2011, മാർച്ച് 27, ഞായറാഴ്‌ച

അവളുടെ പ്രാര്‍ത്ഥനകള്‍...

ഇറുകിയ കണ്ണുകള്‍ വലിച്ചു തുറന്നു...ഈ കവചം പൊട്ടിച്ചു പുറത്തിറങ്ങാന്‍ നേരമായി...ഈ സുന്ദരമായ ലോകം ഞാന്‍ കാണാന്‍ പോകുന്നു..
നിറങ്ങള്‍..പൂക്കള്‍ .കളകളം ഒഴുക്കുന്ന പുഴകള്‍...ആര്‍ത്തലച്ചു ഉല്ലസിക്കുന്ന കടല്‍ത്തിരകള്‍ ..നീലയുടെ മനോഹാരിതയില്‍ വെള്ള പൊട്ടുകള്‍ ഉള്ള ആകാശം..വേഗം എനിക്ക് കൊതിയാകുന്നു ആ ലോകം കണ്ണ് നിറയെ കാണാന്‍ ആസ്വദിക്കാന്‍ ..എന്റെ സൃഷ്ടികര്‍ത്താവ് പോലും അസൂയയോടെ വര്‍ണിച്ച ആ സുന്ദര ഭൂപ്രദേശം കാണാന്‍..

ഇഴഞ്ഞു പുറത്തേക്കു ഇറങ്ങിയ അവള്‍ക്കു സന്തോഷമായി കൂടെ കളിക്കാന്‍ ഒത്തിരി കൂട്ടുകാര്‍...അയ്യേ ഇതാണോ എന്റെയും രൂപം..ഇവറ്റകളെ കാണാന്‍ ഒരു ഭംഗിയും ഇല്ല..ഞാനും ഇങ്ങനെ തന്നെ ആണോ?എന്നോട് പറഞ്ഞത് പല വര്‍ണങ്ങളില്‍ ആണ് എന്റെ സൃഷ്ടി എന്നാ.. എങ്ങനെയാ എന്റെ രൂപം ഒന്ന് കാണുക..ഈ പുറംചട്ടയില്‍ നിന്നും എത്രയും വേഗം പുറത്തിറങ്ങണം..നാഥാ നീ എന്റെ പ്രാര്‍ത്ഥന കേള്‍ക്കില്ലേ..

ഇടയ്ക്ക് ഇടയ്ക്ക് അവള്‍ തന്റെ കറുത്ത കുപ്പായത്തിന്റെ ഭാഗങ്ങള്‍ വെറുപ്പോടെ ഊരി എറിഞ്ഞു ..വളരെ വേദനാജനകം ആണ് ഈ പ്രവൃത്തി എന്നാലും എത്രയും പെട്ടെന്ന് ഈ കുപ്പായം ഉപേക്ഷിക്കണം..മറ്റുള്ള കൂടുകാരെ അനുകരിച്ചു ആ കൊച്ചു ചില്ലയില്‍ തന്നെ സ്വന്തം ഉമിനീര്‍ വലിച്ചു കൊണ്ട് അവള്‍ തന്റെ ശരീരത്തെ അതിലേക്ക് ചേര്‍ത്ത് ഒട്ടിച്ചു ... ശരീരം പരമാവധി ഉലച്ചു കൊണ്ട് അവള്‍ കുപ്പായം ഊരാന്‍ ശ്രമം തുടങ്ങി .ഹോ ഇത് അഴിയുന്നില്ലല്ലോ..എന്തായാലും എനിക്ക് പോകണം ഇതില്‍ നിന്നും..വൃത്തികെട്ട ഈ രൂപം എനിക്ക് വേണ്ട..അഴിഞ്ഞു..ദൈവമേ നിനക്ക് സ്തുതി..

ഇപ്പോള്‍ എനിക്ക് നിറം ഉണ്ടാകുമോ?പുഴയരികിലെ ചാഞ്ഞ ചില്ലയില്‍ തൂങ്ങി കിടന്നു കൊണ്ട് അവള്‍ പുഴയിലേക്ക് നോക്കി..അയ്യേ ഇത് അതിലും വൃത്തികെട്....എന്നാണ് എനിക്ക് ഇതില്‍ നിന്നും ഒരു മോചനം..നീ പറഞ്ഞ ആ മനോഹരമ രൂപം എനിക്ക് വരുമോ എന്റെ നാഥാ..മനസ്സ് മടുത്ത പോലെ അവള്‍ അതില്‍ തന്നെ തൂങ്ങി കിടന്നു..

അന്നവള്‍ക്ക് ഒരു പ്രതെയ്ക അസ്വസ്ഥത തോന്നി ..ശരീരം എന്തോ ആവശ്യപ്പെടുന്നു ..ആകെ വേദനിക്കുന്നല്ല്ലോ..എന്നാലും ശ്രമിക്കാം ചിലപ്പോള് ഈ രൂപം മാറാന്‍ ആണെങ്കിലോ ..എന്റെ നാഥന്‍ എന്റെ പ്രാര്‍ത്ഥന സ്വീകരിച്ചോ? ‍കുറച്ചു നേരത്തെ പരിശ്രമത്തിനു ശേഷം തന്നെ പൊതിഞ്ഞ ആ കുപ്പായം അഴിഞ്ഞു വീണത് അവള്‍ അറിഞ്ഞു...അവള്‍ അമ്പരപ്പോടെ പുഴയിലേക്ക് നോക്കി.....
ആരാണ് അത് ഞാന്‍ ആണോ..പുഴുവിന്റെ രൂപത്തില്‍ വൃത്തികെട്ട നിറത്തില്‍ തൂങ്ങി കിടന്ന ഞാന്‍ ഇപ്പോള്‍ ...ആകാശത്തിന്റെ നിറം അല്ല അതിലും കടുത്തത്‌ ..അതില്‍ മുഴുവന്‍ പൂക്കളുടെ നിറം കുത്ത് കുത്തായി ...തന്റെ സൌന്ദര്യം ആസ്വദിച്ചു അവള്‍ക്കു കൊതി തീര്‍ന്നില്ല..ഇതെന്താ ..ഹായ് എനിക്ക് ചിറകുകളും വന്നല്ലോ....അവള്‍ സന്തോഷം കൊണ്ട് ചിറകുകള്‍ വീശി ..എന്താ ഇത് ഞാന്‍ നീങ്ങി തുടങ്ങി..ഞാന്‍ പറന്നു തുടങ്ങി..എന്റെ നാഥാ നിനക്ക് നന്ദി...ഒരായിരം നന്ദി..പൂക്കളും പുഴകളും..നീലാകാശവും ..നിറങ്ങളും കണ്ടു അവള്‍ ആവോളം തുള്ളികളിച്ചു പാറി നടന്നു...

പൂമ്പൊടിയും തേനും നുകര്‍ന്ന സുഖത്തില്‍ ഒന്ന് മയങ്ങിയതാണ് ..എങ്ങനെ ഞാന്‍ ഇവിടെ എത്തി ..എവിടെ ആണ് ഞാന്‍ ..ഇതെന്താ ഒരു വലയം?എന്നെ ആരാ ഇതിനുള്ളില്‍ അടച്ചിട്ടെ..എനിക്ക് എല്ലാം കാണാം എന്നാലും ഇതില്‍ നിന്നും പുറത്തു കടക്കാന്‍ കഴിയുന്നില്ലല്ലോ...

അടച്ചു മൂടിയ ചില്ല് പാത്രത്തില്‍ കിടന്നു ചിറകിട്ടു അടിച്ചപ്പോള്‍..അവള്‍ ഓര്‍ത്തു..എനിക്ക് ആ പഴയ രൂപം മതിയായിരുന്നു..നാഥാ നീ എന്നെ സുന്ദരി ആക്കി എനിക്ക് ചിറകുകള്‍ തന്നു...ഞാന്‍ ഈ മനോഹര തീരം കാണുന്ന മുന്നേ എന്നെ ഇതിനുള്ളില്‍ എന്റെ സൌന്ദര്യം കണ്ട ആരോ ഇതിനുള്ളില്‍ അകപ്പെടുത്തി ..എനിക്ക് വീണ്ടും ആ പഴയ പുഴുവിന്റെ രൂപത്തിലേക്ക് തിരിച്ചു പോകാന്‍ കഴിയുമോ...കണ്ണുനീരോടെ അവള്‍ കണ്ണടച്ചു

താന്‍ പ്രാര്‍ത്ഥിച്ചത്‌ എല്ലാം നടത്തി തന്ന തന്റെ നാഥന്‍ ഈ പ്രാര്‍ത്ഥനയും കേള്‍ക്കും എന്ന പ്രതീക്ഷയുമായി അവള്‍ കാത്തിരിപ്പു തുടര്‍ന്നു....