പേജുകള്‍‌

2012, മേയ് 9, ബുധനാഴ്‌ച

ശപഥം






"എന്താ നിന്റെ തീരുമാനം" ?
"ഇത്രയും തവണ നിന്നോട് പറഞ്ഞത് തന്നെയാണ് എന്റെ തീരുമാനം അതില്‍ മാറ്റമില്ല ..!"
"അത് ഉറച്ചതാണോ" ?
"തീര്‍ച്ചയായും ഉറച്ചതാണ് ....ഇനി എഴുതാന്‍ എനിക്ക് കഴിയില്ല ..എനിക്ക് ഈ സമ്മര്‍ദം സഹിക്കാന്‍ കഴിയുന്നില്ല ഒരുപാട് കഷ്ട്ടപെട്ടാണ് ഞാന്‍ കഥ എഴുതുന്നത്‌..ഇനിയും എനിക്കത്  സാധ്യമല്ല ..!"
"സുര്യ, നിന്റെ ഉള്ളില്‍ കഥകളുണ്ട് .. നീ എഴുതേണ്ട എന്ന് തീരുമാനിച്ചാലും പിടിച്ചു നിര്‍ത്താന്‍ കഴിയില്ല അത് പുറത്തേക്കു വരും ..കഷ്ട്ടപെട്ടു സമ്മര്‍ദ്ധത്തിനു അടിമപ്പെട്ടു നീ എഴുതിയ കഥകള്‍ ഒരുപാടുപേരുടെ അന്ഗീകാരാവും ഇഷ്ട്ടവും ഒക്കെ പിടിച്ചു പറ്റിയവയല്ലേ  പിന്നെ എന്താ ?"
"അതൊക്കെ ശരിയാണ് പക്ഷെ എനിക്ക് ഇനി പറ്റില്ല എന്നെ നിര്‍ബന്ധിക്കേണ്ട "
"നിനക്ക് ശരിക്കും ഭ്രാന്താണ്" ..!
"ഇപ്പോള്‍ നീ പറഞ്ഞത് ശരിക്കുള്ള അന്ഗീകാരമായി ഞാന്‍ കണക്കാക്കുന്നു ...ഞാന്‍ ഒരു എഴുത്തുകാരനാണെന്ന് ഭാഗികമായി നീ എങ്കിലും സമ്മതിച്ചു തന്നു..എഴുതുന്നവര്‍ക്കെല്ലാം ഭ്രാന്തിന്റെ ചില ലക്ഷണങ്ങള്‍ കാണാറുണ്ട്‌ "
"സുര്യ ..നീ ഒരു കാര്യം മനസ്സിലാക്കണം .. എഴുതാന്‍ എന്തെങ്കിലും കഴിവുണ്ട് എന്ന് നീ സ്വയം തിരിച്ചറിഞ്ഞതല്ല..അത് നിന്നില്‍ തോന്നിച്ചെടുത്ത കുറെയേറെ നല്ല മനുഷ്യരുണ്ട്‌  അവരെ നീ മറക്കുന്നു"
"നീ പറയുന്നത് ശരിയായിരിക്കാം പക്ഷെ എന്റെ മനസ്സ് ഇപ്പോള്‍ ശൂന്യമാണ്...ഇതില്‍ ഇനി കഥകള്‍ വരില്ല , കഥാപാത്രങ്ങളും ..പിന്നെ നീ സൂചിപ്പിച്ച  ആ നല്ല മനുഷ്യര്‍ അവരെ ഞാനും ഒരുപാട് ഇഷ്ട്ടപ്പെടുന്നു"
"അതില്‍ നിന്നെ കൂട്ടുകാരനെ പോലെ സ്നേഹിക്കുന്നവരുണ്ട് ...സ്നേഹത്തോടെയും വഴക്കിട്ടും നിന്റെ തെറ്റുകള്‍ പറഞ്ഞു തരുന്നവരുണ്ട് ...വെല്ലുവിളികള്‍ പ്രഖ്യാപിച്ചു നിന്നെ തിരിച്ചു കൊണ്ട് വരാന്‍ ആഗ്രഹിക്കുനവരുണ്ട് ...വ്യക്തതയില്ലാത്ത ഒരു മുഖം കൊണ്ട് നടന്നിട്ട് പോലും നിന്നെ  ഇഷ്ട്ടപ്പെടുന്ന അവരുടെ നല്ല മനസ്സുകള്‍ നീ അവഗണിക്കരുത് " 
" ശരിയാണ് ഇതുമാത്രമല്ല ഒരിക്കല്‍ എന്റെ ഭാഷയുടെ പോരയ്മയെ കുറിച്ച് ഞാന്‍ സൂചിപ്പിച്ചപ്പോള്‍ വലിയ എഴുത്തുകാരുടെ പേരുകള്‍ നിരത്തി അവര്‍ക്ക് ഓരോരുത്തര്‍ക്കും ഓരോ ഭാഷയല്ലേ എന്നാ മറുചോദ്യത്തിലൂടെ എന്നെ ചിന്തിപ്പിച്ച ആളുകളും ആക്കൂട്ടതിലുണ്ട് ..ചിലപ്പോള്‍ എഴുത്ത് നിര്‍ത്തി എന്ന് കേട്ടപ്പോള്‍ ഇനി ഈ ശല്യം സഹിക്കണ്ടല്ലോ എന്ന് ആശ്വാസം കൊണ്ടാവരും ഉണ്ടാകാം"
"നിന്നില്‍  പോസിറ്റീവ് ആയ ചിന്തകള്‍ മാത്രം നിറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു"
"ആഗ്രഹിചോളൂ..വിരോധമില്ല ..പക്ഷെ  നീ എന്ത് കൊണ്ട് എന്നെ മനസ്സിലാക്കുന്നില്ല ? എന്റെ ഈ ശൂന്യമായ ഈ മനസ്സില്‍ നിന്നും ഞാന്‍ എങ്ങനെയാണ് പുതിയ ഒരു കഥാപാത്രം ഉണ്ടാക്കുന്നത് ? എനിക്ക് കഴിയില്ല ..എന്നോട് ക്ഷമിക്കുക.."
"ശരി നിന്റെ ഈ അവസ്ഥ ഞാന്‍ മനസ്സിലാക്കുന്നു...എനിക്ക് ചിലപ്പോള്‍ നിന്നെ ഈ സ്ഥിതിയില്‍ നിന്നും രക്ഷിക്കാന്‍ കഴിഞ്ഞേക്കും ..ഒന്ന് ശ്രമിച്ചു നോക്കട്ടെ ഞാന്‍ ?"
"ശ്രമിച്ചാലും നടക്കുമെന്ന് എനിക്കുറപ്പില്ല "
"ഞാന്‍ നിനക്ക് എന്റെ ക്യാമറയില്‍ എടുത്ത കുറച്ചു ഫോട്ടോസ് നല്‍കാം ..ഒരു നിമിഷം ..ഇതൊന്നു നോക്കൂ..."
സുര്യ ആ ചിത്രങ്ങളിലേക്ക് നോക്കി...അകലെ നിന്നും അടുത്ത് നിന്നും എടുത്ത മനോഹരമായ നാല് ചിത്രങ്ങള്‍ ...അതില്‍ ചിലതിലൊക്കെ മനുഷ്യരുടെ രൂപങ്ങളുമുണ്ട് .
ഒന്നാമത്തെ ഫോട്ടോ : റെയില്‍പാളത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഒരു ട്രെയിന്‍ അതിനടുത്ത് ഒരു ആള്‍ക്കൂട്ടവും കാണാം ..അകലെ നിന്നുള്ള ചിത്രമാണ്..
രണ്ടാമത്തെ ഫോട്ടോ : ആശുപത്രിയുടെ അത്യാഹിത വിഭാഗം എന്ന് തോന്നുന്ന ഒരു മുറി  ..ജീവന്‍ നിലനിര്‍ത്താന്‍ സഹായിക്കുന്ന ചില യന്ത്രങ്ങള്‍ കാണാം ...അടുത്ത് നിന്നെടുത്ത ചിത്രമാണ് .
മൂന്നാമത്തെ ഫോട്ടോ : ജയിലഴികള്‍ എന്ന് തോന്നിക്കുന്ന അഴികളില്‍ നിന്നും രണ്ടു കൈപ്പത്തികള്‍ പുറത്തേക്ക കിടക്കുന്ന നിറമില്ലാത്ത ചിത്രം ..മികച്ച ഒരു ക്ലോസ് ഷോട്ട്.
നാലാമത്തെ ഫോട്ടോ : ലൈറ്റ് ഹൌസ് ഉള്‍പ്പടെ കടലിന്റെ മനോഹാരിത അതേപടി ഒപ്പിയെടുത്ത മനോഹരമായ ഒരു ചിത്രം ..അകലെ നിന്നും എടുത്ത ചിത്രമാണ്.. വെളിച്ച ക്രമീകരണം ആ ചിത്രത്തിന്റെ മനോഹാരിത കൂട്ടുന്നു..
"ഈ ചിത്രങ്ങള്‍ നിന്റെ മനസ്സില്‍ എന്താണ് തോന്നിക്കുന്നത് ?"
"പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ല..പക്ഷെ ഓരോ ചിത്രവും വളരെ മനോഹരമാണ്...ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍... ഡിജിറ്റല്‍ സാങ്കേതികത അതിന്റെ എല്ലാ ഭംഗിയിലും ഉപയോഗപ്പെടുത്തിയിട്ടുണ്ട്"
"ശരി ..ഇന്ന് നീ ഈ ചിത്രങ്ങള്‍ മനസ്സില്‍ ഓര്‍ക്കണം ..നാളെ ഈ നാല് ചിത്രങ്ങളില്‍ നിന്നും നിനക്ക് ഒരു കഥ എഴുതാന്‍ സാധിക്കും ..ഉറപ്പാണ് ..!"
ഇല്ല എനിക്കതിനു കഴിയില്ല...ഇനി എനിക്കതിനു  ഒരിക്കലും കഴിയില്ല".
"സുര്യ ...നീ ഇപ്പോള്‍  ഞാന്‍ പറയുന്നത് അനുസരിക്കൂ..ഒരേ ഒരു തവണ മാത്രം നീ ശ്രമിക്കു..ഈ രാത്രി നിന്റെ ഇഷ്ടപാനീയം രണ്ടേ രണ്ടു പെഗ്ഗ് കഴിച്ചു ഉറങ്ങു...അതില്‍ കൂടുതല്‍ കഴിക്കരുത്....ഈ ചിത്രങ്ങള്‍ നിന്റെ മനസ്സില്‍ വികസിക്കും..എനിക്കുറപ്പാണ്...അപ്പോള്‍ നാളെ കാണാം ..ശുഭരാത്രി..!"
**                          **                             **                                **                                  **                            **
നേര്‍ത്ത ശബ്ധത്തില്‍ സ്റ്റീരിയോയില്‍ നിന്നും ഒഴുകുന്ന സംഗീതം ആസ്വദിച്ചു വേഗത മിതപ്പെടുത്തി അയാള്‍ വാഹനം ഡ്രൈവ് ചെയ്തു.. ...
ഈ കഴിഞ്ഞ രണ്ടു ദിവസങ്ങള്‍ വളരെ മനോഹരമായിരുന്നു...തികച്ചും ആകസ്മികമായാണ് താന്‍ അവളെ പരിചയപ്പെട്ടത്‌..മൊബൈലിലേക്ക്  വഴി തെറ്റി വന്ന ഒരു മെസ്സേജ് ..അവിടുന്ന് തുടങ്ങിയ പരിചയം പെട്ടെന്നായിരുന്നു വളര്‍ന്നത്‌..ഫോട്ടോഗ്രഫിയില്‍ തനിക്കുള്ള കമ്പം അവളെ ഒരുപാട് ആശ്ചര്യപ്പെടുത്തി ..ഒരുവേള അതായിരിക്കണം വളരെ പെട്ടെന്ന് അടുത്തതും..! അടുപ്പം വളര്‍ന്നപ്പോള്‍ തന്റെ വീടും അവിടുള്ള രണ്ടു പേരെയും മനപ്പൂര്‍വം മറന്നു..പുതിയ  ബന്ധം ശരിക്കും ആസ്വദിച്ചത്  ഈ കഴിഞ്ഞ രണ്ടു ദിവസങ്ങളിലും..വിയര്‍പ്പുതുള്ളികള്‍ പൊടിഞ്ഞ  അവളുടെ മേല്‍ച്ചുണ്ടുകള്‍ കാണാന്‍ എന്തൊരു മനോഹാരിതയായിരുന്നു ..നീണ്ടു വളര്‍ന്ന തലമുടിയുടെ ഗന്ധം പടര്‍ത്തിയ ലഹരി ഇപ്പോഴുമുണ്ട് തന്റെ സിരകളില്‍... തന്റെ ഗ്രന്ധികളില്‍ .!
ഒരു തരത്തിലുള്ള ശല്യങ്ങളും വേണ്ട എന്ന് തീരുമാനിച്ചുതന്നെ രണ്ടു ദിവസവും ഫോണ്‍ ഓഫാക്കി വച്ചു...! ഫോണ്‍ ഓണ്‍ ചെയ്തു അതിലേക്കു വന്നു വീണ കുറച്ചധികം മെസ്സേജുകള്‍ വണ്ടി ഓടിക്കുന്നതിനിടയിലും അയാള്‍ വെറുതെ നോക്കി...അവള്‍ വീട്ടില്‍ നിന്നും വിളിചിട്ടുണ്ടല്ലോ..ഒന്നല്ല പല തവണ..അവളുടെ മൊബൈലില്‍ നിന്നും വിളിച്ചിട്ടുണ്ട്...അയാള്‍ പെട്ടെന്ന് അസ്വസ്ഥനായി..ഇത്രയും തവണ തന്നെ വിളിക്കണമെങ്കില്‍ എന്തോ പ്രധാനപ്പെട്ടത് സംഭവിച്ചിട്ടുണ്ട്..!!!
കാര്‍ വശത്തേക്ക് നിര്‍ത്തി ഉടനെ തന്നെ അയാള്‍ ഭാര്യയെ തിരിച്ചു വിളിച്ചു...മൊബൈല്‍ പരിധിക്കു പുറത്താണ് എന്ന മറുപടി കിട്ടി...ഒന്ന് കൂടി അസ്വസ്ഥനായി തനിക്കു വന്ന മെസ്സേജുകള്‍ അയാള്‍ ഓരോന്നായി പരിശോധിച്ച് .! അവളുടെ മൊബൈലില്‍ നിന്നും കാള്‍ വന്നതിന്റെ അല്ലാതെ ഒരു ടെക്സ്റ്റ്‌ മെസ്സേജ്..." മോളു ഗോട്ട് ആന്‍ ആക്സിടെന്റ്റ് ആന്‍ഡ്‌ ഹോസ്പിറ്റലൈസ്ട് ..കോണ്ടാക്റ്റ് ഇമ്മെഡിയറ്റ്ലി " !!! അത്ര നേരം ആസ്വദിച്ച എല്ലാ സന്തോഷങ്ങളും ഒറ്റ നിമിഷം കൊണ്ട് തന്നെ വിട്ടകലനുന്നത്  അയാള്‍ അറിഞ്ഞു..അതെ തന്റെ മകള്‍ക്ക് എന്തോ അപകടം സംഭവിച്ചിരിക്കുന്നു..അവള്‍ ആശുപത്രിയിലാണ്...! വേഗം തന്നെ  മറ്റുള്ള ചില നമ്പറുകളില്‍ വിളിച്ചു അയാള്‍ വിവരം മനസ്സിലാക്കി..!
മെയിന്‍ റോഡില്‍ കൂട്ടുകാരികളോടൊപ്പം നടന്നു വരികയായിരുന്ന അവളെ ഒരു വിനോദ സഞ്ചാരി സംഘം സഞ്ചരിച്ചിരുന്ന ബസ്സിന്റെ ബാഗ്ഗജ് ടെക്ക് തുറന്നു നീളമുള്ള വാതില്‍ വന്നടിച്ചു...ഇപ്പോള്‍ അവള്‍  തീവ്രപരിചരണ വിഭാഗത്തിലാണ്...നട്ടെല്ലിനാണ് ക്ഷതം ..! കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ ദിവസം  താന്‍ സുഖവാസ കേന്ദ്രത്തിലെ ഹോട്ടല്‍ മുറിയുടെ താക്കോല്‍ കൈപ്പറ്റുന്ന അതെ നിമിഷത്തില്‍ തന്നെയാണ് ഇതും സംഭവിച്ചിരിക്കുന്നത് ..!
ഒട്ടും താമസിപ്പിക്കാനില്ല ..തിടുക്കത്തില്‍ അയാള്‍ വാഹനം സ്റ്റാര്‍ട്ട്‌ ചെയ്തു ..പരമാവധി വേഗത്തില്‍ വിട്ടാലേ അഞ്ചു മണിക്കൂറുകള്‍ കൊണ്ട് കേരളത്തിലെ നിരത്തുകളില്‍ കൂടി രണ്ടു ജില്ലകള്‍ കഴിഞ്ഞു തനിക്കു എത്തേണ്ടിടത്ത് എത്തിച്ചേരാന്‍ സാധിക്കൂ...ഈ വാഹനം സ്റ്റാര്‍ട്ട്‌ ആകുന്നില്ലല്ലോ ? എന്താണ് സംഭവിച്ചത് ? തന്റെ നിയന്ത്രണം നഷ്ട്ടമായതോ അതോ വാഹനം സ്വയം നിന്നതോ ? അയാള്‍ കുറെ തവണ ശ്രമിച്ചു നോക്കി വാഹനം അനങ്ങുന്നില്ല...അടുത്തെങ്ങും ഒരു വര്‍ക്ക്‌ ഷോപ്പ് ഉള്ളതായി തോന്നുന്നില്ല..ഇത് കേരളത്തിലെ ഹൈവേയാണ് പല സ്ഥലങ്ങളിലും നേരെ ചൊവ്വെ വെളിച്ചം പോലുമില്ല ...ദൈവമേ എന്തൊരു പരീക്ഷണമാണ് ? തന്‍റെ ഒരേ ഒരു മകള്‍ മരണവുമായി യുദ്ധം ചെയ്തു കിടക്കുമ്പോള്‍ തന്നെ വേണമെന്നുണ്ടോ  ഇത്തരം പരീക്ഷണങ്ങള്‍ ? ഒരിക്കലും ഈ ഒരു യാത്ര വേണ്ടിയിരുന്നില്ല എന്നയാള്‍ക്ക്  തോന്നി ..തെറ്റാണ് ചെയ്യുന്നതെന്ന്  മനസ്സ് പല തവണ വിലക്കിയതാണ് ...പക്ഷെ ശരീരവും മനസ്സും തമ്മില്‍ ചിലപ്പോഴൊക്കെ ഉണ്ടാകുന്ന വഴക്കില്‍ ശരീരം തന്നെയാണ് വിജയിക്കാറുള്ളത് ..! ഇനിയിപ്പോള്‍ എന്താണ് ചെയ്യുക...ഒരു മെക്കാനിക്കിനെ വിളിച്ചു കൊണ്ട് വന്നു ഈ വാഹനം ശരിയാക്കി അവിടെ എത്താന്‍ ഒരുപാട് നേരമെടുക്കും പക്ഷെ ഇപ്പോള്‍ തന്നെ ശരീരത്തോട് പിണങ്ങി നില്‍ക്കുന്ന തന്റെ മനസ്സ് അത്ര നേരം പിടിച്ചു നില്‍ക്കാന്‍ സാധ്യത തീരെയില്ല ..! ഒരു നിമിഷം ആലോചിച്ച ശേഷം  വേഗം തന്നെ അയാള്‍ മൊബൈല്‍ എടുത്തു എയര്‍പോര്‍ട്ടിലേക്ക്  വിളിച്ചു..അടുത്ത എട്ടു മണിക്കൂറുകളില്‍ ഒരു വിമാനം പോലും തനിക്കു പോകേണ്ട സ്ഥലത്തേക്ക് പറക്കുന്നില്ല.. സാമ്പത്തിക പ്രശ്നങ്ങളില്‍ പെട്ടുലയുന്ന പ്രമുഖരായ അഭ്യന്തര വിമാന കമ്പനി അവരുടെ സേവനം മുന്നറിയിപ്പില്ലാതെ നിര്‍ത്തി ..! എത്രയും പെട്ടെന്ന് ഈ സ്ഥലത്ത് നിന്നും ഏറ്റവും അടുത്ത നഗരത്തിലേക്ക് എത്തണം അവിടുന്ന് ഒരു ടാക്സി പിടിച്ചു വേഗം തന്നെ ആശുപതിയിലെത്താം...
അയാള്‍ നിരത്തിലേക്ക് ഇറങ്ങി നിന്നു.. ടാക്സി പോയിട്ട് ഒരു ഓട്ടോ പോലും ആ വഴി വന്നില്ല..സഹായം ചോദിക്കാന്‍ തനിക്കു അടുത്തറിയുന്ന ഒരാളും ഈ ജില്ലയില്‍ ഇല്ല... ആരും തന്നെ തന്റെ വരവിന്റെ ഉദ്ദേശ്യം അറിയരുത് എന്നുള്ളത് കൊണ്ട് പരിചയക്കാര്‍ വളരെ കുറഞ്ഞ സ്ഥലമാണ് കാമുകിയുമായി സംഗമിക്കാന്‍ തിരഞ്ഞെടുത്തത്...മാത്രമല്ല താന്‍ ഇവിടെ ഉണ്ടെന്നു നാട്ടില്‍ അറിയിക്കാനും കഴിയില്ല..ഭാര്യയോടും സുഹുര്‍ത്തുക്കളോടും പറഞ്ഞിരിക്കുന്ന കളവുമായി ഒരു ബന്ധവും ഇല്ലാത്ത ഒരു സ്ഥലത്താണ് താന്‍ നില്‍ക്കുന്നത് . കുറെ നേരം കാത്തു നിന്ന അയാള്‍ അത് വഴി ഒരാള്‍ ഒറ്റയ്ക്ക് ഓടിച്ചു വന്ന ഒരു വാഹനം കൈ കാണിച്ചു നിര്‍ത്തി  അനുവാദത്തിനു കാത്തു നില്‍ക്കാതെ തിടുക്കത്തില്‍ അതിനുള്ളില്‍ കേറിപ്പറ്റി..!
"എന്നെ ഒന്ന് സഹായിക്കണം വളരെ മോശമായ അവസ്ഥയിലാണ് ഞാന്‍ ..ദയവു ചെയ്തു എന്നെ നിങ്ങള്‍ അടുത്തുള്ള നഗരത്തിലെതിക്കണം ..ഇതൊരു അപേക്ഷയാണ്.." അയാള്‍ കരച്ചിലിന്റെ വക്കിലെത്തി..
"എന്താണ് നിങ്ങളുടെ പ്രശ്നം ?.എവിടെയാണ് ഇത്ര ധൃതിയില്‍  പോകുന്നത് ? നിങ്ങള്‍ ആരെയെങ്കിലും കൊന്നിട്ട് വന്നതാണോ ? നിങ്ങളുടെ ഈ വിറളി പിടിച്ച  മുഖം അപായ സൂചനകള്‍ മാത്രമാണ് എനിക്ക് നല്‍കുന്നത്.."
"സുഹുര്‍ത്തെ എന്നെ വിശ്വസിക്കൂ..എനിക്ക് എത്രയും വേഗം ഇരുന്നൂറ്റി അന്‍പത് കിലോമീറ്ററില്‍ അധികം സഞ്ചരിക്കേണ്ടതാണ്..വാഹനം കേടായി വഴിയിലും..എന്റെ മകള്‍ ഒരു അപകടത്തില്‍ പെട്ട് ആശുപത്രിയിലാണ് .ഇതാ എന്റെ വിസിറ്റിംഗ് കാര്‍ഡ്‌  നിങ്ങള്‍ സൂക്ഷിച്ചോളൂ..എന്തെങ്കിലും പ്രശ്നം വന്നാല്‍ നിങ്ങള്‍ക്ക് ഇത് ഉപയോഗിച്ച് എന്നെ കാണിച്ചു കൊടുക്കാമല്ലോ..ദയവു ചെയ്തു എന്നെ നഗരത്തിലെത്തിക്കൂ "
"ഇത്ര ദൂരെയുള്ള ഏതു സ്ഥത്താണ് നിങ്ങള്‍ക്ക് പോകേണ്ടത് ?"
അയാള്‍ സ്ഥലം പറഞ്ഞു...
"പതിനഞ്ചു മിനിറ്റ് കൊണ്ട് നമ്മള്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയാല്‍ നിങ്ങള്‍ പറഞ്ഞ സ്ഥലത്തേക്ക് ഒരു എക്സ്പ്രസ്സ്‌  ട്രെയിന്‍ പുറപ്പെടുന്നുണ്ട് .അത് കൃത്യ സമയം പാലിക്കുകയാണോ എന്ന് വിളിച്ചു ചോദിക്കൂ..നിങ്ങളെ ഞാന്‍ അവിടെ എത്തിക്കാം..ഇന്ന് മോട്ടോര്‍ വാഹന പണിമുടക്ക് ആയതു കൊണ്ട് നിങ്ങള്ക്ക് ടാക്സികള്‍ കിട്ടുമെന്ന് തോന്നുന്നില്ല"
അയാള്‍ വേഗം റെയില്‍വേ സ്റ്റേഷനില്‍ വിളിച്ചു സമയം കൃത്യമാണോ എന്നന്വേഷിച്ചു ഉറപ്പു വരുത്തി.. ആ വാഹനം അതിന്റെ പരമാവധി വേഗത്തില്‍ കുതിച്ചു കൊണ്ടിരുന്നു...വാഹനത്തിന്റെ വേഗതയെക്കാള്‍ മിടിക്കുന്ന ഹൃദയവുമായി അതില്‍ അയാളും..!
ചിന്തകള്‍ ഭ്രാന്ത് പിടിപ്പിക്കുനതിനിടയില്‍ അയാളുടെ മനസ്സില്‍ കുറെ ചിത്രങ്ങള്‍ ഒന്നൊന്നായി മാറി മറഞ്ഞു..താന്‍ വിദേശത്ത് ജോലി ചെയ്യുമ്പോള്‍ അവിടുള്ള ഒരു ആശുപത്രിയിലായിരുന്നു മകളുടെ ജനനം ..അവിടുത്തെ നിയമം അനുവദിച്ചത് കൊണ്ട് അന്ന് തന്റെ ഭാര്യോടൊപ്പം തനിക്കും ലേബര്‍ റൂമിലേക്ക്‌ കയറാന്‍ അവസരം കിട്ടി...ഡോക്ടര്‍മാരോടൊപ്പവും നേഴ്സ്മാരോടൊപ്പവും  മകളുടെ ജനനത്തിനു സാക്ഷിയാകാനും കഴിഞ്ഞു ..! അത് കൊണ്ട് തന്നെ അവള്‍ വളര്‍ന്നു ഏതു സ്ഥിതിയില്‍ എത്തിയാലും തന്റെ കണ്ണുകളില്‍ തറഞ്ഞു നില്‍ക്കുന്നത് ഭൂമിയിലേക്ക് ആദ്യമായി ഇറങ്ങി വന്നപ്പോള്‍ കണ്ണുകളടച്ചു കാറിക്കരയുന്ന ആ രൂപം തന്നെയാണ്...! ഇപ്പോള്‍ ഈ വാര്‍ത്ത‍ കേട്ടപ്പോഴും മനസ്സിലേക്ക് ആദ്യം വന്നത് അതേ രൂപം തന്നെയാണ് പിന്നീടങ്ങോട്ട് അവള്‍ വളരുന്ന ഓരോ പ്രായവും കണ്ടു താന്‍ സന്തോഷിക്കുകയായിരുന്നു ..പലപ്പോഴും താനും ഭാര്യയും അവളുടെ കരച്ചില്‍ എന്തിനു വേണ്ടിയാണെന്നറിയാതെ വിഷമിച്ചു നിന്നിട്ടുണ്ട്  ..! ചില രാത്രികളില്‍ അവളെയും കൊണ്ട് ആശുപത്രിയിലേക്ക് ഓടേണ്ടി വന്നിട്ടുണ്ട്....അവളെ കുത്തുന്ന സിറിഞ്ച് സൂചി ആ പിഞ്ചു ശരീരത്തില്‍ കയറുന്നതിനു മുന്നേ തന്റെ നെഞ്ചില്‍ കയറുന്ന വേദന അനുഭവിക്കേണ്ടി വന്നിട്ടുണ്ട്...! ആ മകളാണ് ഇപ്പോള്‍ ജീവിതത്തിനും മരണത്തിനും മദ്ധ്യേ കുറെ യന്ത്രങ്ങള്‍ക്കിടയില്‍ ദൈവങ്ങളുടെയും ഡോക്ടര്‍മാരുടെയും കനിവ് തേടി കിടക്കുന്നത്...!
ഓര്‍ക്കുന്തോറും മനസ്സില്‍ നുരഞ്ഞു പൊങ്ങിയ കുറ്റബോധം അയാളുടെ ചിന്തകളെ മറ്റൊരു ദിശയിലേക്കു തിരിച്ചു വിട്ടു ..മകളെ കുറിച്ച് വ്യാകുലപ്പെടാന്‍ മാത്രം നല്ല ഒരു അച്ഛന്‍ ആണോ താന്‍ ? കഴിഞ്ഞ ദിവസം തന്നോടൊപ്പം ഉണ്ടായിരുന്ന ആ കൂട്ടുകാരി അവിവാഹിതയാണ് കോളേജ് വിദ്യാര്‍ഥിനീയും ..ചിലപ്പോള്‍ തന്റെ മകളെക്കാള്‍ കേവലം എട്ടോ ഒന്‍പതോ വര്ഷം മൂപ്പുണ്ടാകും .അവള്‍ക്കുണ്ടാകില്ലേ ഇത്  പോലെ സ്നേഹിച്ചു വളര്‍ത്തിയ ഒരു അച്ഛന്‍ .? .ഒരുപക്ഷെ കഴിഞ്ഞ രണ്ടു ദിവസങ്ങള്‍ ആ മകള്‍ പറഞ്ഞ കള്ളം അയാള്‍ വിശ്വസിചിട്ടുണ്ടാകും..! പക്ഷെ തന്റെ മകള്‍ തനിക്കു പ്രിയപ്പെട്ടതായത് പോലെയാകില്ലേ അയാള്‍ക്ക് അവളും ?
വാഹനത്തില്‍ നിന്നിറങ്ങി വിസിറ്റിംഗ് കാര്‍ഡ്‌ കൈമാറുമ്പോള്‍ തന്നെ സഹായിച്ച ആളുടെ കണ്ണുകളിലേക്കു നന്ദിപൂര്‍വ്വം ഒന്ന് നോക്കാനുള്ള സമയമേ അയാള്‍ക്ക്‌ കിട്ടിയുള്ളൂ .. പിടിച്ചു നിര്‍ത്താന്‍ കഴിയാതെ ചലിക്കുന്ന സമയത്തിനെ പഴിച്ചു കൊണ്ട് വേഗം തന്നെ  റെയില്‍വേ സ്റ്റേഷന്‍നുള്ളിലേക്ക് പാഞ്ഞു..ട്രെയിന്‍ പുറപ്പെടാന്‍ തയ്യാറെടുത്തു കഴിഞ്ഞു മൂന്നാമത്തെ പ്ലാറ്റ്ഫോമിലാണ് ..ആദ്യത്തെ പ്ലാറ്റ്ഫോമില്‍  തടസ്സമായി കിടക്കുന്ന ഒരു ട്രെയിന്‍ നീങ്ങി തുടങ്ങിയതുകൊണ്ട് അതിനുള്ളില്‍കൂടി അപ്പുറത്ത് ചാടാന്‍ കഴിയില്ല..അത് പോകുന്നത് വരെ കാത്തു നിന്നാല്‍ തനിക്കു പോകേണ്ട തീവണ്ടി മൂന്നാമത്തെ പ്ലാറ്റ്ഫോമില്‍ നിന്നും പുറപ്പെട്ടു പോകും .! അധികം ചിന്തിച്ചു നില്‍ക്കാതെ അയാള്‍ വേഗം പാളങ്ങള്‍ക്ക് കുറുകെ ഉയരത്തില്‍ പണിത ഇരുമ്പ് പാലം ലക്ഷ്യമാക്കി  ഓടി ..! ഒരുവിധം മൂന്നാമത്തെ പ്ലാറ്റ്ഫോമില്‍ എത്തിയപ്പോള്‍ ട്രെയിന്‍ കുറച്ചു വേഗത്തില്‍ നീങ്ങി തുടങ്ങിയിരുന്നു...സര്‍വ്വശക്തിയുമെടുത്തു അയാള്‍ അതിനു പിന്നാലെ ഓടി ..ഒരു ബോഗ്ഗിയുടെ വാതില്‍ തുറന്നു കിടപ്പുണ്ട് കുറച്ചു കൂടി വേഗമെടുത്താല്‍ അവിടെയെത്തിയേക്കും..! ഭാഗ്യം ഒരു കൈ നീണ്ടു വരുന്നുണ്ട്..വാതിക്കല്‍ നില്‍ക്കുന്ന ആരോ കൈ തരുന്നതാണ് ഒന്ന് നീട്ടിപിടിച്ചാല്‍ ഈ ട്രെയിന്‍ മിസ്സ്‌ ആകാതെ തനിക്കു വേഗം മകളുടെ അടുത്തെത്താം ..!
**                          **                             **                                **                                  **                            **
കോടതിവളപ്പ് ഉപഗ്രഹഡിഷ്‌ ഘടിപ്പിച്ച വാഹനങ്ങളുമായി ഒരു കൂട്ടം  മാധ്യമപ്പടയും വളഞ്ഞു കൂടിയ ജനങ്ങളെയും കൊണ്ട് നിറഞ്ഞു..കുറച്ചധികം വാര്‍ത്താ പ്രാധാന്യം കിട്ടിയ ഒരു പീഡനകേസ് വിധി വരുന്ന ദിവസമാണ്...സ്വയം നല്ലവരായി പ്രഖ്യാപിച്ച ഒരു പറ്റം ജനങ്ങള്‍ കുറ്റം ചെയ്ത ആള്‍ക്ക് കിട്ടുന്ന ശിക്ഷ എന്താന്നറിയാന്‍ ആകാംഷയോടെ കാത്തു നില്‍ക്കുകയാണ്..പ്രതിയെ കുറച്ചു സമയത്തിനുള്ളില്‍ ഇവിടേക്ക് കൊണ്ടുവരും..അയാള്‍ക്ക്‌ നേരെ ഈ ജനക്കൂട്ടം അക്രമം അഴിച്ചു വിട്ടേക്കാം കാരണം സ്വയം പുണ്യാളപ്പട്ടം സ്വീകരിച്ച അവര്‍ ഒരിക്കലും ചെയ്യാന്‍ സാധ്യത ഇല്ലാത്ത പ്രവര്‍ത്തിയാണല്ലോ പ്രതിയുടെ മേല്‍ ചുമത്തപെട്ടത്‌ ..!
ഓര്‍ഡര്‍.. ഓര്‍ഡര്‍ ..!
പ്രതിയുടെ മേല്‍ ആരോപിച്ചിരിക്കുന്ന കുറ്റങ്ങള്‍ എല്ലാം തന്നെ സംശയരഹിതമായി തെളിയിക്കാന്‍ പ്രോസേക്ക്യുഷന് സാധിച്ചിരിക്കുന്നു ...കൃത്യം നടന്നതിനു മുന്‍പുള്ള രണ്ടു ദിവസങ്ങള്‍ പ്രതി കഴിഞ്ഞിരുന്ന സുഖവാസ കേന്ദ്രത്തില്‍ നിന്നുള്ള തെളിവുകളില്‍ നിന്നും മനസ്സിലാകുന്നത്‌ ഇത്തരം വിഷയങ്ങളില്‍ പ്രതിക്കുള്ള അമിതമായ ആസക്തിയാണ്‌...തീവണ്ടികളില്‍ സ്ഥിരമായി സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണം കൂടി വരുന്നു..ഇതിനൊരു ശമനം ഈ കോടതി വിധിയില്‍ കൂടി ഉണ്ടാകുകയാണെങ്കില്‍ അത് സമൂഹത്തിനു വളരെ ഉപകാരപ്പെട്ടേക്കും...ഇനിയും ഗോവിന്ധചാമിമാരും സൌമ്യമാരും ഉണ്ടാകണം എന്ന് ഈ കോടതി ആഗ്രഹിക്കുന്നില്ല...!
തീവണ്ടിയുടെ വാതില്‍ക്കല്‍ നിന്ന പെണ്‍കുട്ടിയുടെ കയ്യില്‍ പിടിച്ചു വലിച്ചു താഴെ ഇട്ടു പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി കുറ്റക്കാരനാണ്..താഴെ വീണ ആഘാതത്തില്‍ തല തകര്‍ന്ന കുട്ടിയുടെ മരണത്തിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഈ പ്രതിക്ക് മാത്രമുള്ളതാണെന്നും ആയതിനാല്‍ വിഷയാസകതിയില്‍ മതിഭ്രമം പിടിപെട്ടു മനപ്പൂര്‍വമായി നീചമായ നരഹത്യ ചെയ്ത ഈ പ്രതി കുറ്റക്കാരനാണെന്നും ഈ കോടതി വിധിക്കുന്നു..ശിക്ഷാവിധി പ്രഖ്യാപിക്കാനായി കോടതി വീണ്ടും അടുത്ത മാസം രണ്ടാം തീയതിയില്‍ കൂടുന്നതാണ്...! ദി കോര്‍ട്ട് ഈസ്‌ അഡ്ജോയിന്‍ട്..!


**                          **                             **                                **                                 
"ഇപ്പോള്‍ നിനക്ക് എന്ത് തോന്നുന്നു സുര്യ ?"
"എന്തോ ഒരു ആത്മവിശ്വാസം തോന്നുന്നുണ്ട് ഒപ്പം കുറച്ചു സന്തോഷവും ...പ്രതേയ്കിച്ചും കഥ എഴുതിക്കഴിഞ്ഞപ്പോള്‍ ഞാനൊരു കാര്യം ശ്രദ്ധിച്ചു..നീ ശ്രദ്ധിച്ചോ എന്നറിയില്ല  ?"
"ഞാന്‍ ശ്രദ്ധിച്ച രണ്ടു കാര്യങ്ങളുണ്ട് അത് പറയാം,, അതാണോ എന്ന് നീ പറയു..ഞാന്‍ തന്ന ചിത്രങ്ങളുടെ ക്രമമനുസരിച്ചല്ല നീ കഥ സൃഷ്ടിച്ചത് എന്റെ ആദ്യത്തെ ഫോട്ടോയിലെ രംഗം കഥയുടെ ഇടയ്ക്കാണ് വരുന്നത്  അത് പോലെ മറ്റു ഫോട്ടോകളും ഞാന്‍ തന്ന ക്രമത്തിലല്ല കഥയില്‍ .! മാത്രമല്ല ..കടല്‍ പശ്ചാത്തലമാക്കിയ ഒരു ചിത്രം നീ ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു..അതിനെ കുറിച്ചു കഥയില്‍ പറഞ്ഞിട്ടുമില്ല..! "
"അത് തന്നെയാണ് ഞാന്‍ പറയാന്‍ വന്നത്..മനസ്സില്‍ വന്നെത്തുന്ന ചിത്രങ്ങള്‍ അതേപടി പകര്‍ത്തുന്നതല്ല എന്റെ രീതി..പലപ്പഴും അതും തിരിഞ്ഞും മറിഞ്ഞും കഥയാകുന്നതാണ്...അത് കൊണ്ട് തന്നെ ഇപ്പോള്‍ എനിക്ക് തോന്നുനുണ്ട് എന്റെ മനസ്സില്‍ ഇനിയും പറയാന്‍ എന്തൊകെയോ അവശേഷിക്കുന്നുണ്ടെന്നും ...പിന്നെ നീ പറഞ്ഞ കടലിന്റെ ചിത്രം , ഏറ്റവും മനോഹരമായ ആ ചിത്രം കഥയില്‍ എവിടെ ഉപയോഗിക്കണം എന്ന് ഞാന്‍ കുറെ ചിന്തിച്ചു..പക്ഷെ ഒന്ന് ശ്രദ്ധിച്ചാല്‍ ഈ കഥയില്‍ മുഴുവന്‍ കടലിരമ്പുന്ന ഒരു മനസ്സു കാണാന്‍ സാധിക്കും.. ഇനിയും അത് ചേര്‍ക്കണമെന്ന് നിര്‍ബന്ധമാണെങ്കില്‍ അയാള്‍ തിരഞ്ഞെടുത്ത സുഖവാസകേന്ദ്രം ലൈറ്റ് ഹൌസുള്ള ഒരു ബീച്ച് ആയിക്കോട്ടെ..!"
"ഇതുതന്നെയാണ് സുര്യ ഞാന്‍ നിന്നോട് പറഞ്ഞത് ..നിന്റെ മനസ്സില്‍ കഥകളുണ്ട്..ഇനിയും ഉണ്ടാകും കാരണം നീ എഴുതുന്നത്‌ നിനക്ക് വേണ്ടിയല്ല...നിന്നെ സ്നേഹിക്കുന്നവര്‍ക്ക് വേണ്ടിയാണ്...അവരെ നിരാശപ്പെടുത്തുന്ന ശപഥങ്ങള്‍ നിലനിര്‍ത്താന്‍ നിനക്ക് കഴിയില്ല.."
"എനിക്കത് മനസ്സിലാകുന്നു..അത് പോട്ടെ..എഴുത്ത് നിര്‍ത്തുന്നു എന്ന് ചിന്തിച്ച അന്ന് രാത്രി എന്റെ കൂടെ കൂടിയതാണ് നീ ....ശരിക്കും നീ ആരാണ് ?"
"സുര്യ ആ ചോദ്യത്തിനു ഇവിടെ പ്രസക്തിയില്ല..സൂര്യപ്രതാപ് എന്ന നീ ഒട്ടും തന്നെ യുക്തിഭദ്രമല്ലാത്ത ഒരു ശപഥമെടുത്തു അതിന്റെ അസ്വാസ്ഥ്യത്തില്‍ പുളയുകയായിരുന്നു ..അവിടുന്ന് നിന്നെ രക്ഷിക്കുക്ക എന്നാതായിരുന്നു എന്റെ ഉദ്യമം ...അത് കഴിഞ്ഞു ...ഇനി ഇപ്പോള്‍ എനിക്ക് പോകാന്‍ സമയമായി എന്നെങ്കിലും നീ ഇനിയും ഇത്തരം പാഴ്ശപഥങ്ങള്‍ എടുത്താല്‍ മാത്രം ഞാന്‍ ഇനിയും തിരിച്ചു വന്നേക്കും....ഇപ്പോള്‍ നീ ചെയ്യേണ്ടത് വേഗം തന്നെ ഈ കഥ തെറ്റുകള്‍ തിരുത്തി പോസ്റ്റ്‌ ചെയ്യുക എന്നതാണ് ...അതിലേക്കു വരുന്ന നല്ലതും മോശവുമായ അഭിപ്രായങ്ങള്‍ കാണാന്‍ ഞാനും കാത്തിരിക്കാം..!
***********************************************************************************************