില്‍ പൈസ വാങ്ങാന്‍ ചെന്ന ഞാന്‍ ആകെ തകര്‍ന്നു പോയി സാറെ ..!!" അയാള്‍ ഒന്ന് നിറുത്തി.


"അത്ര നാള്‍ പലപ്പോഴായി ഇവിടെ ആശുപത്രിയില്‍ അയാള്‍ എനിക്ക് വേണ്ടി ചിലവാക്കിയ തുകയും തിരിച്ചു പോകാനായി വേണ്ടി വന്ന ടിക്കറ്റ്‌ന്റെ പൈസയും അതില്‍ നിന്നും എടുത്തിട്ട് ബാക്കി വന്ന നാട്ടിലെ ആയിരം രൂപ വരുന്ന പത്ത് ദിനാര്‍ എനിക്ക് തന്നു സാറെ" അയാളുടെ വാക്കുകള്‍ ഇടറുന്നതും കണ്ണുകള്‍ നിറയുന്നത് ഞാന്‍ ശ്രദ്ധിച്ചു...!


"കൂടെ ജോലി ചെയ്തിരുന്ന നല്ലവരായ സുഹുര്‍ത്തുക്കള്‍ എല്ലാം കൂടി പിരിച്ചെടുത്ത നൂറ്റന്‍പത് ദിനാര്‍ ആയിരുന്നു വരാന്‍ നേരം എന്റെ കയില്‍ ഉണ്ടായിരുന്നത്...അതില്‍ നിന്നും കൊച്ചുങ്ങള്‍ക്ക് ഒന്ന് രണ്ടു സാധനങ്ങള്‍ വാങ്ങി ബാക്കി വന്ന രൂപ നാട്ടിലേക്ക് അയച്ചതിന്റെ രസീത് ആണ് ഞാന്‍ സാറിനെ കാണിച്ചത്‌..! ഇനി നാട്ടില്‍ ചെന്ന് ഈ അസുഖത്തിന് ചികിത്സക്കും,വിസക്ക് വേണ്ടി ചിലവായ തുകയും ഞാന്‍ കണ്ടെത്തണം ! "അതീവ ദുഖത്തോടെ സ്വന്തം അവസ്ഥയില്‍ പരിതപിക്കുന്നത്‌ പോലെ അയാള്‍ പറഞ്ഞു നിര്‍ത്തി.


അയാളുടെ മുഖത്ത് നിന്നും പെട്ടെന്ന് കണ്ണുകള്‍ വലിച്ചു ഞാന്‍ തിരിഞ്ഞു ഇരുന്നു..ആ മുഖത്തേക്ക് കൂടുതല്‍ നേരം നോക്കി ഇരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല എന്നതാണ് സത്യം..!


ശീതികരിച്ച മുറിയില്‍ സുഖമുള്ള തണുപ്പില്‍ മാത്രം ജോലി ചെയ്യുന്ന ഞാന്‍..എന്തിനും ഏതിനും കമ്പനിയുടെ സഹായം ലഭിക്കുന്ന ഞാന്‍..നാട്ടില്‍ പോകണം എന്ന് മനസ്സില്‍ കരുതിയപ്പോള്‍ തന്നെ ഏറ്റവും അടുത്ത വിമാനത്തിനു നിമിഷങ്ങള്‍ക്കകം ടിക്കറ്റ്‌ എടുക്കാന്‍ കഴിഞ്ഞ ഞാന്‍..എന്നിട്ടും എന്റെ പരാതി തീര്‍ന്നിട്ടില്ല..!


ദൈവമെ എന്റെ മുന്നിലേക്ക്‌ നീ ഇയാളെ പറഞ്ഞു വിട്ടതാണോ? എന്റെ അച്ഛ എനിക്ക് പകര്‍ന്നു തന്ന നല്ല മൂല്യങ്ങള്‍ ജീവിതവഴിയില്‍ എവിടെയോ ഉപേക്ഷിച്ചത് നീ എന്നെ ഓര്‍മ്മിപ്പിച്ചതാണോ ?!! അകമഴിഞ്ഞ് നീ എനിക്ക് തന്ന എല്ലാ സൗഭാഗ്യങ്ങള്‍ക്കും നന്ദി...!! ആയിരം..ആയിരം നന്ദി...! എന്റെ പരാതികളും പരിഭവങ്ങളും ഞാന്‍ നിരുപാധികം പിന്‍വലിക്കുന്നു !!


സീറ്റില്‍ തല ചേര്‍ത്ത് കണ്ണടച്ച് ഉറങ്ങുന്ന ആ മനുഷ്യനെ ഒന്ന് കൂടി നോക്കുമ്പോള്‍ മനസ്സ് കൊണ്ട് അയാളോട് ഞാന്‍ മന്ത്രിക്കുകയായിരുന്നു ..!


"ഏതൊക്കെയോ സാമൂഹികമായ വ്യവസ്ഥിതികള്‍ മനപ്പൂര്‍വമോ അല്ലാതെയോ സൃഷ്‌ടിച്ച ഒരുപാട് അകലം ഉണ്ട് സുഹൃത്തെ നമ്മള്‍ തമ്മില്‍..!! അതില്‍ നിങ്ങളോ ഞാനോ ഒരിക്കലും കുറ്റക്കാരല്ല.. !! കുറച്ചു നേരമെങ്കിലും നിങ്ങളെ എന്റെ മയക്കത്തിന് ശല്യക്കാരന്‍ ആയ ഒരാള്‍ ആയി മാത്രം കണ്ടു പോയതിനു ഹൃദയം തുറന്നു ഞാന്‍ മാപ്പ് അപേക്ഷിക്കുന്നു...!!!"