പേജുകള്‍‌

2012, മാർച്ച് 22, വ്യാഴാഴ്‌ച

ടി .വി.എം - ബംഗ്ലൂര്‍ വോള്‍വോ ബസ്‌


ഡ്രൈവര്‍ സീറ്റ്  : സേവിയര്‍ ജോണ്‍ , ഡ്രൈവര്‍ (നൈറ്റ്‌ ഡൂട്ടി)
ഈ വളയം കയ്യില്‍ പിടിച്ചു രാത്രിയാത്രകള്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി ..ആദ്യമൊക്കെ ഓരോ യാത്രയും ആവേശമായിരുന്നു . ഇപ്പോള്‍ മടുപ്പുളവാക്കുന്ന ജോലി എന്നതിലുപരി അതിലൊരു സന്തോഷവും തോന്നുന്നില്ല..!


എവിടെയാണ് തനിക്കു പിഴച്ചത് ? ഓരോ ഘട്ടത്തിലും എന്റെ ജീവിതം മുന്നോട്ടു പോകുന്നതു  അവളുടെ നിയന്ത്രണത്തിലായിരുന്നു...! അവളുടെ നിര്‍ബന്ധത്തിനു വഴങ്ങി അന്ന് വരെ ഇഷ്ട വാഹനമായി കൊണ്ട് നടന്ന ജീവിതത്തില്‍ ആദ്യം സ്വന്തമാക്കിയ കാര്‍ ഉപേക്ഷിച്ചു ഈ രാത്രി സാരഥി ജോലി തിരഞ്ഞെടുത്തത് ജീവിതം ഒന്നുകൂടി മെച്ചപ്പെടുതാനായിരുന്നല്ലോ  ! ഞാന്‍ നല്‍കിയ സുഖസൗകര്യങ്ങളില്‍ എവിടെയാണ് കുറവ് വന്നത് ? ഒരിക്കലും അന്ന് ആ കാഴ്ച കാണരുതായിരുന്നു ..! അവളെ കുറിച്ച് എന്നും തന്റെ മനസ്സില്‍ ഉണ്ടായിരുന്ന നല്ല മുഖം മാത്രം മതിയായിരുന്നു...ചതിക്കപ്പെടുകയായിരുന്നെങ്കിലും താന്‍ അത് അറിയാതിരുന്നാല്‍ മതിയായിരുന്നു..എട്ടു വര്‍ഷത്തെ കല്യാണ ജീവിതത്തിനു ശേഷം ദൈവം കനിഞ്ഞു നല്‍കിയ അനുഗ്രഹം എന്റെ പൊന്നുമോള്‍ ...തന്റെ അധ്വാനത്തിന്റെ ബാക്കി പത്രം എന്ന് അവകാശപ്പെടാന്‍ കഴിയുന്ന കുഞ്ഞു വീട്...ഓരോന്നും സ്വന്തമായപ്പോള്‍ നിരക്ഷരനും അനാഥനുമായിരുന്ന താന്‍ പ്രതീക്ഷിച്ചതിലും മുകളില്‍ ഒരു ജീവിതം കെട്ടിപ്പെടുത്ത അഹങ്കാരവും സന്തോഷവും ഒപ്പം പുതിയ കുറേ പ്രതീക്ഷകളുമായിരുന്നു...അതൊക്കെ വന്ന വേഗത്തില്‍ തന്നെ തകരുന്ന വേദന സഹിക്കാനായില്ല ...!!


ഇപ്പോള്‍ അവളുടെ പിടച്ചില്‍ നിന്നിട്ടുണ്ടാകും...വായില്‍ തിരുകിയ തുണിയില്‍ കുരുങ്ങി അടഞ്ഞ അവളുടെ ഞെരക്കങ്ങളും മൂളലും അവസാനിച്ചു കാണും...!ഈ യാത്ര കഴിഞ്ഞു തിരിച്ചു വന്നാല്‍ നേരെ നിയമത്തിനു കീഴടങ്ങണം ...ഒരേ ഒരു വിഷമം മാത്രം വഴി പിഴച്ചു പോയ ഒരമ്മയുടെയും അതിന്റെ പേരില്‍ അവരെ കൊല ചെയ്തതിനു ജയില്‍ ശിക്ഷ അനുഭവിക്കുന്ന അച്ഛന്റേം മകളായി ജീവിക്കേണ്ടി വരും എന്റെ എല്ലാമായ പൊന്നുമോള്‍ക്ക്...!!


തന്റെ കയ്യില്‍ ഈ വളയം സുരക്ഷിതമാണ് ഒരുവേള ഈ വണ്ടി എവിടെയെങ്കിലും ലക്ഷ്യമില്ലാതെ ഒന്നു തിരിച്ചാല്‍ ഇതൊന്നും അറിയാതെ പോകാം ഈ ലോകത്ത് നിന്നും...അതിനെ കുറിച്ചും ഓര്‍ത്തിരുന്നു...വാഹനങ്ങള്‍ ഒരുപാട് ഇഷ്ട്ടപെട്ടിരുന്ന തന്റെ മരണവും ഈ വളയം കയ്യില്‍ വച്ച് തന്നെ ആകാന്‍ ..പക്ഷെ പുറകിലെ സീറ്റുകളില്‍ ഉറങ്ങുന്ന കുറെ ജീവനുകള്‍ അതെടുക്കാന്‍ തനിക്കു അവകാശമില്ല...അതില്‍ ചിലപ്പോള്‍ നല്ല അമ്മമാരുണ്ടാകും...അമ്മയേം അച്ഛനെയും സ്നേഹിച്ചു ജീവിച്ചു കൊതി തീരാത്ത മക്കളും .ഈ കുറച്ചു മണിക്കൂറുകള്‍ അവരുടെ ജീവന്‍ തന്റെ മാത്രം ഉത്തരവാദിത്വം ആണ് ..അത് പൂര്‍ത്തിയാക്കണം ..!


**                                                          **                                                                **


സീറ്റ് നമ്പര്‍ 12  : ശില്‍പ്പ മേരി മാത്യു - സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍


മുത്തൂറ്റ് പ്ലാസയിലെ എക്സിക്കൂട്ട് സ്യൂട്ട് റൂം 607. എ സി യുടെ സുഖകരമായ തണുപ്പിലും വിയര്‍ത്ത ശരീരവുമായി ശില്‍പ്പ...ചെറുമയക്കത്തിലേക്ക് വീണ അവളുടെ മുഖത്ത് ലഹരിയുടെ പൂര്‍ണ്ണ സംതൃപ്തി ...അവളുടെ ഇഷ്ട്ട ബ്രാന്‍ഡ് അപ്പിള്‍ മാര്‍ട്ടിനി കോക്ക്ടൈല്‍ ഓര്‍ഡര്‍ ചെയ്തു ഹര്‍ഷന്‍ തന്റെ അടുത്ത പെഗ്ഗ് റെമിമാര്‍ട്ടിന്‍ രുചിച്ചു ഒരു സിഗരറ്റ്നു തീ കൊളുത്തി...എല്ലാം കഴിഞ്ഞാല്‍ ഈ കോക്ക്ടൈല്‍ അവളുടെ പതിവാണ് ...അവള്‍ ഒരു രതി ദേവതയാണ് അനേകം പുതുമകള്‍ പരീക്ഷിക്കുന്ന രതി ശില്‍പ്പം .! ചുണ്ടില്‍ ഒരു ചെറുപുഞ്ചിരിയോടെ തളര്‍ന്നു മയങ്ങുന്ന ശിപ്പയെ നോക്കി ഹര്‍ഷന്‍ ഒരു റിംഗ് സ്മോക്ക്‌ പുറത്തേക്കു ഊതി വിട്ടു.


"ഇന്ന് നമ്മുടെ അവസാന കണ്ടുമുട്ടല്‍ ആണ് ഹര്‍ഷന്‍" ശില്‍പ്പ എഴുന്നേറ്റു ടി വി ഓഫ്‌ ചെയ്ത ശേഷം ഒരു കൈയ്യില്‍ കോക്ക്ടൈല്‍ ഗ്ലാസ്സുമായി ഹര്‍ഷന്റെ മടിയിലേക് കയറി ഇരുന്നു..
"ഹേ കമ്മോണ്‍ ശിപ്പ ..വാട്ട്‌ യു മീന്‍ ..ഇറ്റ്സ്  എ വെരി ബാഡ് ജോക്ക് .. "
"ഐ ജസ്റ്റ്‌  സെഡ് വാട്ട്‌ ഐ മെന്റ് .." അവന്റെ നീണ്ട നാസികയില്‍ ഒന്ന് നുള്ളിക്കൊണ്ട്  അവള്‍ ചിരിച്ചു." ഐ ഗോട്ട് എ ന്യൂ ഗയ്..അവന്‍ എന്നെ ആഗ്രഹിക്കുന്നു...ഞാന്‍ അവനെയും..ചിലപ്പോള്‍ ഞങ്ങള്‍ ഒന്നായെക്കാം  .."
" ശില്‍പ്പ ..ദിസ്‌ ഈസ്‌ ടൂ മച്ച് ..ഓകേ ?? "
"ഹേ ജസ്റ്റ്‌ റിലാക്ക്സ് യു നോട്ടി ..ബി കൂള്‍ ...ഞാന്‍ ഒന്ന് പറഞ്ഞോട്ടെ...ഇന്ന് വരെ ഇപ്പോള്‍ കഴിഞ്ഞ കുറച്ചു നിമിഷങ്ങള്‍ വരെ നീ എനിക്ക് തന്ന എല്ലാ സുഖവും ഞാന്‍ ആസ്വദിച്ചു ..നീ ഒരു മിടുക്കനാണ് ..എല്ലാ തരത്തിലും ഒരു പെണ്ണിന്റെ മുഴുവന്‍ സന്തോഷങ്ങളും സുഖവും നീ മനസ്സിന്റെ കോഡ് ബ്ലോക്കില്‍ സൂക്ഷിച്ചിട്ടുണ്ട് ..അവളെ എങ്ങനെ തൃപ്തിപ്പെടുത്തണം എന്ന് നീ പഠിച്ചു വച്ചിരിക്കുന്നു..ഒരു പെണ്ണും നിന്നെ വിട്ടു പോകില്ല ..സീ ഇറ്റ്സ് എ ഗോള്ടെന്‍ കമന്റ്‌ ഫ്രം ശില്‍പ്പ .... യു നോ ?? ശില്‍പ്പ ഒരാണിനെ കുറിച്ച് ഇങ്ങനെ പറയണമെങ്കില്‍ അവന്‍ ഒരു സാദാ പുരുഷനാകില്ല ..!" പൊട്ടിച്ചിരിച്ചുകൊണ്ട് ഹര്‍ഷന്റെ രണ്ടു കവിളിലും അവള്‍ വിരലുകള്‍ കൊണ്ട്  മുറുക്കി പിടിച്ചു. 
" ബട്ട്‌ ഹര്‍ഷന്‍ ഐ നീഡ്‌ എ ചേഞ്ച്‌ ..നിന്നില്‍ ബോര്‍ അടിചിട്ടല്ല...ഇനി നിനക്ക് എന്നെയും മടുപ്പ് തോന്നും..!! ആ തോന്നല്‍ തുടങ്ങുന്നതിനു മുന്‍പ് ഞാന്‍ പോകുന്നു...ഓര്‍ക്കുന്നുണ്ടോ ഈ ബന്ധം തുടങ്ങിയപ്പോള്‍ നമ്മള്‍ തീരുമാനിച്ചിരുന്നു എപ്പോള്‍ വേണമെങ്കിലും പിരിയാം ..ഞാന്‍ എന്ന വ്യക്തിയെ കുറിച്ച് മാത്രമേ നീ അന്വേഷിക്കൂ ..നീ വാക്ക് പാലിച്ചു അത് പോലെ ഞാനും..പരസ്പരം ഒന്നും അറിയാന്‍ നമ്മള്‍ രണ്ടും ശ്രമിച്ചിട്ടില്ല....എനിവേ..കഴിഞ്ഞ ആറു മാസം അതിനിടയില്‍ നടന്ന പത്ത് സുഖസംഗമങ്ങള്‍ ..ഞാന്‍ വളരെ സന്തുഷ്ട്ടയാണ് നീ എന്ന പുരുഷനില്‍..നിന്നില്‍ ഞാന്‍ അര്‍പ്പിച്ച വിശ്വാസം എന്നും കാത്തു സൂക്ഷിക്കണം...ആന്‍ഡ്‌ നൌ ..ദി അദര്‍ ഗയ് ഈസ്‌ വൈറ്റിംഗ് ഫോര്‍ മി ..ഈ രാത്രി നമ്മള്‍ വേര്‍പിരിഞ്ഞാല്‍ ഞാന്‍ പൂര്‍ണമായും അവന്റെ മാത്രമാകും ..കഴിഞ്ഞ ആറു മാസം നിന്റെ മാത്രം ആയിരുന്നത് പോലെ. ഈ വേര്‍പിരിയലിന് മുന്നേ നിനക്കെന്നും എന്നെ ഓര്‍ക്കാന്‍ ഈ ചുംബനം മതിയാകും.."


അവന്റെ മുഖത്ത് നിന്നും ചുണ്ടുകള്‍ വേര്‍പെടുത്തുമ്പോള്‍ ആ കണ്ണുകളില്‍ രണ്ടു  തുള്ളി കണ്ണുനീര്‍ അവള്‍ കണ്ടു ..." ഹേ സില്ലി ബോയ്‌..നീ എന്തിനാ വിഷമിക്കുന്നേ ? നീ കരുതുന്നുണ്ടോ ഞാന്‍ ആദ്യമായി അറിഞ്ഞ പുരുഷന്‍ നീയാണെന്ന് ? എനിക്ക് വ്യക്തമായി അറിയാം നീ ആസ്വദിച്ച പലരില്‍ ഒരാള്‍ മാത്രമാണ് ഞാന്‍ എന്നും... പ്രിയപ്പെട്ടവന്‍ കടവില്‍ മുങ്ങി മരിച്ചപ്പോള്‍ കല്യാണം പോലും കഴിക്കാതെ അവന്റെ വിധവാ പട്ടം സ്വയം എടുത്തണിഞ്ഞ പുണ്യവതിയായ കാമുകിയുടെ തലമുറയില്‍ പെട്ടവരല്ല നമ്മള്‍..പ്രണയത്തിനു മുകളില്‍ കാമം ആഘോഷിക്കുന്ന പുതിയ തലമുറയിലെ അഭിനവ പ്രണയിതാക്കളല്ലേ ??...നിന്റെ ഓഫീസില്‍ ഇനിയും പ്രൊജക്റ്റ്‌ വരും ..എന്നേക്കാള്‍ മികച്ച ശില്പ്പമാര്‍ പ്രൊജക്റ്റ്‌ എന്ജിനിയെര്‍സ് ആയി എത്തും..അവരില്‍  നിന്നും ഒരാളെ നിനക്കും തിരഞ്ഞെടുക്കാം...ഇറ്റ്സ് സൊ സിമ്പിള്‍ ടേക്ക് ഇറ്റ്‌ ഇന്‍ ദാറ്റ്‌ സ്പിരിറ്റ്‌ മാന്‍ "


"ഹേ ആര്‍ യു ഗോയിംഗ് ടു മാരി ഹിം??" ആകാംഷയോടെ ഹര്‍ഷന്‍ ചോദിച്ചു..
നുണക്കുഴികള്‍ തെളിഞ്ഞ മനോഹരമായ ഒരു ചിരി ആയിരുന്നു അവളുടെ മറുപടി ...!!
**                                                          **                                                                **


സീറ്റ് നമ്പര്‍ 23  : രോഹന്‍ മേനോന്‍  - എം ബി എ ഫിനാന്‍സ് .


" അമ്മ എല്ലാടത്തും നോക്കിയോ ? ആ ലൈസെന്‍സും മറ്റും സൂക്ഷിച്ചിരുന്ന ചെറിയ വാലെറ്റ് ആണ് ഞാന്‍ ചോദിക്കണേ..ങേ ..അതെ ചുവന്ന നിറത്തിലെ..അവിടെ ഇല്ലേ ? ഉം ശരി എല്ലാടവും നോക്കിയല്ലോ അല്ലെ ..ശരി ഞാന്‍ അവിടെ എത്തിയിട്ട് വിളിക്കാം "


മാനേജ്‌മന്റ്‌ കോഴ്സ് ബിരുദാനന്തര ബിരുദം കഴിഞ്ഞെങ്കിലും ഞാന്‍ അറിയാതെ പെട്ട് പോയ വഴിയായിരുന്നു രാഷ്ട്രീയം ..ആ വഴിയുടെ അവസാനം ചെന്നെത്തിയത് ഒരിക്കലും തിരിച്ചു കേറാന്‍ പറ്റാത്ത ഒരു വലയത്തിലും ..!
എന്നെ സംബന്ധിച്ചിടത്തോളം ഈ യാത്ര വളരെ സങ്കീര്‍ണമാണ്..ഞാന്‍ ചെയ്ത ഒരു പ്രവര്‍ത്തിയുടെ വാര്‍ത്തയുമായി ആകും രാവിലെ കേരളം ഉണരാന്‍ പോകുന്നത് ..അതില്‍ ഉള്‍പ്പെട്ട വ്യക്തി മലയാള സമൂഹത്തിലെ തീരെ ചെറിയ ആളൊന്നുമല്ല..യുവ വ്യവസായി .. പ്രമുഖരായ കൊട്ടാരത്തില്‍ ഗ്രൂപ്പ്ന്റെ നെടു നായകനാകാന്‍ കാത്തിരുന്ന വ്യവസായ പ്രമുഖന്‍..! ജോബിന്‍ കൊട്ടാരത്തില്‍ .


അവന്‍ വെറും പാവമായിരുന്നു ...ജീവിക്കാന്‍ അറിയാത്ത ശുദ്ധന്‍.. മറ്റേതൊരു പണച്ചാക്കിന്റെ മകനെയും പോലെ കള്ളും പെണ്ണും ചിലപ്പോള്‍ അതിനപ്പുറം ലഹരിയുടെ പരമോന്നത നിമിഷങ്ങള്‍ ആസ്വദിക്കാന്‍ ഹാഷിഷും ഗ്രാസ്സും..ചില സമയം ഡയലൂട്ടട് സ്നേക്ക് പോയിസനും...പാമ്പിന്‍ വിഷം നേര്‍പ്പിച്ചു ലഹരി വസ്തു ആക്കുന്ന ഏറ്റവും പുതിയ ലഹരി...ഇതൊക്കെ  അവന്റെയും ഇഷ്ട്ടങ്ങളായിരുന്നു...പക്ഷെ എന്തൊക്കെയായാലും അവന്‍ ഒരു യഥാര്‍ത്ഥ സുഹുര്‍ത്തായിരുന്നു..സൌഹൃദം ആഖോഷമാക്കുന്ന പ്രിയ സുഹുര്‍ത്ത് ..സുഹുര്‍ത്തുക്കള്‍ക്ക്‌ വേണ്ടി ഏതറ്റം വരെ എന്തിനും പോകാന്‍ മടിയില്ലാത്ത ആത്മാര്‍ഥത വളരെ ചുരുക്കം പേരിലെ കണ്ടിട്ടുള്ളൂ...ജോ തീര്‍ച്ചയായും ആ കൂട്ടത്തില്‍ പെടുന്നവനാണ്  .പക്ഷെ ജീവിതം എന്താണെന്ന്  മനസ്സിലാക്കാന്‍ അവനു കഴിഞ്ഞില്ല..! ഏതു വന്‍തോക്കുകളും പേടിക്കേണ്ട ഒരു പ്രതെയ്ക വിഭാഗമുണ്ട് നാട്ടില്‍......രാഷ്ട്രീയക്കാര്‍..... അവരോടു പോരാടി നില്‍ക്കാന്‍ പണം മാത്രം മതിയാകില്ല..അവര്‍ പണം കൊണ്ട് മാത്രമല്ലല്ലോ കളിക്കുന്നത് ..കുത്താന്‍ ഉപയോഗിച്ച  കത്തിയെ എസ് കത്തിയോ വൈ കത്തിയോ ആക്കാന്‍ അവര്‍ക്ക് നിമിഷങ്ങള്‍ മതി ..അവരോടു നേരിട്ട് പിടിച്ചുനില്‍ക്കാന്‍ ആ പാവത്തിന് കഴിഞ്ഞില്ല..!!


സുഹുര്‍ത്ത് എന്ന സെന്‍റ്റിമെന്‍ട്സ് മനസ്സില്‍ തോന്നിയത് കൊണ്ട് ഒന്നും നേരിട്ട് ചെയ്യാന്‍ എനിക്ക് മനസ്സ് വന്നില്ല..കുറെ കൂലിപ്പിള്ളാരെ ഏല്‍പ്പിച്ചു..അവര്‍ കൃത്യം നിര്‍വഹിച്ചു..കുറ്റം അവര്‍ എറ്റോളും..എല്ലാത്തിനും  മുകളില്‍ നിന്നും വ്യക്തമായ നിര്‍ദേശം ഉണ്ട്..ആവശ്യത്തിനു പണവും...തന്നെ ഏല്‍പ്പിച്ച ജോലി ഭംഗിയായി തന്നെ തീര്‍ത്തിട്ടുണ്ട്..ഇനി കുറച്ചു നാള്‍ മന്ത്രി പുത്രന്റെ ബംഗ്ലൂര്‍ ഫ്ലാറ്റില്‍ താമസിക്കാം അതിനു ശേഷം അവരുടെ പുതിയ തട്ടകമായ ദുബൈയിലേക്ക് പോകാം..തന്റെ പങ്കാളിത്തത്തെ കുറിച്ച് സംശയം ഉണ്ടാകാന്‍ ന്യായമായും സാദ്ധ്യതകള്‍ കുറവാണ് എന്നാണു കരുതിയത്‌ ..തെളിവുകള്‍ ഒന്നും അവശേഷിപ്പിചിട്ടില്ലന്നും ...പ്ലാന്‍ എല്ലാം കിറുക്രിത്യമായിരുന്നു പക്ഷെ .. ..!


എന്റെ ഡ്രൈവിംഗ് ലൈസന്‍സ് ഉള്‍പ്പടെ കയ്യില്‍ സൂക്ഷിച്ചിരുന്ന വാലെറ്റ് നഷ്ട്ടമായി ...തീര്‍ച്ചയായും അത് ആ വണ്ടിയില്‍ തന്നെയുണ്ടാകും...ഏതൊരു വിദഗ്ദ്ധനായ കുറ്റവാളിയും  അന്വേഷണ ഉദ്യോഗസ്തര്‍ക്ക്  ഒരു തെളിവ്  ബാക്കി വച്ചിട്ടുണ്ടാകും..ദൈവത്തിന്റെ കണ്ണ് എന്ന് വിശേഷിപ്പികാവുന്ന ഒരു കുഞ്ഞു  തെളിവ്...ഇവിടെ സൌഹൃദത്തില്‍ വിഷം കലര്‍ത്തിയ തന്നെ ദൈവം ശിക്ഷിച്ചത് ഈ വലിയ തെളിവ് അവശേഷിപ്പിച്ചു എന്ന് മാത്രം ..! നാളത്തെ വാര്‍ത്തകള്‍ എന്റെ ജീവിതത്തില്‍ വലിയ മാറ്റം ഉണ്ടാക്കും..ചിലപ്പോള്‍ അതൊരു ഉയര്‍ച്ചയാകും ആരെയും പേടിപ്പെടുത്തുന്ന രീതിയില്‍ പുതിയ അധോലോക നായകന്‍റെ ഉദയം...!!


**                                                          **                                                                **
സീറ്റ് നമ്പര്‍ 27  : റഫീക്ക് അഹമ്മദ്‌ - ഇലക്ട്രോണിക്സ് വിദഗ്ദ്ധന്‍.


നാളെ രാവിലെ ആറു മണിക്കാകും ഈ വാഹനം ഉദ്യാനനഗരിയില്‍ എത്തുന്നത്‌..താന്‍ അവാശ്യപ്പെട്ട സാമഗ്രികളുമായി അയാള്‍ സ്റ്റേഷനില്‍ കാത്തു നില്‍ക്കും...ഇതെന്‍റെ ആറാമത്തെ ഉദ്യമം !!


തീവ്രവാദം സിരകളില്‍ കത്തിക്കയറുന്ന ഈ സമൂഹത്തില്‍ എന്നും ഒറ്റയാനായിരുന്ന അഹമ്മദ്‌ എന്ന ബാപ്പയുടെ മകനാണ് റഫീക്ക് അഹമ്മദ്‌ എന്ന ഞാന്‍...! ഓരോ സ്പോടനങ്ങളും തെളിയുന്ന പത്ര വാര്‍ത്തകള്‍ വായിച്ചു മരിച്ചു പോകുന്ന നിരപരാധികള്‍ക്ക്‌ വേണ്ടി നിസ്ക്കാര പായയില്‍ കണ്ണ് നീരോടെ ദുആ ചെയ്യുന്ന സാധു മനുഷ്യന്റെ മകന്‍...! പക്ഷെ ഇന്ന് ആ മനുഷ്യന്‍ ഒരു തീവ്രവാദിയുടെ പിതാവാണ്...! എന്നും ഈ വിപത്തിനെ എതിര്‍ത്തിരുന്ന അതിന്റെ പേരില്‍ പള്ളിയുടെയും ജമാത്തിന്റെയും വിലക്കുകള്‍ ഏറ്റു വാങ്ങേണ്ടി വന്ന തന്റെ അനുജന്‍...ഇപ്പോള്‍ ലോകരുടെ മുന്നിലെ കൊടും ഭീകരന്‍...ആ റഷീദ് അഹമ്മദിന്റെ പിതാവ് എന്ന പദവി ലഭിച്ച വെറുക്കപ്പെട്ട മനുഷ്യന്‍..!


ബംഗ്ലൂര്‍ എന്ന നഗരത്തിനു തീവ്രവാദ ആക്രമണങ്ങള്‍ പുതുമയല്ല ..! പക്ഷെ അതില്‍ പെട്ട് പോകുന്ന ദേശസ്നേഹികളായ മത വിശ്വാസികള്‍ ഉണ്ടെന്നു ആരറിയുന്നു...? ഇത് പോലൊരു രാത്രിയില്‍ ഇതേ ബസ്സില്‍ താന്‍ യാത്രയാക്കിയ തന്റെ അനുജന്‍ പിന്നീട് അറിയപ്പെട്ടത് ചാവേര്‍ തീവ്രവാദി എന്ന പേരിലായിരുന്നു..! പുതിയ ജോലി കിട്ടിയ സന്തോഷത്തില്‍ ബംഗ്ലൂരിലേക്ക് പോയ അനുജനെ പിന്തുടര്‍ന്നത്‌ തന്‍റെ പിതാവിന്റെ ശത്രുക്കള്‍ തന്നെയാകും...അവരുടെ ഉദ്ദേശ്യം കൃത്യമായി നടന്നു..ജോലി സ്ഥലത്തേക്ക് നീങ്ങിയ അവന്റെ ബാഗില്‍ അവന്‍ അറിയാതെ ഘടിപ്പിച്ച ബോംബ്‌ അവന്‍റെയും കൂടെ കുറെ നിരപരാധികളായ മനുഷ്യരുടെയും ജീവന്‍ കവര്‍ന്നു..! മാധ്യമങ്ങള്‍ക്കും പോലീസിനും ഒരു ഇരയെ കിട്ടി... വെട്ടി ഒതുക്കിയ ദീക്ഷ ചിലര്‍ക്ക് സ്റ്റൈല്‍ ആകുമ്പോള്‍ നാമധേയം കൊണ്ട് മതത്തിന്റെ ചിഹ്നങ്ങള്‍ വിളിച്ചറിയിക്കുന്നവര്‍ക്ക് അതൊരു അടയാളം ആണ് തീവ്രവാദിയുടെ അടയാളം ! തന്‍റെ അനുജന്‍ ചതിക്കപ്പെട്ടു എന്ന് വിശ്വസിക്കാന്‍ ആരുമുണ്ടായില്ല ..ആര്‍ക്കാണ് അതിനു താല്‍പ്പര്യം ? എല്ലാര്ക്കും വേണ്ടത് ഒരു ഇരയെ മാത്രം അത് കിട്ടിക്കഴിഞ്ഞ സന്തോഷത്തില്‍ അവര്‍ പുളകം കൊള്ളട്ടെ ..!


തീവ്രവാദം മതത്തിന്‍റെ മാത്രം സ്വന്തമല്ല അതിനപ്പുറം ഒരു രാഷ്ടീയം അതിലുണ്ട്...അത് പണത്തിന്റെ രാഷ്ട്രീയം ആണെന്ന് ഞാന്‍ മനസ്സിലാക്കിയത് വളരെ  വൈകിയാണ്..അവിടെ മതമോ വര്‍ഗ്ഗമോ ഒന്നും പ്രസക്തമല്ല..പണം മാത്രമാണ് പ്രസക്തി..ഇന്ന് ഞാന്‍ അതിന്റെ പുറകെയാണ്..അത്തരം ശക്തികള്‍ക്കു അത് ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും രാഷ്ട്രീയമായാലും അവര്‍ക്ക് പ്രിയപ്പെട്ട ഉപകരണമാണ് ഇന്ന് തന്‍റെ തലച്ചോര്‍..സാങ്കേതികത വളര്‍ന്നപ്പോള്‍ ബോംബു നിര്‍മാണം പുതിയ മേഖലയിലേക്ക് തിരിഞ്ഞു..പൈപ്പ് ബോംബും ഐസ് ക്രീം ബോംബും ലക്‌ഷ്യം പൂര്‍ത്തീകരിക്കാന്‍ വിഷമിക്കുമ്പോള്‍ സര്‍വസാധാരണ ഉപകരണമായ മൊബൈല്‍ ഫോണ്‍ കൊണ്ട് കൃത്യതോടെ ഒരു സ്പോടനം എങ്ങനെ നടത്താം എന്ന് ഞങ്ങള്‍ ഇലക്ട്രോണിക്സ് വിദഗ്ദ്ധന്മാര്‍ തെളിയിക്കുന്നു..!


പണം മാത്രമാണ് എന്റെ ലക്‌ഷ്യം മതം പഠിപ്പിച്ചത് ശീലിക്കാന്‍ തയ്യാറാകാത്ത സ്വന്തം സമുദായത്തിലെ ഒരു ന്യൂനപക്ഷവും  ആ സമുദായത്തിലെ മുഴുവന്‍  വ്യക്തികളും ദേശദ്രോഹികള്‍ ആണെന്ന് കല്‍പ്പിക്കുന്ന ഇതര സമൂഹവും ശക്തമായ ഈ നാട്ടില്‍ തനിക്കു ജീവിക്കാന്‍ താല്‍പ്പര്യമില്ല ..ഇതില്‍ നിന്നും കിട്ടുന്ന പണവുമായി രാജ്യം വിട്ടു പോകണം ..തന്‍റെ വിശ്വാസങ്ങളില്‍ അടിയുറച്ചു ജീവിക്കാന്‍ പ്രാപ്തമാക്കുന്ന പുതിയ രാജ്യത്തേക്ക്...!
**                                                          **                                                                **
സീറ്റ് നമ്പര്‍ 31  : സൂര്യ പ്രതാപ്  - എംബടെഡ് എന്‍ജിനിയര്‍ - വിപ്രോ ലിമിറ്റഡ്.


ഇനി എന്നെ പറ്റി കുറച്ചു പറയാം .. എന്റെ പേര് സൂര്യപ്രതാപ് വിപ്രോയില്‍ എംബടെഡ് ടീമിനെ ലീഡ് ചെയ്യുന്നു..യാത്രകളെ ഒരുപാട് ഇഷ്ട്ടപെടുന്ന ഞാന്‍ ..ചെയ്ത യാത്രകളുടെ ചിത്രങ്ങളും വിവരണങ്ങളുമായി സ്വന്തം ബ്ലോഗ്സ്പോട്ടിലും ഒരു സോഷ്യല്‍ സൈറ്റിലും സന്തോഷം കണ്ടെത്തുന്ന ബ്ലോഗ്ഗര്‍..ഇത്തവണ ആ  സൈറ്റില്‍ "യാത്ര"യാണ് മത്സര വിഷയം ..ഒരുപാട് രസകരമായ യാത്രകള്‍ നടത്തിയത് വിവരിച്ചു കഴിഞ്ഞു...മത്സരത്തിനു പങ്കെടുക്കാന്‍ വിവരണ ബ്ലോഗുകള്‍ മതിയാകില്ലല്ലോ.! അവിടെ കഥ വേണം..ജീവിതത്തിലെ അനുഭവങ്ങളാണ് കഥകള്‍ ആകുന്നതു അത് ക്ലീഷേട്‌ ആകാം പക്ഷെ ക്രാഫ്റ്റിംഗ് ആണ് കഥയ്ക്ക് പ്രധാനം എന്ന് വാദിക്കുന്ന നിരൂപകര്‍ ഉള്ള സൈറ്റില്‍ ക്രാഫ്റ്റിങ്ങിലെ പുതുമ വച്ച് തന്നെ ഒരു കഥയുടെ അന്വേഷണമാണ് ഇത്തരമൊന്നു എഴുതാന്‍ പ്രേരിപ്പിച്ചത്..! വിജയിച്ചോ എന്നത് നിരൂപകര്‍ക്കും വായനക്കാര്‍ക്കും വിടുന്നു..!


കുറച്ചു ഇരുണ്ടതെങ്കിലും പ്രസന്നമായ മുഖവും, കഷണ്ടി കേറിയ തലയില്‍ ഒരു ടവല്‍ കെട്ടി..കുറച്ചൊന്നു പിരിമുറുക്കത്തോടെ ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കുന്ന മനുഷ്യന് പിന്നില്‍ ഇങ്ങനെ ഒരു കഥ ഉണ്ടാകാം ഉണ്ടാകാതിരിക്കാം .അയാള്‍ക്ക്‌ ചേരുന്ന പേര് സേവിയര്‍ എന്നല്ലാതെ മറ്റൊന്നും മനസ്സില്‍ വരുന്നില്ല..! യുവത്വം തുളുമ്പുന്ന വടിവൊത്ത ശരീരവും സ്റ്റെപ് ഹെയര്‍സ്റ്റൈലും ത്രെഡ് ചെയ്തു സുന്ദരമാക്കിയ പുരികങ്ങളുമായി , റൂഷും മസ്ക്കാരയും നല്‍കിയ ആത്മവിശ്വാസത്തില്‍ തിളങ്ങുന്ന കണ്ണുകളോടെ ഇടയ്ക്കിടെ ഒളികണ്ണിട്ടു നോക്കുന്ന സുന്ദരിയെ ശില്‍പ്പ എന്ന് പേര് വിളിക്കാനെ എനിക്കാകുന്നുള്ളൂ ..! സ്കൂള്‍ ക്ലാസ്സുകളില്‍ എന്നോടൊപ്പം പഠിച്ച, പഠനത്തില്‍ വളരെ സമര്‍ത്ഥനായിരുന്ന, എന്നാല്‍ ഇപ്പോള്‍ നഗരത്തിലെ ഡോണ്‍ എന്ന് അറിയപ്പെടുന്ന രോഹന്‍...ലോകം ഞെട്ടി വിറച്ച ഒരു കേസില്‍ പെട്ടിട്ടും ഇന്നും തലയെടുപ്പോടെ തന്‍റെ കുപ്രസിദ്ധിയില്‍ വിലസുന്ന അവന്‍റെ മുഖച്ഛായ തോന്നിയ ആ ചെറുപ്പക്കാരന് അതേ പേര് തന്നെ ഞാന്‍ കൊടുത്തു..! എന്റെ ഏറ്റവും നല്ല സുഹുര്‍ത്തുക്കള്‍ മുഖത്ത് വളര്‍ത്തുന്ന താടിയുടെയും ഒരു മത വിശ്വാസത്തില്‍ ജനിച്ചു പോയത് കൊണ്ടും സമൂഹത്തില്‍ ഒറ്റപ്പെടുന്നതും..ഒരുമിച്ചു കളിച്ചു വളര്‍ന്നിട്ടും എന്നെപോലുള്ളവരു പോലും സംശയത്തിന്റെ കണ്ണ് കൊണ്ട് കാണുന്നുണ്ടോ എന്ന ഭീതിയില്‍ കഴിയുന്നവരുടെ ഒരു പ്രതിനിധിയായി അവസാന കഥാപാത്രം റഫീക്കും..!


എന്റെ പ്രിയപ്പെട്ട സൈറ്റില്‍ ഞാന്‍ എഴുതുന്ന അവസാന ബ്ലോഗ്ഗായിരിക്കും ഇത്.എഴുത്തില്‍ ഒരുപാട് പരീക്ഷണങ്ങളൊന്നും  നടത്താന്‍ മാത്രം അറിവോ ഭാഷയോ കൈമുതലില്ലാത്ത എനിക്ക് എല്ലാ പ്രോത്സാഹനവും നല്‍കിയ കുറെ സ്നേഹസമ്പന്നര്‍ക്ക് ഈ കഥ സമര്‍പ്പിക്കുന്നു..ഇനി കഥകള്‍ സൃഷ്ട്ടിക്കാന്‍ കഴിയാത്ത മനസ്സുമായി ഈ കഥാപാത്രങ്ങള്‍ക്കൊപ്പം ഞാനും യാത്ര ചെയ്യുന്നു .!
**                                                          **                                                                **