പേജുകള്‍‌

2011, ഡിസംബർ 12, തിങ്കളാഴ്‌ച

അപൂര്‍ണ്ണമായ തിരക്കഥ



വിതറി വലിച്ചിട്ടിരിക്കുന്ന വെള്ളക്കടലാസ്സുകളുടെ ഇടയില്‍ ഒരു പേനയും പിടിച്ചു ഞാന്‍ ഇരിക്കാന്‍ തുടങ്ങിയിട്ട് നേരം ഒരുപാട് ആയി..! ഡെവിട്സ് ഏര്‍ളി ക്യുബന്‍ ചുരുട്ട് ആഷ് ട്രെയില്‍ ഇരുന്നു പുകയുന്നുണ്ട്..പുറത്തു ആഘോഷങ്ങള്‍ തീര്‍ന്നിട്ടില്ല ജനങ്ങള്‍ ആഹ്ലാദത്തിമിര്‍പ്പിലാണ് .കളിപ്പാട്ടങ്ങളെ പോലെ കിട്ടിയ യന്ത്രതോക്കുകള്‍ ആകാശത്തേക്ക് ഉയര്‍ത്തി അതില്‍ അവശേഷിക്കുന്ന വെടി ഉണ്ടകള്‍ പൊട്ടിച്ചു തീര്‍ത്തുകൊണ്ടാണ് അവരുടെ സന്തോഷപ്രകടനം ! പകയുടെയും പ്രതികാരത്തിന്റെയും രക്തക്കറ പുരളാത്ത ലിബിയന്‍ പുലരികള്‍ സ്വപ്നം കണ്ടാണ്‌ ഈ സന്തോഷം.ജനാധിപത്യത്തിന്റെ വസന്തം വിടരുന്ന ജനങ്ങളാല്‍ ജനങ്ങളെ ഭരിക്കുന്ന സ്വതന്ത്ര ലിബിയ...!

ബെങ്കാളികളും ഇന്ത്യക്കാരും രഹസ്യമായി വാറ്റി സെക്കണ്ട്സ് എന്ന ഓമനപ്പേരില്‍ വില്‍ക്കുന്ന നാടന്‍ വാറ്റുചാരായം പകുതിയോളം ബാക്കി ഉണ്ട്..! ഭാഗ്യം ഈ നാട് പുകയുമ്പോഴും അവര്‍ ഇവിടെ വിട്ടു പോയില്ല... സ്വന്തം നിഴലിനെ പോലും പേടിച്ചു കഴിയുന്ന ഈ നാട്ടുകാര്‍ക്ക് ഇപ്പോള്‍ കുറച്ചെങ്കിലും ആശ്വാസമാണ് ഈന്തപ്പഴമിട്ടു വാറ്റുന്ന ഈ സെക്കണ്ട്സ് മദ്യം.! ലിബിയന്‍ സര്‍ക്കാര്‍ ശക്തമായി നിരോധിച്ചിരുന്ന ഈ ലഹരി ഇനിമുതല്‍ ഈ നാട്ടില്‍ സുലഭാമാകും ഇതും വ്യക്തി സ്വാതന്ത്ര്യത്തില്‍ പെടുന്നതാണല്ലോ..!

"എന്താണ് എഴുതുക ..? എവിടെയാണ് തുടങ്ങുക ? ഒരു തുടക്കം കിട്ടാന്‍ കുറെ നേരമായി  തപ്പിത്തടയാന്‍ തുടങ്ങീട്ട് ..പുറത്ത് ആളുകള്‍ ആഘോഷിക്കുന്ന വിജയം നേടിയവരില്‍ ഞാനുമുണ്ട്.ഇന്നത്തെ ആഘോഷം ഈ സെക്കണ്ട്സ് മദ്യത്തിലും പിന്നെ ഇതുവരെയുള്ള എന്റെ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടത്തിലുമായി ഒതുക്കാനാണ് ഞാന്‍ തീരുമാനിച്ചത്..ആ തിരിഞ്ഞു നോട്ടം ഞാന്‍ ഏറെ ആഗ്രഹിച്ചിരുന്ന പോലെ ഒരു തിരക്കഥാ രൂപത്തില്‍ എഴുതണമെന്നും തീരുമാനിച്ചു..! തിരക്കഥയുടെ സാങ്കേതികത എന്നില്‍ എത്ര മാത്രം ഉണ്ട് എന്ന് നിശ്ചയമില്ല ..എന്നാലും എഴുതണം ഇതെന്റെ ആഗ്രഹമാണ് അതില്‍ കവിഞ്ഞു ഇതുകൊണ്ട് മറ്റൊന്നും ചെയ്യാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല.


വിദേശവിദ്യാഭ്യാസം എന്റെ ഞെരമ്പുകളില്‍ കടത്തി വിട്ട പല ലഹരികളില്‍ ഒന്നാണ് സിനിമ.! ലോകക്ലാസ്സിക്കുകള്‍ കാണുമ്പോള്‍ , മാജിദ് മജീദിയെപ്പോലെ ഭരണകൂടത്തിന്റെ എതിര്‍പ്പ് വക വയ്ക്കാതെ മനോഹര സിനിമകള്‍ ഈ ലോകത്തിനു വേണ്ടി സൃഷ്ട്ടികുന്നവരെ കുറിച്ചോര്‍ക്കുമ്പോള്‍ എന്നെങ്കിലും എന്റെ നാടിനു വേണ്ടി തനിക്കും ഒരു മികച്ച സിനിമ ലോകത്തിലേക്ക്‌ സംഭാവന ചെയ്യണം എന്ന് സ്വപനം കണ്ട രാത്രികള്‍ ഒരുപാടുണ്ട് . ചിലപ്പോള്‍ ഇനി അത് സാധിച്ചേക്കും ..!

*                  **                  **                  **                **                             


സീന്‍ : 1
ലോങ്ങ്‌ ഷോട്ട് : ദീര്‍ഖ ദൂരം മരുഭൂമിയിലെ നടത്തം അവശേഷിഷിപ്പിച്ച ക്ഷീണവും തിളയ്ക്കുന്ന കാറ്റില്‍ പൊടിമണ്ണ് പറ്റി പാറിപറന്ന മുടിയും മുഖവുമായി മുഷിഞ്ഞ വേഷം ധരിച്ചു പ്രായമുള്ള ഒരാളും കൂടെ ഒരു കുട്ടിയും നടന്നു വരുന്നു.അയാള്‍ തന്റെ കൈസഞ്ചിയിലെ തുകല്‍ കോപ്പയില്‍ കരുതിയ വെള്ളം ഒരു കവിള്‍ കുടിച്ച ശേഷം കുട്ടിക്കും കൊടുത്തു ചുട്ടുപഴുത്ത മണലില്‍ രണ്ടുപേരും കുത്തിയിരുന്നു.

ക്ലോസ് ഷോട്ട് : കണ്ണുകള്‍ക്ക്‌ മേലെ കൈ വച്ച് കൊണ്ട് ആ മനുഷ്യന്‍ ദൂരേക്ക് നോക്കുന്നുണ്ട്..കയ്യിലുള്ള ദിക്കുനോക്കി വച്ച് സ്ഥാനം മനസിലായത് പോലെ അടുത്തിരുന്ന കുട്ടിയെ ഒന്ന് നോക്കുന്നു..
"അബ്ബാ ട്രിപ്പോളി എത്താന്‍ ഇനി എത്ര ദൂരമുണ്ട് ?"
"വളരെ കുറച്ചു മൈലുകള്‍ കൂടിയേ ഉള്ളു രിഹാന്‍..നമ്മള്‍ ലക്‌ഷ്യം അടുക്കുന്നു ,തളര്‍ന്നു പോകരുത്  "..കുട്ടിയുടെ നെറ്റിയില്‍ തടവി കൊണ്ട് അയാള്‍ പറഞ്ഞു.

ലോങ്ങ്‌ ഷോട്ട് :മരുഭൂമിയിലെ പഴുത്തമണ്ണില്‍ ആഴ്ന്നിറങ്ങുന്ന കാലുകള്‍ വലിച്ചു വച്ച് അവര്‍ ഒരു ദിക്ക് ലക്ഷ്യമാക്കി നടന്നു നീങ്ങി .

*                  **                  **                  **                                               


ഇല്ല ! ഇത് ശരിയാകുന്നില്ല ,, തല്ക്കാലം ഒരു ഔട്ട്‌ ലൈന്‍ പോലെ എഴുതാം ..അതിനു ശേഷം ഷോട്ടൊക്കെ ഫിക്സ് ചെയ്യാം.എഴുതുന്നത്‌ സ്വന്തം ജീവിതമാകുമ്പോള്‍  ക്യാമറയുടെ കണ്ണുകള്‍ എവിടെ വേണം എന്ന് നിശ്ചയിക്കാന്‍ കഴിയുന്നില്ല..!
ഹോ പുറത്ത് എന്തൊരു ബഹളമാണ് ? ജനങ്ങള്‍ ആടിത്തിമിര്‍ക്കുകയാണ് ..! അവര്‍ ആഘോഷിക്കട്ടെ..അവരുടെ വിജയം,അവരുടെ സ്വാതന്ത്ര്യം,അവരുടെ വിലപ്പെട്ടവരുടെ ജീവന്റെ കണക്കു തീര്‍ക്കല്‍ ..!!


*                  **                  **                  **            **                                 


സീന്‍ - 2 

ചെറുതെങ്കിലും മനോഹരമായ ഒരു വീടിന്റെ മുറ്റത്ത്‌ ഓടിക്കളിക്കുന്ന രിഹാനും അവന്റെ പെങ്ങന്മാരും.മുന്‍വശത്തെ ഗേറ്റ് തുറന്നു വരുന്ന പിതാവിനെ കണ്ടു കളി നിര്‍ത്തി രിഹാന്‍ അങ്ങോട്ടേക്ക് ഓടി.

"അബ്ബാ ഇത് നമ്മുടെ വീടാണോ ? ജനിച്ചു വളര്‍ന്ന ഗ്രാമത്തില്‍ പോലും നമ്മുടെ സ്വന്തം വീട് ഇത്ര മനോഹരമായിരുന്നില്ലല്ലോ ? " കൊച്ചു രിഹാന്‍ അത്ഭുതത്തോടെ തന്റെ പിതാവിനെ നോക്കി.

"രിഹാന്‍ ..ഇത് നിന്റെ വീടാണ്...നിനക്കറിയില്ലേ മോനെ ഇദ്രിസ് രാജാവല്ല ഈ നാടിപ്പോള്‍ ഭരിക്കുന്നത്‌...പോരാളിയായ വീരനായ കരുത്തനും കാരുണ്യവാനുമായ മുഅമ്മര്‍ ഗദ്ദാഫിയാണ്.ലിബിയയിലെ ഓരോ പൌരനും സ്വന്തം വീട് കിട്ടിയതിനു ശേഷമേ തനിക്കു  ഒരു വീട് ഉണ്ടാകു എന്ന് പ്രഖ്യാപിച്ച മഹാനായ മുഅമ്മര്‍....ആ കാരുണ്യം തന്ന സമ്മാനമാണ് നമ്മുക്ക് ഈ വീട് " ഓടി വന്ന രിഹാനെ രണ്ടു കൈകളില്‍ എടുത്തുയര്‍ത്തി അവന്റെ നെറ്റിയില്‍ ഒരുമ്മ കൊടുത്തു കൊണ്ട് അയാള്‍ പറഞ്ഞു .

*                  **                  **                  **                                         



സീന്‍ - 3
മണല്‍ക്കാറ്റ്  ഉയര്‍ത്തി വിട്ട പൊടിപടലങ്ങള്‍ നിറഞ്ഞ അന്തരീക്ഷം,സ്കൂള്‍ വിട്ടു ആളൊഴിഞ്ഞ ഒരു ഗല്ലിയില്‍ കൂടി കൂട്ടുകാരോടൊപ്പം നടന്നു വരുന്ന രിഹാന്‍.



പെട്ടെന്ന് അവിടെ കുറെ പട്ടാളവണ്ടികള്‍ എത്തുന്നു..അതില്‍ നിന്നും ഒരു സംഘം പട്ടാളക്കാര്‍ തോക്കുകളുമായി ഇറങ്ങി നിരന്നു. മുറ്റം നിറയെ ബോഗെന്‍ വില്ല പൂക്കള്‍ വളര്‍ന്നു നില്‍ക്കുന്ന പിങ്ക് കളര്‍ പെയിന്റ് അടിച്ച പഴയ ഒരു വീടാണ് അവരുടെ ലക്‌ഷ്യം.രിഹാനെയും  കൂടെയുള്ളവരെയും ഒരു പട്ടാളക്കാരന്‍ അടുത്ത ഒരു വീടിന്റെ ഗേറ്റ് തുറന്നു അകത്തേക്ക് മാറ്റി നിറുത്തി.


നിമിഷങ്ങള്‍ കൊണ്ട് ആ വീട് വളഞ്ഞ പട്ടാളക്കാര്‍ വാതില്‍ വെടി വച്ച് തകര്‍ത്തു അകത്തേക്ക് കയറി..അവിടുന്ന് രണ്ടു യുവാക്കളെ വലിച്ചു തൂക്കി എടുത്തു പുറത്തേയ്ക്ക് എറിഞ്ഞു..തോക്കിന്റെ ബാരല്‍ കൊണ്ട് അവരുടെ പുറത്തു ഇടിക്കുന്നുണ്ട്‌..! കൈകള്‍ ബന്ധിച്ച രീതിയില്‍ മുട്ടില്‍ ഇരുന്ന ആ ചെറുപ്പക്കാരുടെ ചുറ്റും പട്ടാളക്കാര്‍ തോക്കുകളുമായി വളഞ്ഞു നിന്നു.! വീടിനകത്ത് നിന്നും സ്ത്രീകളുടെ നിലവിളിയും കരച്ചിലും കേള്‍ക്കുന്നുണ്ട്..! രണ്ടു യുവാക്കളെയും വണ്ടിയില്‍ കയറ്റി ആ പട്ടാള സംഘം അവിടുന്നു നീങ്ങി.


പേടിച്ചരണ്ട രിഹാനും കൂട്ടുകാരും അവിടുന്ന് ഓടി മറയുന്നു.


*                  **                  **                  **                  **    
              

സീന്‍ - 4


നഗരത്തിലെ സുപ്രധാനമായ മാര്‍ക്കറ്റ്‌  വെള്ളിയാഴ്ച ആയതിനാല്‍ ഒരുപാട് ആളുകളുണ്ട് അവിടെ.മാര്‍ക്കറ്റ്നു ചേര്‍ന്ന മൈതാനത്തിന്റെ നടുക്ക് ഒരു ഇരുമ്പ് കൂട്ടില്‍ മൃതപ്രായരായ രണ്ടു യുവാക്കളുടെ ശരീരങ്ങള്‍..കൂടെ രണ്ടു കഴുകന്മാരും..ഇരുമ്പഴികള്‍ക്കുള്ളില്‍ ആ കഴുകന്മാര്‍ യുവാക്കളെ കൊത്തി വലിക്കുന്നുണ്ട്..ഓരോ കൊത്തിനും മരിക്കാത്ത ആ ശരീരങ്ങളില്‍ നിന്നും പ്രാവിന്റെ കുറുകല്‍ പോലെ ഒരു ശബ്ദം ഉയരുന്നുണ്ട്.കണ്ണും മൂക്കും ചെവികളും ആ കഴുകന്മാര്‍ അപ്പോള്‍ തന്നെ അകത്താക്കിയിരുന്നു..ഉള്ളതില്‍ വലുപ്പമുള്ള  കഴുകന്‍ ഒരാളുടെ വയറു കൊത്തി പറിച്ചു അതിനുള്ളില്‍ നിന്നും വന്‍കുടലും ചെറുകുടലും വലിച്ചു പുറത്തേക്കിട്ടു തിന്നുകയാണ്..! നീണ്ടു വളഞ്ഞ കൊക്കുകളില്‍ ചോരയും മാംസക്കട്ടകളുമായി ഭീകരരൂപികളായ ആ പക്ഷികള്‍ ആര്‍ത്തിയോടെ വീണ്ടും ആഞ്ഞു കൊത്തുന്നു !



അവിടെ കൂടി നില്‍ക്കുന്ന പലരുടെയും കൈകളില്‍ പട്ടാളത്തിന്റെ മുദ്രയുള്ള ലഖുലേഖയുണ്ട് .!


"നാളെ നിങ്ങളില്‍ ഒരാളാകരുത് ഈ ഇരുമ്പഴിക്കുള്ളില്‍.ഈ രാജ്യത്തിന്റെ പരമാധികാരം മഹാനായ മുഅമ്മര്‍ ഗദ്ദാഫിയുടെ കൈകളില്‍ മാത്രമാണ്..നിങ്ങളില്‍ ആര്‍ക്കും ആ വാക്കുകളെ എതിര്‍ക്കാനോ അദ്ധേഹത്തിന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്യാനോ അവകാശമോ അധികാരമോ ഇല്ല..മുഅമ്മര്‍ ഒരിക്കലും തെറ്റുകള്‍ ചെയ്യില്ല അഥവാ ചെയ്താലും അതില്‍ ഒരു ശരി കണ്ടെത്തുക എന്നതിലുപരി അത് തെറ്റ് ആണെന്ന് പറഞ്ഞു പ്രചരിപ്പിച്ചതാണ് ഈ രണ്ടുപേര്‍ ചെയ്ത തെറ്റ്..രാജ്യ ദ്രോഹികളായ ഇവര്‍ക്ക് ഇതിനപ്പുറം ഒരു ശിക്ഷ വിധിക്കാനില്ല...ലിബിയ വിജയിക്കട്ടെ , മുഅമ്മര്‍ വാഴട്ടെ"


അവിടുന്ന് ഓരോരുത്തരായി പിരിഞ്ഞു പോയി..ഇരുമ്പ്കൂടും കഴുകന്മാരും രണ്ടു ചെറുപ്പക്കാരുടെ പാതി ജീവന്‍ തൊണ്ടയില്‍ തടഞ്ഞ കുറുകലും മാത്രം ബാക്കിയായി.





*                  **                  **                  **                  **             




സീന്‍ - 5



ലിബിയന്‍ യൂണിവേഴ്സിറ്റി കാന്റീന്‍നു പുറകിലുള്ള ഒഴിഞ്ഞ മൂലയില്‍ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ ഒരു ചര്‍ച്ചയിലാണ് കൂട്ടത്തില്‍ രിഹാനും അവനോടൊപ്പം ആത്മസുഹുര്‍ത്ത് അമദു അല്‍ അബ്ഗാരിയും ഉണ്ട്.


"അമദു ..എന്തൊക്കെയാണ് പറയുന്നതെന്ന് വ്യക്തമായി മനസ്സിലാക്കിയിട്ടാണോ നിന്റെ ഈ പ്രസംഗം ? ഇതൊരു ഏകാധിപതി ഭരിക്കുന്ന രാജ്യമാണ് അദ്ദേഹം നിര്‍മിച്ചതാണ് പച്ച പുസ്തകം എന്നറിയപ്പെടുന്ന ഇവിടുത്തെ നിയമ സംഹിത അതില്‍ അനുവദിച്ചിട്ടുള്ള സ്വാതന്ത്യം മാത്രമാണ് നമുക്കുള്ളത് .! ചോദ്യം ചെയ്യാനോ അതിനപ്പുറം ആഗ്രഹിക്കാനോ എനിക്കും നിനക്കും ഇവിടെ ജീവിക്കുന്ന ആര്‍ക്കും അവകാശമില്ല..ഇപ്പോള്‍ ഇവിടെ നീ പറയുന്ന കാര്യങ്ങള്‍ ദേശദ്രോഹത്തില്‍ പെടുന്നതാണ്..അത് കൊണ്ട് നമ്മുക്ക് ഇതിവിടെ നിര്‍ത്താം അതാണ്‌ നല്ലത് ..! " ശബ്ദം പരമാവധി താഴ്ത്തി പതിഞ്ഞ സ്വരത്തില്‍ രിഹന്‍ പറഞ്ഞു.



"ഒരിക്കലും ഇല്ല രിഹാന്‍ ..ഞാന്‍ ആഗ്രഹിക്കുന്നത് സ്വാതന്ത്ര്യമാണ്..മനുഷ്യന്‍ എന്ന നിലയില്‍ ജീവിക്കാനുള്ള സ്വാത്രന്ത്ര്യം. ഈ ഭൂമിയില്‍ ജനിച്ചു വീണപ്പോള്‍ ആരൊക്കെയോ എന്റെ മേല്‍ അടിച്ചേല്പിക്കപ്പെട്ട ഒരു മതത്തിന്റെ ചട്ടക്കൂടിലും , സര്‍ക്കസ് കൂടാരത്തിലെ മൃഗങ്ങളെ പോലെ ജനങ്ങളെ മെരുക്കി ഭരിക്കുന്ന നൊസ്സ് പിടിച്ച ഒരു ഭരണാധികാരിക്കും തീറെഴുതി കൊടുക്കാനുള്ളതല്ല എന്റെ സ്വാതന്ത്ര്യം.. അതെന്റെ അവകാശമാണ്..എന്നെ പോലെ ഈ ലോകത്തേക്ക് വന്ന നിന്റെ അവകാശമാണ് ഇവിടെ കൂടിയിരിക്കുന്ന ഓരോരുത്തരുടെയും അവകാശമാണ്..! എന്തിന്റെ പേരിലായാലും അത് വേണ്ട എന്ന് വച്ച് ആരെയെങ്കിലുമൊക്കെ പേടിച്ചു ഭീരുവായി ജീവിക്കാന്‍ ഞാനില്ല.നിങ്ങളില്‍ ആര്‍ക്കെങ്കിലും ഞാന്‍ പറഞ്ഞത് അതിന്റെ അര്‍ത്ഥത്തില്‍ മനസ്സിലായെങ്കില്‍ അവര്‍ക്ക് എന്റെ ഒപ്പം നില്‍ക്കാം ..! നമ്മുടെ രാജ്യം ജനാധിപത്യത്തിന്റെ സൌന്ദര്യവും നമ്മള്‍ ഓരോരുത്തരും സ്വാതന്ത്ര്യത്തിന്റെ സുഗന്ധവും അനുഭവിക്കുന്നതും കാണാം.." അമദു ആവേശംപൂണ്ടു ശബ്ദം ഉയര്‍ത്തുകയാണ് .!


രിഹാന്‍ ചുറ്റുപാടും ഭീതിയോടെ ഒന്നുനോക്കി ..കൂടെ ഉണ്ടായിരുന്നവര്‍ അമദുവിനെ തന്നെ ശ്രദ്ധിച്ചിരിക്കുകയാണ് ..!

*                  **                  **                  **                                         


അടുത്ത സീന്‍ എഴുതാന്‍ എനിക്ക് മദ്യം ഇല്ലാതെ പറ്റില്ല..അത് എഴുതാന്‍ കഴിയുമെന്നു എനിക്ക് ഉറപ്പുമില്ല..ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ വിഷമം അനുഭവിച്ച ആ നശിച്ച ദിവസങ്ങള്‍ എങ്ങനെയാണു എഴുതുക ?..മദ്യം വെള്ളം ഒഴിക്കാതെ ഒന്നോടെ ഉള്ളിലേക്ക് കമിഴ്ത്തുമ്പോള്‍ ഇറങ്ങുന്ന ഭാഗമൊക്കെ തീക്കനല്‍ കോരി ഇടുന്ന പോലെ..തനിക്കു വേണം ഈ ചൂട് .അതെ എന്റെ ഉള്ളിലെ അണയ്ക്കാന്‍ കഴിയാത്ത തീ ഈ ചൂടില്‍ വീണ്ടും ആളിക്കത്തട്ടെ !  

*                  **                  **                  **          **                                   


സീന്‍ - 6


യൂണിവേഴ്സിറ്റി ലൈബ്രറി യുടെ മുന്നില്‍ കൂടി നില്‍ക്കുന്ന പേടിച്ചരണ്ട മുഖങ്ങള്‍..പലരും വിറയ്ക്കുന്നുണ്ട്..! വളരെ പ്രയാസപ്പെട്ടു ഉന്തി തള്ളി രിഹാന്‍ ആ കൂട്ടത്തിനു മുന്നിലേക്ക്‌ എത്തി.അങ്ങോട്ട്‌ ഒന്നേ നോക്കിയുള്ളൂ  അവന്‍ അവിടെ തന്നെ കുഴഞ്ഞു വീണു.

ഉയരമുള്ള ലൈബ്രറി ഹാളിന്റെ ഉത്തരത്തില്‍ തൂങ്ങി ആടുന്ന അമദുവിന്റെ ചേതനയറ്റ ശരീരം ..!! വല്ലാണ്ട് വികൃതമാക്കിയിരുന്നു ആ ശവശരീരം..! മനോഹരമായിരുന്ന അവന്റെ കണ്ണുകളുണ്ടായിരുന്നിടത് ചോര കട്ടപിടിച്ച രണ്ടു കുഴികള്‍.!നാവു മുറിച്ചു കളഞ്ഞത് പോലെ വായില്‍ നിന്നും ചോര പുറത്തേക്ക ഒഴുകി ഉണങ്ങിപ്പിടിച്ചിരുന്നു.! കയ്യും കാലും ചോരക്കട്ടകളായി !പക്ഷെ എപ്പോഴുമെന്നപോലെ ഒരു പോരാളിയുടെ ഭാവത്തില്‍ ആ വലതു മുഷ്ട്ടി അവന്‍ ചുരുട്ടി തന്നെ പിടിച്ചിരുന്നു..

അടുത്ത ഏഴു ദിവസം ആ ശരീരം അവിടെ തൂങ്ങിക്കിടന്നു ..! ദേശദ്രോഹിക്കു ഭരണകൂടം നല്‍കിയ ശിക്ഷ മറ്റുള്ളവരെ കൂടി അറിയിക്കണമല്ലോ ? ഇനി ഇത് പോലെ ഒരാള്‍ ഭരണകൂടത്തിനു നേരെ നാവുയര്‍ത്തരുത് എന്നതിന്റെ മുന്നറിയിപ്പ് !!

*                  **                  **                  **                                         


സീന്‍ - 7


ലണ്ടനിലെ പ്രസിദ്ധമായ സണ്‍സ്ട്രിപ് ബാര്‍ . കൌണ്ടര്‍ലെ ഉയര്‍ന്ന കസേരയില്‍ കയ്യില്‍ ഒരു ഗ്ലാസ്‌ മെക്സികന്‍ റമ്മുമായി രിഹാന്‍ കൂടെ ജര്‍മന്‍ സുന്ദരി ഇസാനയും. ഡാന്‍സ് ഫ്ലോറില്‍ സ്ട്രിപ് നര്‍ത്തകിയുടെ അഭ്യാസങ്ങള്‍ കണ്ടിരിക്കെ രിഹാന്‍ തന്റെ കാമുകിയുടെ ചുണ്ടുകളില്‍ ചുംബിക്കുന്നു..വസ്ത്രം ഓരോന്നായി അഴിചെറിഞ്ഞ ഡാന്‍സര്‍ രിഹാനെ തന്നോടൊപ്പം ഡാന്‍സ് ചെയ്യാന്‍ ക്ഷണിക്കുന്നു...!


ബാറിലെ ചുവന്ന ബള്‍ബുകള്‍ക്കിടയില്‍ നിറഞ്ഞു നില്‍ക്കുന്ന സിഗരറ്റ് പുകയും കാതടപ്പിക്കുന്ന സംഗീതവും പേരിനു ഒരു നൂല്‍വസ്ത്രം മാത്രം ധരിച്ച ആ നര്‍ത്തകിയും അവിടെ കൂടിയിരുന്നവരില്‍ നിറച്ചത് കാമത്തിന്റെയും ലഹരിയുടെയും കൂട്ടികുഴച്ച അനുഭൂതി.

നെഞ്ചില്‍ പറ്റി ചേര്‍ന്ന് ഉറങ്ങുന്ന ഇസാനയെയും ബാര്‍ നര്‍ത്തകിയെയും ഉണര്‍ത്താതെ ഒരു സിഗരെട്ടിനു തീ പകരുമ്പോള്‍ രിഹാന്‍ മനസ്സില്‍ പറഞ്ഞു ..ഇതാണ് ജീവിതം ..സുഖഭോഗങ്ങള്‍ നിറഞ്ഞ ഈ ജീവിതം എവിടെ എന്റെ നശിച്ച നാട്ടിലെ അടിച്ചമര്‍ത്തപ്പെട്ട വികാരവുമായി പേടിച്ചു ജീവിക്കുന്ന ജീവിതം എവിടെ?

*                  **                  **                **                                            


അമദു, എന്റെ പ്രിയപ്പെട്ട സുഹുര്‍ത്ത്..കേവലം സുഹുര്‍ത്ത് എന്നാ വക്കില്‍ ഒതുക്കാന്‍ ഞാന്‍  ആഗ്രഹിക്കുന്നില്ല അതിലധികം ആരൊക്കെയോ ആണവന്‍ .ഓര്‍മ്മ വച്ച കാലം മുതല്‍ ഞങ്ങള്‍ പഠിച്ചതും കളിച്ചതും വളര്‍ന്നതും ഒരുമിച്ച് ..എന്ത് കാര്യത്തിനും സ്വതന്ത്രമായ ഒരു അഭിപ്രായം അവനുണ്ടായിരുന്നു.പലപ്പോഴും അവന്റെ വാക്കുകള്‍ കേട്ടിരിക്കുമ്പോള്‍ അതിശയം തോന്നിയിട്ടുണ്ട്...വായന പ്രിയപ്പെട്ട വിനോദം ആയതു കൊണ്ടാകാം അവനില്‍ ഒരു തത്വഞാനിയെ അല്ലെങ്കില്‍ ഒരു വിപ്ലവകാരിയെ കാണാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട് .അവനു ഒരുപാട് ഇഷ്ടമായിരുന്നു ആര്‍ഷിയയെ.ആരും കാണാതെ അവള്‍ക്കു കൈമാറാന്‍ സൂക്ഷിച്ചിരിക്കുന്ന പ്രണയലേഖനങ്ങള്‍ പോലും അവന്‍ ആദ്യം വായിച്ചു കേള്‍പ്പിചിരുന്നത് എന്നെയായിരുന്നു.അമദു എന്റെ മനസ്സാണോ അതോ ഞാന്‍ അവന്റെ മനസ്സാണോ എന്നെനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്..എന്തായാലും ഞങ്ങള്‍ പരസ്പരം അറിയാത്ത ഒന്നും ജീവിതത്തില്‍ ഉണ്ടായിരുന്നില്ല..!

എന്തായിരുന്നു എന്റെ അമദു ചെയ്ത തെറ്റ് ? സ്വാതന്ത്ര്യം ആഗ്രഹിച്ചതോ ? ദൈവം സര്‍വസ്വത്രന്ത്രനായിട്ടല്ലേ അവനെ ഈ ഭൂമിയില്‍ സൃഷ്ടിച്ചത് ? അവനു കൈകാലുകളും കണ്ണുകളും ബുദ്ധിയും കൊടുത്തത് ആ ദൈവം തന്നെ അല്ലെ? സ്വതന്ത്രനാകുക എന്നതില്‍ എന്താണ് തെറ്റ് ? എത്ര കഴിവുള്ളവനായിരുന്നു അവന്‍ ? ഇത്രയധികം ക്രൂരത കാണിക്കാന്‍ എന്താണ് അവന്‍ ചെയ്ത അപരാധം ? അവിടെ തുടങ്ങിയതാണ്‌ എന്റെ പക..മനസ്സില്‍ നിന്നും ഒരിക്കലും ഞാന്‍ മറന്നില്ല ആ രംഗം..പകയുടെ ചൂട് കൂട്ടാന്‍ എനിക്ക് അത് എന്നും ഓര്‍ക്കണമായിരുന്നു .എന്റെ അമദുവിന്റെ ചൂഴ്ന്നെടുത്ത കണ്ണുകള്‍ അതെവിടെയാകും ആ ദുഷ്ട്ടന്മാര്‍ ഉപേക്ഷിചിട്ടുണ്ടാകുക ?!!

ഇന്നലത്തെ ദിവസം എനിക്ക് സന്തോഷത്തിന്റെതാണ് ..ലോകത്തെ ഏറ്റവും സന്തോഷവാന്മാരില്‍ ഒരാള്‍ ആണ് ഞാന്‍..അമദുവിന്റെ കൊലയ്ക്കു ഞാന്‍ കണക്കു വീട്ടി...! അവനെപ്പോലെ ആയിരം പേരുടെ ജീവന് കണക്കു ഞങ്ങള്‍ വീട്ടി ..! പേപ്പട്ടിയെ കൊല്ലുന്നത്  പോലെ ഞങ്ങള്‍ അവനെ തല്ലിക്കൊന്നു ..ക്രൂരതയുടെ പര്യായമായി ലോകം മുഴുവന്‍ വെറുക്കുന്ന , ഞങ്ങളുടെ രാജ്യം നാല്‍പ്പതു വര്‍ഷം അടക്കി ഭരിച്ച ആ കാട്ടുപന്നിയെ !! നാറുന്ന ഓടയില്‍ ഒളിച്ചിരുന്ന അവനെ പുറത്തെടുത്തു മണ്ണില്‍ കൂടി ഞങ്ങള്‍ വലിച്ചിഴച്ചു ..! കയ്യില്‍ കരുതിയിരുന്ന അമദുവിന്റെ ചപ്പല്‍ കൊണ്ടാണ് ഞാന്‍ അവനെ തല്ലിയത് , പ്രായത്തിന്റെ ചുളിവുകള്‍ പുറംലോകം അറിയാണ്ടിരിക്കാന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തു സുന്ദരമാക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട അവന്റെ വികൃത മുഖത്ത് എന്റെ നാറുന്ന കഫം ആഞ്ഞാഞ്ഞു തുപ്പി. ഉന്മാദത്തിലായിരുന്നു ഞങ്ങള്‍ ..അമദുവിന്റെ കണ്ണുകള്‍ ചൂഴ്ന്ന പോലെ അവന്റെ ആ വൃത്തികെട്ട കണ്ണുകള്‍ ചൂഴ്ന്നെടുത്ത്‌ ആ കുഴികളില്‍  മണ്ണ് വാരിയിടണം എന്ന് ഞാന്‍ ആഗ്രഹിച്ചതാണ്‌ അത് നടന്നില്ല..! അവന്റെ ഒളിത്താവളത്തെ കുറിച്ച് വിവരം തന്ന നാറ്റോ കമ്മാണ്ടര്‍ ആവശ്യപ്പെട്ടത് ജീവനോടെ പിടിച്ചു കൈമാറാനായിരുന്നു..ഒരിക്കലും അവന്‍ ജീവിക്കാന്‍ അര്‍ഹനേയല്ല ഏതേലും വിചാരണകോടതി അവനു നല്‍കിയെക്കാവുന്ന തൂക്കിക്കൊല എന്ന ശിക്ഷ അവനെ സംബന്ധിച്ചിടത്തോളം വെറും ചെറിയ ശിക്ഷയാകും ..പട്ടിയെപ്പോലെയാണ് അവന്‍ ചാവാനുള്ളത് ..പേ പിടിച്ച പുഴുത്ത പട്ടിയെ പോലെ ..! അവന്റെ കണ്ണുകളില്‍ ഉരുണ്ടു കൂടിയ ഭയം , ആയിരക്കണക്കിന് അമദുമാര്‍ക്ക് ക്രൂരമായ മരണം വിധിച്ചവന്‍ ഭീരുവിനെ പോലെ അവസാനം പറഞ്ഞ ആ വാക്കുകള്‍  " എന്നെ വെടി വക്കരുത് " എന്ന യാചന ..ഒരു തരത്തിലും എന്നില്‍ ഒരു ദയനീയതയും തോന്നിച്ചില്ല ..! ആ തലയില്‍ ആദ്യം വെടി ഉതിര്‍ത്തത് ഞാന്‍ തന്നെ.വെടിയുണ്ട കൊണ്ട് കുഴിഞ്ഞ തലയില്‍  കൂടെ ഉള്ളവര്‍ തൊഴിച്ചു ..! എന്റെ റിവോള്‍വര്‍ അഞ്ചു പ്രാവശ്യം പൊട്ടിച്ചു അവന്റെ തലയില്‍ ..ബാക്കി വന്ന ഒരു വെടിയുണ്ട അമദുവിനു വേണ്ടി നേടിയ വിജയത്തിന്റെ സൂചനയായി ആകാശത്തേക്കും പൊട്ടിച്ചു ..!

അടുത്ത സീന്‍ ഈ കൊലയുടെ തന്നെ ആകട്ടെ..സീന്‍ എട്ടു എഴുതാന്‍ എനിക്ക് മദ്യത്തിന്റെ ലഹരി വേണ്ടി പേന പേപ്പറില്‍ കാണിച്ചാല്‍ തലച്ചോറിന്റെ സിഗ്നല്സ് പോലും വേണ്ടാതെ എന്റെ കൈ അത് സ്വയം എഴുതും അത്രയ്ക്കുണ്ട് ആവേശം.

രിഹാന്‍ പേന എടുത്തു എഴുതാന്‍ തയ്യാറായി .അപ്പോഴാണ്‌ വാതിലില്‍ ആരോ മുട്ടുന്നത് കേട്ടത്  ? പേന താഴ്ത്തി വച്ച് സുഷിരത്തില്‍ കൂടി രിഹാന്‍ പുറത്തേക്കു നോക്കി .."അബ്ബ ..ഹോ എത്ര നാളായി എന്റെ അബ്ബയെ കണ്ടിട്ട്"..രിഹാന്‍ വേഗം വാതില്‍ തുറന്നു.
"അബ്ബാ ..അസ്സലാമു അലൈക്കും ..ഞാന്‍ വീട്ടിലേക്കു വരാന്‍ തുടങ്ങിയതായിരുന്നു..അമ്മി എവിടെയാണ് ? വീട്ടില്‍ എല്ലാര്‍ക്കും സുഖമാണോ"രിഹാന്‍ സന്തോഷത്തോടുകൂടി ആ വൃദ്ധനായ മനുഷ്യനെ കെട്ടിപ്പിടിച്ചു.
 "വാ അലൈക്കും അസ്സലാം ,സുഖമാണോ മോനെ?..നീ എന്നെ കാണാതെ വിഷമിച്ചത് പോലെ ഞാന്‍ നിന്നെയും മറ്റു മക്കളെയും കാണാതെ വിഷമിച്ചിരിക്കുവായിരുന്നു..നിന്റെ മുഖത്ത് പതിവില്ലാതെ സന്തോഷം കാണുന്നുണ്ടല്ലോ ? പുറത്തെ ആഘോഷങ്ങളില്‍ പങ്കാളിയാകുന്നില്ലേ നീ?"
"ഇല്ല അബ്ബ ..അബ്ബയുടെ പ്രിയപ്പെട്ട മുഅമ്മറിന്റെ മരണം ഞാന്‍ ആഘോഷിക്കാനോ ? അതൊരിക്കലും ഉണ്ടാകില്ല ..ഞാന്‍ അത് ആഗ്രഹിക്കുന്നില്ല.." വളരെ പണിപ്പെടേണ്ടി വന്നു രിഹാനു അത്രയും പറയാന്‍.
"രിഹാന്‍ ..നിന്റെ പുരികങ്ങള്‍ വിറയ്ക്കുന്നുണ്ട്..പണ്ടും എന്നോട് കള്ളം പറയുമ്പോള്‍ നിന്റെ പുരികങ്ങള്‍ വിറക്കുമായിരുന്നു".ഉറക്കെ ചിരിച്ചുകൊണ്ട് ആ പിതാവ് പറഞ്ഞു.
കള്ളം പിടിക്കപ്പെട്ടു..അബ്ബയുടെ മുന്നില്‍ തന്റെ കള്ളങ്ങള്‍ വിലപ്പോകില്ല എന്ന് നന്നായി അറിയുന്ന രിഹാന്‍ കൂടുതല്‍ തര്‍ക്കത്തിന് മുതിരാതെ  തല താഴ്ത്തി നിന്നതെ ഉള്ളൂ.

"എന്തിനായിരുന്നു നിങ്ങള്‍ടെ ഈ പ്രതിഷേധം? എന്തിനാണ് നിങ്ങള്‍ ഈ ഭരണകൂടം മറിച്ചിടാന്‍ ഇത്ര ആവേശം കാണിച്ചത് ? രിഹാന്‍ നീ ഒന്നോര്‍ക്കണം..നിന്റെ ശരീരത്തില്‍ ഒഴുകുന്ന ഓരോ ചോരത്തുള്ളിയിലും മുഅമ്മറിന്റെ കാരുണ്യത്തിന്റെ അംശമുണ്ട് ..!" വൃദ്ധന്‍ കയ്യ് രണ്ടും തന്റെ കോട്ടിന്റെ പോക്കെറ്റില്‍ തിരുകികൊണ്ട് പറഞ്ഞു.

"ഹും , കാരുണ്യം !!..അബ്ബയ്ക്ക് എന്തറിയാം ?..ക്രൂരനാണയാള്‍ , മനുഷ്യരക്തം കുടിക്കുന്ന ചെന്നായ ..അബ്ബ അയാളുടെ ഒരു മുഖം മാത്രമാണ് കാണുന്നത്. ഏകാധിപതികള്‍ മരിക്കുന്നില്ല ജനങ്ങള്‍ അവരെ ക്രൂരമായി കൊല ചെയ്യുകയാണ് ചെയ്യുന്നത് ആ ചരിത്രം ഇവിടെയും ആവര്‍ത്തിക്കപ്പെട്ടു അത്ര തന്നെ "ഉള്ളിലെ രോഷം ഒട്ടും തന്നെ  മറച്ചു വക്കാതെ പല്ലുകള്‍ഇറുമ്മി കൊണ്ട് രിഹാന്‍ പറഞ്ഞു.


"രിഹാന്‍  , നീ മുഅമ്മറിനെ നോക്കി കണ്ടത് പകയുടെ ചുവന്ന കണ്ണുകളില്‍ കൂടി മാത്രമായിരുന്നില്ലേ ? മറ്റൊരു വശം നീ ആലോചിച്ചിട്ടുണ്ടോ? ഇദ്രിസ് രാജാവ് ഭരിച്ചിരുന്ന ലിബിയയും മുഅമ്മര്‍ ഭരിച്ചിരുന്ന ലിബിയയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ നിനക്ക് കഴിയില്ല പക്ഷെ ഈ രണ്ടു കാലഘട്ടത്തിലും ജീവിച്ചിരുന്ന എനിക്ക് കഴിയും" ഒന്ന് നിര്‍ത്തി രിഹാന്റെ മുന്നിലേക്ക്‌ വന്നു കൊണ്ട് അയാള്‍ തുടര്‍ന്നു.

"ഓര്‍ക്കുന്നുണ്ടോ ഈ രാജ്യത്ത് നീ എങ്ങനെയാണ് ജീവിച്ചിരുന്നതെന്ന്..നിന്റെ ജീവിതം കൂട്ടുകാരായ ഇന്ത്യക്കാരുടെയും ജര്‍മ്മന്‍കാരുടെയും ഇംഗ്ലണ്ട്കാരുടെയും രാജ്യങ്ങളിലെ ജീവിതവുമായി താരതമ്യം ചെയ്തിട്ടുണ്ടോ ? എന്തൊക്കയാണ് നീയും ഞാനും ഉള്‍പ്പടെ  ലിബിയക്കാര്‍ അനുഭവിച്ചിരുന്ന സുഖസൗകര്യങ്ങള്‍ എന്ന് എപ്പോഴെങ്കിലും ഒരു ചിന്ത നിന്റെ മനസ്സില്‍ പോയിട്ടുണ്ടോ ? കരണ്ട് ബില്ല് എന്താണെന് നീ കണ്ടിട്ടുണ്ടോ ഇതുവരെ ? ഓരോ രാജ്യത്തും വൈദുതി ഒരു അമൂല്യ വസ്തു ആയിമാത്രം വിതരണം ചെയ്യുമ്പോള്‍ തന്റെ ജനങ്ങള്‍ക്ക് അത് സൌജന്യമായല്ലേ മുഅമ്മര്‍ നല്‍കിയത് ? ബാങ്ക് ലോണിനു പലിശ എന്ന ഒരു സംവിധാനം ഉള്ളത് നിനക്കറിയോ?? നീ എടുത്ത ഏതേലും ലോണിനു അങ്ങനെ ഒരു സംവിധാനം ഇവിടെ കണ്ടിട്ടുണ്ടോ ? സ്വന്തമായി വീടോ വാഹനമോ ഇല്ലാത്ത ഒരു ലിബിയന്‍ പൌരനെ നീ അറിയുമോ ? വിദ്യാഭ്യാസത്തിനോ ആശുപത്രി ചികില്സയ്ക്കോ ഒരു ചില്ലിക്കാശ് നീ ഇവിടെ ചിലവാക്കിയിട്ടുണ്ടോ ? വിദേശത്ത് പോയി പഠിക്കാന്‍ നിനക്ക് കിട്ടിയ പണം എവിടുന്നാണ് ? സര്‍ക്കാര്‍ മാസാമാസം അനുവദിച്ച  2300 ഡോളര്‍ നീ അവിടെ ചിലവാക്കിയത് പഠനത്തിനു മാത്രം ആയിരുന്നില്ലലോ ? ഒരു ബിരുദധാരിയായി തിരിച്ചെത്തിയ നിനക്ക് ജോലി ഇല്ലാതിരുന്നിട്ടും ജീവിക്കാനായി ഒരു തുക വേതനമായി കിട്ടിയത്  മറന്നോ നീ ? നിന്നെ പോലെ തന്നെ ഈ സുഖം അനുഭവിച്ച ഇന്നത്തെ തലമുറയിലെ ഓരോരുത്തരും ഇതൊക്കെ വേഗം മറന്നു ..! ഈ രാജ്യത്തിലെ എണ്ണസമ്പത്തിന്റെ ഉടമസ്ഥാവകാശം പൊതുമേഖലയില്‍ തന്നെ നിറുത്തി അതില്‍ നിന്നും കിട്ടുന്ന വരുമാനത്തിന്റെ ഒരു പങ്കു നിന്റെയും എന്റെയും ഉള്‍പ്പടെ ഇവിടെയുള്ള ഓരോ പൌരന്റെയും ബാങ്ക് അക്കൌണ്ടില്‍  എത്തുന്നില്ലേ? ഇതൊക്കെ ചെയ്തത് ആരായിരുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ ? ഓരോ ലിബിയക്കാരനും സ്വന്തമായി വീടുണ്ടാകാതെ തനിക്കു സ്വന്തം വീട് വേണ്ട എന്ന് പ്രഖ്യാപിച്ച മുഅമ്മറിന്റെ അബ്ബയും അമ്മിയും മരിച്ചത് ഒരു ടെന്റില്‍ കിടന്നായിരുന്നു എന്നത് നിനക്ക് അറിയാത്ത കാര്യമല്ലല്ലോ ? നീ ഇവിടെ ഭക്ഷിച്ചിരുന്ന റൊട്ടിയുടെ വിലയ്ക്ക്  ലണ്ടനില്‍ ഒരു റൊട്ടി വാങ്ങിയിട്ടുണ്ടോ ?ലണ്ടന്‍ പൌരന്മാര്‍ കൊടുത്തിരുന്ന ടാക്ക്സ് പോലെ ഒരു സംവിധാനം നീ ഇവിടെ കണ്ടിട്ടുണ്ടോ ? ഇതൊക്കെ ആ മനുഷ്യന്റെ കാരുണ്യം അല്ല എന്ന് നിനക്ക് എങ്ങനെ പറയാന്‍ കഴിയും രിഹാന്‍ ?" കിതച്ചു കൊണ്ട് ആ വൃദ്ധന്‍ പറഞ്ഞു നിര്‍ത്തി .

"എനിക്കറിയാം രിഹാന്‍ നിന്റെ മനസ്സിലെ മുറിവ്..അമദുവിന്റെ വേര്‍പാട് നിന്നില്‍ ഉണ്ടാക്കിയ മാനസികാഘാതം നീ അറിയാതെ നിന്നില്‍ ഒരു മൃഗത്തെ കൂടി വളര്‍ത്തി എടുത്തു.എല്ലാ സുഖസൗകര്യങ്ങളും കൊടുത്ത മുഅമ്മര്‍ തന്റെ ജനങ്ങള്‍ ചിന്തിക്കുന്നതും തന്നെപ്പോലെ ആകണമെന്ന് ശഠിച്ചു ..അതിനു എതിര് നിന്നവരെ രാജ്യ തല്പ്പര്യത്തിനാണ് ഇല്ലാതാക്കിയത്..ഏതൊരു രാജ്യത്തും രാജ്യത്തിന്‌ എതിരാകുന്നവര്‍ക്ക് ശിക്ഷ ഇത് തന്നെയാണ്....സത്യസന്ധമായി  പറയാന്‍ കഴിയുമോ നിനക്ക് അമദുവിന്റെ മരണത്തിനു പ്രതികാരമായി മാത്രമാണ് ഇപ്പോള്‍ നീ ഇവിടെ കാണിക്കുന്ന ആഹ്ലാദം എന്നത് "

അയാള്‍ നടന്നു രിഹാന്റെ പുറകിലായി സ്ഥാനമുറപ്പിച്ചു..!


രിഹാന്‍ നിശബ്ദനായിരുന്നു ..ഈ ചോദ്യത്തിനു മറുപടി സത്യസന്ധമായി പറഞ്ഞാല്‍ അബ്ബ പറഞ്ഞതാണ് ശരി ..! പകവീട്ടല്‍  മാത്രമായിരുന്നില്ല എന്റെ ഉള്‍പ്പടെ പലരുടെയും ഉള്ളിലെ ലക്‌ഷ്യം ! ഈ രാജ്യം അടിച്ചമര്‍ത്തിയ വികാരങ്ങള്‍ ..പലതിനോടും അടങ്ങാത്ത  ആസക്തികള്‍.. എന്റെ കാര്യം മാത്രം എടുത്താല്‍ ലണ്ടനില്‍ അനുഭവിച്ച പല തരം സ്ത്രീകളുടെ ഞരമ്പുകളെ ത്രസിപ്പിച്ച ഗന്ധം അതുയര്‍ത്തിയ കാമാസക്തി , മദ്യമെന്ന ലഹരിയോടുള്ള അമിതാസക്തി ഇതൊക്കെ എന്റെ സ്വന്തം നാട്ടിലും സുലഭമായി വേണം എന്ന ആഗ്രഹം ..സ്വതന്ത്രമായി ജീവിക്കാന്‍ ഇനി വിമതരോടൊപ്പം നില്‍ക്കുക എന്ന സ്വാര്‍ഥത പൂണ്ട ജീവിതത്തിനോടുള്ള ആസക്തി ...അബ്ബ ആഗ്രഹിക്കുന്നത് അദ്ധേഹത്തിന്റെ സുഖം എനിക്ക് എന്റെ സുഖം അതെനിക്ക് ഈ നാട്ടിലും വേണമെങ്കില്‍ ഗദ്ദാഫി എന്ന പന്നി ചാകണമായിരുന്നു ..ചിലപ്പോള്‍ ആസക്തികളോടുള്ള പ്രണയം തന്നെയാകും അമദുവിന്റെ മരണത്തിനോടുള്ള പ്രതികാരത്തെക്കാള്‍ മുന്നില്‍ നിന്നതും..!!

കഴുത്തില്‍ തണുപ്പുള്ള ഒരു സ്പര്‍ശം ഓര്‍മകളില്‍ നിന്നും രിഹനെ ഉണര്‍ത്തി..കൈകള്‍ അനങ്ങുന്നുമില്ലല്ലോ ഇതെന്താണ് ??

"അബ്ബാ എന്താണ് ഈ കാണിക്കുന്നത് ഈ കത്തി മാറ്റൂ .എന്റെ കൈകള്‍ സ്വതന്ത്രമാക്കു.".ആ വൃദ്ധന്റെ ഉറപ്പുള്ളതും ബാലിഷ്ട്ടവുമായ കൈകളില്‍ നിന്നും രിഹാന്‍ കുതറിമാറാന്‍ ശ്രമിച്ചു കൊണ്ട് ആക്രോശിച്ചു..

"ഇല്ല രിഹാന്‍ ..നിന്നെ ഈ ട്രിപ്പോളിയിലേക്ക് കൈ പിടിച്ചു ആനയിച്ചത് ഞാനാണ്..എന്റെ പ്രിയപ്പെട്ട മുഅമ്മറിന്റെ അടുക്കലേക്കു..അന്ന് ഞാന്‍ കരുതിയില്ല നീ കൂടി ചേര്‍ന്ന ഒരു സംഘമാകും ആ മനുഷ്യന്റെ അവസാനത്തിനു കാരണമെന്നും..നീ കാണുന്ന മുഅമ്മര്‍ ചെന്നായ ആണെങ്കില്‍ എനിക്ക് അദ്ദേഹം സര്‍വശക്തനായ ദൈവത്തിന്റെ തൊട്ടു താഴെയുള്ള ഇരിപ്പിടങ്ങളില്‍ ഒരു സ്ഥാനത്താണ്..ഈ കൊച്ചു മരുഭൂമിയിലെ ഒരു കുഗ്രാമത്തില്‍ പട്ടിണി കിടന്നു മരിക്കേണ്ടിയിരുന്ന എന്നെ ഞാനാക്കിയ , തെരുവ്തെണ്ടികളായി മരിക്കേണ്ട എന്റെ കുഞ്ഞുങ്ങളെ ഞാനോ അവരോ പ്രതീക്ഷിക്കാത്ത രീതിയില്‍ ഓരോ സ്ഥാനത്ത് എത്തിച്ച , ഇപ്പോള്‍ തിരിഞ്ഞു കൊത്തിയ ഈ നാട്ടുകാര്‍ എന്ന സര്‍പ്പങ്ങളെ എല്ലാ സൌകര്യങ്ങളും കൊടുത്തു തീറ്റിപോറ്റി വളര്‍ത്തിയ സാധുവായ ഭരണാധികാരി..!! ഇന്ന് ലോകം കാണുന്ന ആ മൊബൈല്‍ വീഡിയോയില്‍ അദ്ധേഹത്തെ തുപ്പുന്നവരിലും ആ തലയില്‍ വെടിയുണ്ട തറയ്ക്കുന്നവരിലും ഒരാള്‍ എന്റെ രിഹാന്‍ ആണെന്ന് അറിഞ്ഞപ്പോള്‍..അപ്പോള്‍ തന്നെ ഈ കത്തിയുമായി നിന്നെ കാണാന്‍ വരണമെന്നാണ് ഞാന്‍ ആഗ്രഹിച്ചത്‌..സുഹൃത്തിന്റെ മരണത്തിനു പക തീര്‍ക്കാന്‍ എന്നതിനപ്പുറം നീ നിന്നെ മറന്നു നിന്റെ മതത്തെ മറന്നു പുതുതായി ശീലിച്ച പല ആസക്തികള്‍ക്കും പിന്നാലെ പോയി..! പാശ്ചാത്യ ലോകത്തിന്റെ അപകടകരമായ ജീവിത സുഖങ്ങളില്‍ മതിമറന്ന നീ സ്വന്തം സൌഭാഗ്യങ്ങള്‍ക്കു നേരെ കണ്ണടച്ച് അവരുടെ കയ്യിലെ ഒരു പാവയായി പാല് തന്ന കൈക്ക് തന്നെ കടിച്ചല്ലോ മോനെ ....നിനക്ക് അമദു എനിക്ക് മുഅമ്മര്‍ ..അത്രയും കരുതിയാല്‍ മതി..വിഷമിക്കണ്ട മദ്യം മലിനമാക്കിയ മനസ്സും ശരീരവും കൊണ്ട് അവസാനത്തെ പ്രാര്‍ത്ഥന നീ ചൊല്ലണ്ട നിനക്ക് വേണ്ടി അത് ഞാന്‍ തന്നെ ചെയ്യാം  !!

കഴുത്തിലെ ഞെരമ്പുകള്‍ മുറിച്ചു ആ കത്തി കഴുത്തെല്ല് വരെ എത്തി എന്ന് ഉറപ്പാക്കിയിട്ടെ ആ വൃദ്ധന്‍ രിഹാന്റെ മേല്‍ ഉള്ള പിടി വിട്ടുള്ളൂ...അപ്പോഴും അയാള്‍ മകന് വേണ്ട അവസാന കലിമ ഉരുവിട്ട്കൊണ്ടിരുന്നു..! പുറത്തപ്പോഴും ജനങ്ങള്‍ ആഹ്ലാദത്തിമിര്‍പ്പിലാണ് ..വെടിയൊച്ചകള്‍ മുഴങ്ങുന്നു.. പ്രതികാരത്തിന്റെയും പകയുടെയും ചുവന്നപുലരികള്‍ ഇല്ലാത്ത ഒരു പുതിയ ലിബിയ സ്വപ്നം കാണുന്ന ജനങ്ങളുടെ ആര്‍പ്പുവിളി ആഘോഷം !!!

അവിടെ അവശേഷിച്ച അപൂര്‍ണ്ണമായ ആ രചന ക്രൂരനായ ഏകാധിപതിയെ കൊല ചെയ്ത ഒരു മകന്റെ രക്തത്തിലും ,തന്റെ മതത്തിന്റെയും ജീവനെപ്പോലെ സ്നേഹിച്ച നേതാവിന്റെയും വഴിമാറി സഞ്ചരിച്ച മകനെ കൊല ചെയ്യേണ്ടി വന്ന പിതാവിന്റ രക്തത്തിലും കുതിര്‍ന്നിരുന്നു..!

***************************************************************